|    Nov 12 Mon, 2018 11:16 pm
FLASH NEWS

റോഡ് വികസനം; കൂട്ട ഉപവാസ സമരം മെയ് 18ന്

Published : 19th April 2018 | Posted By: kasim kzm

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് സമ്മതപത്രം നല്‍കിയവരുടെ ഭൂമി ഏറ്റെടുക്കാന്‍ 112 കോടി രൂപ ഉടന്‍ അനുവദിക്കുക,അവശേഷിക്കുന്ന ഭൂമി എല്‍എ നിയമപ്രകാരം ഏറ്റെടുക്കുക, കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചരിത്രകാരന്‍ ഡോ.എം ജി എസ് നാരായണന്റെ നേതൃത്വത്തില്‍ ഈ മാസം നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിതകാല കൂട്ടുനിരാഹാര സമരം മെയ് 18 ലേക്ക് മാറ്റി.
ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിലായിരുന്ന എം ജി എസിന് ഡോക്ടര്‍മാര്‍ കുറച്ചു ദിവസത്തെക്കൂടി വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സമരം മാറ്റി നിശ്ചയിച്ചത്. നിരാഹാര സമരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 29,30 മെയ് 2 തിയതികളില്‍ വെള്ളിമാടുകുന്ന്, നടക്കാവ്, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, സാമൂഹ്യ – സാംസ്‌ക്കാരിക – രാഷ്ട്രീയ സംഘടനാ ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ച് സംയുക്ത മേഖലാ കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കും.
മെയ് 11 ന് ആക്ഷന്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാനയുടെ നേതൃത്വത്തില്‍ വെള്ളിമാടുകുന്ന് മുതല്‍ മാനാഞ്ചിറ വരെ വാഹനപ്രചരണ ജാഥ നടത്തും. ഉച്ചക്ക് 3.ന് വെള്ളിമാടുകുന്ന് ജെഡിറ്റി സ്‌കൂള്‍ സമീപത്ത് ഉദ്ഘാടനം ചെയ്യുന്ന ജാഥ വൈകുന്നേരം 7ന് കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിക്കും. 10 കേന്ദ്രങ്ങളില്‍ നടക്കുന്ന വിശദീകരണ യോഗങ്ങളില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കൗണ്‍സിലര്‍മാരും സംസാരിക്കും.
കഴിഞ്ഞ 15 വര്‍ഷമായി മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡില്‍ വാഹന അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മക്കായി മെയ് 15 ന് വൈകുന്നേരം 7.ന്് മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് സമീപം “”സ്മരണ ജ്വാല’’ തെളിയിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ പങ്കെടുപ്പിക്കും. അതിനിടെ കഴിഞ്ഞ മാര്‍ച്ച് 31നകം 50 കോടി റോഡ് വികസനത്തിന് അനുവദിക്കുമെന്ന് ധന മന്ത്രി തോമസ് ഐസക് മാര്‍ച്ച് 8 ന് നിയമസഭയില്‍ പ്രസ്താവിച്ചതും അന്നുതന്നെ ഭരണാനുമതിക്കുവേണ്ട നടപടികള്‍ നീക്കിയിട്ടുണ്ടെന്ന് എ പ്രദീപ് കുമാര്‍ എംഎല്‍എ പറഞ്ഞതും മുമ്പത്തെപോലെത്തന്നെ പാഴ്‌വാക്കായി മാറിയെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
ഒന്നര മാസം കഴിഞ്ഞിട്ടും ഇതുവരെ യാതൊരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.നഗരപാതാ വികസനപദ്ധതിയില്‍ തീര്‍ത്തും അവഗണിക്കപ്പെട്ടതും വാഹന അപകടങ്ങളെ തുടര്‍ന്ന് നിരവധി മനുഷ്യജീവന്‍ പൊലിയുകയും ചെയ്ത നോര്‍ത്ത് നിയോജകമണ്ഡലത്തിലെ ഈ റോഡിന്റെ വികസനം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഗൗരവനടപടികളാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
മന്ത്രിമാരും എംഎല്‍എയും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ പലവുരു നല്‍കിയ വാഗ്ദാനങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുകയും ജനങ്ങള്‍ വഞ്ചിതരാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ആക്ഷന്‍ കമ്മിറ്റി അനിശ്ചിതകാല കൂട്ടനിരാഹാര സമരത്തിനിറങ്ങുന്നത്.
ഫണ്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് എം ജി എസിന് നല്‍കിയ ഉറപ്പ് യാഥാര്‍ത്ഥ്യമാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റി പ്രസിഡണ്ട് ഡോ.എം ജി എസ് നാരായണന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം പി വാസുദേവന്‍, അഡ്വ. സി ജെ റോബിന്‍, കെ വി സുനില്‍കുമാര്‍, കെ പി വിജയകുമാര്‍, പി എം കോയ, എം ടി തോമസ്, കെ സത്യനാഥന്‍, പ്രദീപ് മാമ്പറ്റ, ജോര്‍ജ് സൈമണ്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss