|    May 23 Tue, 2017 2:28 pm
FLASH NEWS

റോഡ് വികസനത്തില്‍ കുടിയേറ്റ മേഖലയെ അവഗണിക്കുന്നു

Published : 17th October 2016 | Posted By: Abbasali tf

പുല്‍പ്പള്ളി: ജില്ലയില്‍ ഏറ്റവും കൂടുതല്‍ റോഡുകളുള്ള പുല്‍പ്പള്ളി മേഖലയിലെ റോഡ് നവീകരണത്തോട് അധികൃതര്‍ മുഖംതിരിക്കുന്നു. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളിലെ പല പ്രധാന പാതകളും പാടെ തകര്‍ന്നു കിടക്കുകയാണ്. മരാമത്ത് വകുപ്പില്‍ മാറിമാറി വരുന്ന ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കിഷ്ടമുള്ളതും നേതാക്കള്‍ ശുപാര്‍ശ ചെയ്യുന്നതുമായ റോഡുകളെ മാത്രം തിരഞ്ഞെടുത്ത് ഫണ്ട് വകയിരുത്തുന്നു. പല പ്രധാന പാതകളും അധികൃതരുടെ അനാസ്ഥയില്‍ നന്നാക്കാതെ കിടക്കുകയാണ്. നാലുവര്‍ഷം മുമ്പ് മരാമത്ത് വകുപ്പ് ഏറ്റെടുത്തുവെന്നറിയിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയ പല റോഡുകളും മരാമത്ത് ഉദ്യോഗസ്ഥര്‍ ഇതുവരെ കണ്ടിട്ടില്ല. 300 കിലോമീറ്ററിലധികം റോഡുള്ള മുള്ളന്‍കൊല്ലിയില്‍ ഇതുവരെ മരാമത്ത് വകുപ്പ് ഏറ്റെടുത്തത് 30 കിലോമീറ്ററില്‍ താഴെ മാത്രമാണ്. ത്രിതല പഞ്ചായത്തുകളുടെ നാമമാത്രമായ ഫണ്ടുപയോഗിച്ച് കുറച്ച് റോഡ് മാത്രമേ നന്നാക്കാറുള്ളൂ. ഓരോ മഴക്കാലവും കഴിയുന്നതോടെ നാട്ടിലെ മുഴുവന്‍ പാതകളും തകര്‍ന്നടിയുന്നു. മഴവെള്ളം റോഡിലൂടെ പരന്നൊഴുകുന്നതാണ് തകര്‍ച്ച വേഗത്തിലാക്കുന്നത്. റോഡ് ടാറിങ് നടത്തുന്നവര്‍ പണി പൂര്‍ത്തീകരിച്ച് ബില്ല് മാറി സ്ഥലംവിടുന്നു. റോഡുവക്കിലെ അഴുക്കുചാല്‍ തെളിച്ച് മഴവെള്ളം റോഡിലേക്ക് കയറാതെ തിരിച്ചുവിടുകയും വേണം. അതിനുള്ള ഫണ്ടും പണിയില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, റോഡ് നിര്‍മിക്കുന്നവര്‍ അതെല്ലാം ഒഴിവാക്കുന്നു. ബസ് സര്‍വീസുള്ള പല പ്രധാന പാതകളും വന്‍കുഴികളും ചാലുകളുമായി. പുല്‍പ്പള്ളി-ചേകാടി വനപാതയിലൂടെ യാത്ര ഇപ്പോള്‍ അപകടം പിടിച്ചതായി. കഷ്ടിച്ചാണ് വാഹനങ്ങള്‍ ഇതുവഴി കടന്നുപോവുന്നത്. ഗ്രാമീണ പാതകളെ അധികൃതര്‍ തീര്‍ത്തും അവഗണിക്കുകയാണ്. ജനപ്രതിനിധികള്‍ റോഡ് നവീകരണത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നും പരാതിയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day