|    Feb 21 Tue, 2017 10:54 pm
FLASH NEWS

റോഡ് പ്രവൃത്തിയില്‍ കൃത്രിമെന്ന് പരാതി; നാട്ടുകാര്‍ പ്രവര്‍ത്തനം തടസ്സപെടുത്തി

Published : 21st November 2016 | Posted By: SMR

പെര്‍ള: റോഡ് പ്രവൃത്തിയില്‍ കൃത്രിമം നടത്തുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പെര്‍ള-സുരംവയല്‍ പൊതുമരാമത്ത് റോഡിലെ പ്രവൃത്തിയില്‍ കൃത്രിമം നടത്താന്‍ കരാറുകാരന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പ്രവൃത്തി തടഞ്ഞത്. 3.08 കി. മീറ്റര്‍ റോഡിന്റെ മെക്കഡം പ്രവര്‍ത്തനത്തിന് മുന്നു കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് വകയിരുത്തിയത്. എന്നാല്‍ പദ്ധതി പ്രവര്‍ത്തനത്തിന് വേണ്ടി തയ്യാറാക്കിയ എസ്റ്റിമേറ്റിന് വിപരീതമായി പ്രവര്‍ത്തനം നടത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. ചെറു മറ്റലുകള്‍ പാകി കുഴി അടക്കേണ്ടിടത്ത് വലിയ കരിങ്കല്‍ പാളികള്‍ പാകുകയും റോഡിന്റെ ഇരു വശങ്ങളിലും നടത്തേണ്ട ഓവുച്ചാലില്‍ വീതി കുറച്ചും നാല് സ്ഥലങ്ങളില്‍ കലുങ്ക് നിര്‍മിച്ച് കൊണ്ട് അതിന് പാര്‍ശ്വ ഭിത്തി നിര്‍മിക്കണമെന്ന് എസ്റ്റിമേറ്റില്‍ പറയുന്നുണ്ടെങ്കിലും ഒന്നും തന്നെ ചെയ്യാതെ പ്രവൃത്തിയില്‍ കൃത്രിമം കാട്ടി പണം തട്ടിയെടുക്കുവാന്‍ കരാറുകാരന്‍ ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പദ്ധതി പ്രവര്‍ത്തനം നടത്തുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറോ ഓവര്‍സിയറോ സ്ഥലത്തുണ്ടാകണമെന്നും പ്രവൃത്തിയുടെ പരിശോധന നടത്തണമെന്ന ചട്ടം നിലവിലുണ്ടെങ്കിലും അതും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി. പഞ്ചായത്ത് പ്രസിഡന്റ്് രൂപവാണി ആര്‍ ഭട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സവിത നാഗരാജ്, ജില്ലാ പഞ്ചായത്ത് അംഗം പുഷ്പ അമേക്കള, നരസിംഹ പൂജാരി, അജിത് സ്വര്‍ഗ്ഗ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തദ്ദേശവാസികള്‍ സംഘടിച്ച് റോഡ് പ്രവൃത്തി തടയുകയായിരുന്നു. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, വിജിലന്‍സ് അധികൃതര്‍, പൊതുമരാമത്ത് വകുപ്പ് ഉന്നത അധികൃതര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കുവാന്‍ തയ്യാറെടുക്കുകയാണ് പ്രദേശ വാസികള്‍. റോഡ് പ്രവൃത്തിയില്‍ കൃത്രിമം കാട്ടാന്‍ അനുവദിക്കില്ലെന്നും പൊതുമരാമത്ത് അധികൃതര്‍ പദ്ധതി പ്രവര്‍ത്തനം നടത്തുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക