|    Nov 21 Wed, 2018 3:15 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

റോഡ്, റെയില്‍, വ്യോമ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

Published : 20th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ്, റെയില്‍, വ്യോമ ഗതാഗതം പൂര്‍വസ്ഥിതിയിലേക്ക്. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്നലെ ഭാഗികമായി പുനസ്ഥാപിച്ചു.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എല്ലാ സ്റ്റേഷനിലും നിര്‍ത്തുന്ന സ്‌പെഷ്യല്‍ ട്രെയിനുകളാണ് കോട്ടയം, ആലപ്പുഴ റൂട്ടില്‍ ഓടിക്കുന്നത്. മലബാറിലെ ട്രെയിന്‍ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാനായി. തിരൂരിനും കുറ്റിപ്പുറത്തിനുമിടയില്‍ സുരക്ഷാപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് ഷൊര്‍ണൂര്‍-മംഗളൂരു റൂട്ടില്‍ ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കിയത്. ചെന്നൈ മെയില്‍ ഷൊര്‍ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് യാത്ര ആരംഭിച്ചു. പാലക്കാടിനും മംഗളൂരുവിനുമിടയിലുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. മംഗളൂരു, ബംഗളൂരു, ചെന്നൈ ഭാഗങ്ങളിലേക്കുള്ള ദീര്‍ഘദൂര ട്രെയിനുകളും സര്‍വീസ് പുനരാരംഭിച്ചു.
പാലക്കാട്-ഷൊര്‍ണൂര്‍, തിരൂര്‍-ഫറോക്ക്, കോഴിക്കോട്-ഫറോക്ക്, പള്ളിപ്പുറം-കുറ്റിപ്പുറം റെയില്‍ ഭാഗങ്ങള്‍ ഗതാഗതയോഗ്യമാക്കി. കുറ്റിപ്പുറം-തിരൂര്‍ റൂട്ടില്‍ വേഗം 20 കിലോമീറ്ററാക്കി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, എറണാകുളം-കോട്ടയം-കായംകുളം റൂട്ടില്‍ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം-എറണാകുളം (ആലപ്പുഴ വഴി), തിരുവനന്തപുരം-തിരുനെല്‍വേലി എന്നീ റൂട്ടുകളിലും ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എറണാകുളം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-എറണാകുളം പാതയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ ഗതാഗതം പുനരാരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.
കെഎസ്ആര്‍ടിസിയും സംസ്ഥാനത്തൊട്ടാകെ സര്‍വീസുകള്‍ ആരംഭിച്ചു. തുരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘദൂര ബസ്സുകള്‍ എറണാകുളം വരെ സര്‍വീസ് നടത്തുന്നുണ്ട്. അവിടെ നിന്ന് തൃശൂര്‍ വരെയും തൃശൂരില്‍ നിന്ന് കോഴിക്കോട്, കണ്ണൂര്‍ റൂട്ടിലേക്കും സര്‍വീസ് തുടരുന്നു. കോട്ടയത്തു നിന്ന് മലയോരമേഖലയിലേക്കും സര്‍വീസുകള്‍ പുനരാരംഭിച്ചു.
എംസി റോഡിലും ബസ് സര്‍വീസ് ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം ജീവനക്കാരും ക്യാംപുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ കൊല്ലത്തു നിന്ന് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും അടങ്ങുന്ന 20 സെറ്റ് ഉദ്യോഗസ്ഥ സംഘത്തെ അവിടേക്ക് മാറ്റി. കൊല്ലം യൂനിറ്റില്‍ നിന്ന് നാലു ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ തെന്മലയിലേക്കും പുനലൂര്‍ ഡിപ്പോയില്‍ നിന്നു നാലു സര്‍വീസുകള്‍ എംഎസ്എല്ലിലേക്കും ആര്യങ്കാവ് ഡിപ്പോയില്‍ നിന്ന് ചെങ്കോട്ടയിലേക്കും അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ഇന്നു മുതല്‍ ചെറുവിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss