|    Dec 17 Mon, 2018 12:40 pm
FLASH NEWS
Home   >  Kerala   >  

റോഡ്-റെയില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു; മഴയില്‍ സ്തംഭിച്ച് കേരളം

Published : 15th August 2018 | Posted By: G.A.G

തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ കേരളത്തില്‍ പല ജില്ലകളിലും ഗതാഗതം തടസപ്പെട്ടു. റോഡ്, റെയില്‍ ഗതാഗതത്തിന് പുറമെ വിമാനസര്‍വീസും തടസപ്പെട്ട അത്യപൂര്‍വ സ്ഥിതിവിശേഷമാണ് സംസ്ഥാനം നേരിടുന്നത്. വെള്ളക്കെട്ടും മഴയും മൂലം നെടുമ്പാശേരി വിമാനത്താവളം ഈ മാസം 18 വരെ അടച്ചു. നെടുമ്പാശേരിയില്‍ നിന്നും പോകുന്ന എല്ലാ വിമാനങ്ങളും തിരുവനന്തപുരത്തു നിന്നാണ് പുറപ്പെടുക. ഇതിനായി കെഎസ്ആര്‍ടിസി തിരുവനന്തപുരത്തു നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്കും തിരിച്ചും സ്‌പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. നെടുമ്പാശേറി വിമാനത്താവളത്തില്‍ കാര്യങ്ങള്‍ സാധാരണനിലയില്‍ ആകുന്നതുവരെ ഈ സര്‍വീസുകള്‍ തുടരുമെന്നും ആവശ്യമെങ്കില്‍ അധിക സര്‍വീസുകള്‍ അയയ്ക്കുമെന്നും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു.

പലയിടത്തും മണ്ണിടിഞ്ഞു പാളത്തിലേക്കു വീണുതിനെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും നിലച്ചു.

മറ്റു റൂട്ടുകളെയും സര്‍വീസുകളെയും മഴക്കെടുതികള്‍ സാരമായി ബാധിച്ചിട്ടുണ്ട്.
ഐലന്‍ഡ് എക്‌സ്പ്രസ്, ജയന്തി ജനത, ഏറനാട് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വൈകും. ആലുവ പാലത്തില്‍ വെള്ളം പൊങ്ങുന്നതിനാല്‍ ആലുവയ്ക്കും തൃശൂരിനുമിടയില്‍ വേഗനിയന്ത്രണമുണ്ട്.

കുളത്തൂപ്പുഴ, തെന്മല, നെയ്യാര്‍ ഡാം റോഡുകളില്‍ ഗതാഗതം നിലച്ചിരിക്കുകയാണ്.
ഇരണിയല്‍-കുഴിത്തുറ ഭാഗത്ത് ട്രാക്കില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ആലുവ -തൃശൂര്‍ റൂട്ടില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തി.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കടവത്തൂര്‍ പാറക്കടവ് റോഡില്‍ മുണ്ടത്തോട് ഭാഗത്ത് റോഡില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കണ്ണൂര്‍-വയനാട് റോഡ് ഗതാഗതം നിലച്ചു.

പള്ളിവാസല്‍ ആറ്റുകാട് പാലം വെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ചെറുതോണിയില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. വെള്ളപ്പൊക്കം തുടരുന്നതിനാല്‍ മൂന്നാര്‍ രണ്ടാം ദിനവും ഒറ്റപ്പെട്ട നിലയിലാണ്. അടിമാലി റൂട്ടില്‍ നിരന്തരം മണ്ണിടിഞ്ഞുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം ജി്ല്ലയെയും പ്രളയം ബാധിച്ചു. പ്രധാന നദികളായ കിള്ളിയാര്‍, കരമനയാര്‍, വാമനപുരം നദി, പാര്‍വതി പുത്തനാര്‍ എന്നിവ കര കവിഞ്ഞൊഴുകുകയാണ്.നെയ്യാര്‍ അണക്കെട്ടില്‍നിന്ന് വെള്ളമൊഴുക്കുന്ന കനാല്‍ തകര്‍ന്നു.
കോഴിക്കോട് -വയനാട് ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. കൊട്ടിയൂര്‍ പാല്‍ചുരത്തില്‍ മണ്ണിടിഞ്ഞു. ഇതേത്തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കുറ്റിയാടി പക്രന്തളം ചുരത്തിലും മണ്ണിടിഞ്ഞു. ഇതോടെ വയനാട്ടിലേക്ക് ഗതാഗതം മുടങ്ങി.
ഭാരതപ്പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് പട്ടാമ്പി പാലം അടച്ചു. ഗായത്രിപ്പുഴയിലെ പാലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss