|    Nov 20 Tue, 2018 5:19 am
FLASH NEWS
Home   >  Kerala   >  

റോഡ് വികസനം തടയാന്‍ ആര്‍എസ്എസ് ഇടപെടുന്നു- മുഖ്യമന്ത്രി, കിളികളുടെ വോട്ട് കിട്ടാനെന്ന് കോടിയേരി

Published : 3rd August 2018 | Posted By: G.A.G

ന്യൂഡല്‍ഹി : കേരളത്തില്‍ റോഡ് വികസനം തടയാന്‍ ആര്‍എസ്എസ് സംഘടനാപരമായി ഇടപെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴാറ്റൂര്‍ ബൈപ്പാസ് പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെട്ടത് തെറ്റാണൈന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണെന്നും ഫെഡറലിസത്തിന് എതിരായ നടപടി കേന്ദ്ര, സംസ്ഥാന ബന്ധം തകര്‍ക്കുന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിനോടുള്ള അവഗണനയ്ക്ക് മലയാളിയായ മന്ത്രിയും കൂട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൈപ്പാസ് വിഷയത്തില്‍ വയല്‍ക്കിളിനേതാക്കളുമായുള്ള കേന്ദ്രത്തിന്റെ ചര്‍ച്ചയില്‍ സിപിഐഎമ്മും കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. വികസനങ്ങള്‍ക്കെതിരായ സമരങ്ങളെ കേന്ദ്രം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഫെഡറല്‍ ഘടനയെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന സര്‍ക്കാരിനെ ചര്‍ച്ചയ്ക്ക് വിളിക്കാതെ സമരസമിതിയുമായി മാത്രം ചര്‍ച്ച നടത്തിയത്. വികസനങ്ങള്‍ക്കെതിരായ സമരങ്ങളെ കേന്ദ്രം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രണ്ടുകിളികളുടെ വോട്ട് കിട്ടുമോ എന്നാണ് ബിജെപി നോക്കുന്നതെന്നും കോടിയേരി ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബിജെപി ഈ വിഷയത്തെ സമീപിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
കീഴാറ്റൂരില്‍ നെല്‍വയലുകള്‍ നികത്തിയുണ്ടാക്കുന്ന പാതയ്ക്ക് പകരം പാതയ്ക്ക് സാങ്കേതിക പഠനം നടത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം വന്നതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പ്രതികരണങ്ങള്‍. ബദല്‍ പാതയുടെ സാധ്യത പരിശോധിക്കുന്നതിനായി സാങ്കേതിക സമിതിയെ നിയോഗിക്കുമെന്നും ഈ പഠനത്തിന് ശേഷമേ പാതയുടെ അലൈന്‍മൈന്റ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുളളൂ എന്നുമാണ് കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കീഴാറ്റൂരിലെ സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനം. തീരുമാനത്തില്‍ സംതൃപ്തരാണെന്ന് വയല്‍ക്കിളിനേതാക്കള്‍ അറിയിക്കുകയും ചെയ്തിരുന്നു.
കീഴാറ്റൂര്‍ പാടശേഖരത്തിലൂടെ ദേശീയപാത നിര്‍മിച്ചാല്‍ പാരിസ്ഥികാഘാതത്തിന് കാരണമാകുമെന്ന് വനം പരിസ്ഥിതി മന്ത്രാലയം നടത്തിയ പഠനത്തില്‍ ബോധ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാതയ്ക്കായി പുറത്തിറക്കിയ 3ഡി അലൈന്‍മെന്റ് വിജ്ഞാപനം കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. ബദലുകളില്ലെങ്കില്‍ മാത്രമേ നേരത്തേ പുറത്തിറക്കിയ അലൈന്‍മെന്റ് പരിഗണിക്കാവൂയെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss