|    Apr 28 Fri, 2017 11:32 pm
FLASH NEWS

റോഡ് നിര്‍മിക്കാത്തതില്‍ പ്രതിഷേധം; തവനൂരില്‍ 200ഓളം കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിക്കും

Published : 6th May 2016 | Posted By: SMR

പൊന്നാനി: നരിപ്പറമ്പ് പമ്പ്ഹൗസിനോട് ചേര്‍ന്നുള്ള 4 സെന്റ് കോളനിയിലെ ഇരുനൂറോളം കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കാലങ്ങളായി ഈ കോളനിയോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇത്തവണ വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
നേരത്തേ പൊന്നാനി മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശമിപ്പോള്‍ തവനൂര്‍ മണ്ഡലത്തിലാണ്. തവനൂര്‍, കാലടി പഞ്ചായത്തുകളിലെ ഏക പൊതുശ്മശാനവും ഇവിടെയാണ്. ഇവിടെക്ക് മൃതദേഹങ്ങള്‍ വാഹനത്തില്‍ കൊണ്ട് പോവാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. അസുഖം വന്നാല്‍ രോഗികളെ വാഹനത്തിലെത്തിക്കാന്‍ ഇവര്‍ക്ക് കിലോമീറ്ററുകളോളം കാല്‍ നടയായി നടക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ 30 വര്‍ഷമായി മുഖ്യ മന്ത്രിയടക്കമുള്ളവര്‍ക്ക് നിരന്തരം പരാതി നല്‍കിയെങ്കിലും വാഗ്ദാനങ്ങള്‍ ലഭിച്ചു എന്നല്ലാതെ മറ്റൊരു നടപടിയുമുണ്ടായില്ല.
ഈ പ്രദേശത്തേക്കുള്ള റോഡ് സൗകര്യം എന്‍എസ്എസ് സ്‌കൂള്‍ അധികൃതര്‍ ഗേറ്റ് വച്ച് അടച്ച നിലയിലാണന്ന് കോളനിക്കാര്‍ പറയുന്നു. ഇതിലൂടെ പകല്‍ യാത്ര ചെയ്യണമെങ്കില്‍ അവര്‍ക്ക് ടോള്‍ നല്‍കണം. രാത്രിയില്‍ യാത്ര അനുവദിക്കുന്നില്ലെന്നും കോളനിക്കാര്‍ പറയുന്നു. സര്‍ക്കാറിന്റെ കൈവശമുള്ള മാത്തൂര്‍ തോട് അരികിലൂടെ ഇറിഗേഷന്‍ കനാല്‍ റോഡ് മുതല്‍ ഭാരതപ്പുഴ വരെ ചെലവ് കുറവില്‍ 250 മീറ്റര്‍ നീളത്തിലായി റോഡ് നിര്‍മിക്കാന്‍ കഴിയുന്നതാണ് കോളനിക്കാര്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രദേശത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ ഒന്നും ചെയ്തില്ലെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ ഇലക്ഷനില്‍ നിലവിലെ എംഎല്‍എ കെ ടി ജലീല്‍ റോഡ് നിര്‍മാണം യാഥാര്‍ത്യമാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു എങ്കിലും അതും നടപ്പിലായില്ല.
നിരവധി തവണ ബന്ധപ്പെട്ട ഉേദ്യാഗസ്ഥരുടെ മുന്നിലും രാഷ്ട്രിയ നേതാക്കന്മാരുടെ മുന്നിലും കയറിയിറങ്ങി എന്നതല്ലാതെ മറ്റൊന്നുമുണ്ടായില്ല .ഇതോടെയാണ് കോളനിവാസികള്‍ പ്രതിഷേധമെന്ന നിലയ്ക്ക് വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ പാടെ നിഷേധിക്കപ്പെട്ട ഈ കോളനിയിലേക്ക് വോട്ട് തേടി വിവിധ സ്ഥാനാര്‍ഥികള്‍ എത്തിയെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ഇവര്‍ തയ്യാറായിട്ടില്ല. ഞങ്ങള്‍ക്ക് വാഗ്ദാനങ്ങളല്ല നടപടികളാണ് വേണ്ടതെന്ന് കോളനിവാസികള്‍ പറയുന്നു.കേവലം മൂന്നടി മാത്രമുള്ള ഒരു വഴി മാത്രമാണ് ഈ കോളനിയിലേക്കുള്ളത്. പ്രായമേറിയവര്‍ക്ക് അശുപത്രിയില്‍ എത്തണമെങ്കില്‍ കസേരയില്‍ ഇരുത്തി ചുമന്ന് കൊണ്ട് വരണം.കോളനിയിലെ ഏതാനും കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു.എന്നാല്‍ നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ വന്‍ ചെലവ് വരുമന്നെതിനാല്‍ വീട് പണി തുടങ്ങാന്‍ പല കുടുംബങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.റോഡിന്റെ കാര്യത്തില്‍ ആരാണ് ഉറപ്പ് നല്‍കുക എന്നാണ് കോളനിവാസികള്‍ ഉറ്റ് നോക്കുന്നത് .

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day