|    Oct 19 Thu, 2017 8:11 pm
FLASH NEWS

റോഡ് നിര്‍മാണത്തിലെ അഴിമതി; ടിപ്പര്‍ ലോറികള്‍ റോഡില്‍ താഴ്ന്നു

Published : 10th July 2016 | Posted By: SMR

ആലുവ: റോഡ് നിര്‍മാണത്തിലെ അഴിമതിമൂലം ടിപ്പര്‍ ലോറികള്‍ റോഡില്‍ താഴ്ന്നു. ആലുവ- പറവൂര്‍ റൂട്ടില്‍ സെമിനാരിപ്പടിക്ക് സമീപത്തായി ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. റോഡരികില്‍ പാര്‍ക്കുചെയ്ത രണ്ട് ടിപ്പര്‍ ലോറികളാണ് അപകടത്തില്‍പെട്ടത്. ടിപ്പര്‍ ലോറികള്‍ കിടന്നിരുന്ന സ്ഥലത്തെ റോഡ് മുഴുവന്‍ വലിയ കുഴികളാവുകയും ടിപ്പര്‍ ലോറികള്‍ രണ്ടും പകുതിയലധികവും ചെരിയുകയുമായിരുന്നു. തിരക്കേറിയ റോഡിലായിരുന്നു സംഭവം.
ലോറികള്‍ റോഡില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ഏറെനേരം ഈ റൂട്ടില്‍ ഗതാഗതക്കുരുക്കുണ്ടായി. പൊതുമരാമത്ത് വകുപ്പ് അടുത്തിടെ അന്തര്‍ദേശീയ തലത്തില്‍ റബറൈസ്ഡ് ചെയ്ത റോഡാണ് തകര്‍ന്നത്. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വീടിന് സമീപത്താണ് റോഡ് താഴ്ന്നത്. റോഡ് തകര്‍ന്ന ഭാഗത്ത് മെറ്റലിന്റെ അംശംപോലും കാണാനുണ്ടായിരുന്നില്ല.
മന്ത്രിയുടെ ബിനാമിയായിരുന്ന കരാറുകാരനായിരുന്നു റോഡ് നിര്‍മാണം നടത്തിയിരുന്നത്. കോടികള്‍ മുടക്കി അന്താരാഷ്ട്ര നിലവാരത്തില്‍ റോഡ് പുനരുദ്ധരിച്ചത് മന്ത്രിയുമായി ബന്ധമുള്ള ചില റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കുവേണ്ടിയായിരുന്നുവെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു.
രണ്ട് ലോറികളും ചെരിഞ്ഞത് റോഡിനോടു ചേര്‍ന്നുള്ള മതിലില്‍ തട്ടി നിന്നതിനാലാണ് അപകടം ഒഴിവായത്. മറുഭാഗത്തേക്കായിരുന്നു ലോറികള്‍ ചെരിഞ്ഞതെങ്കില്‍ ഇത് അപകടത്തിന് കാരണമാവുമായിരുന്നു. സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം നിരവധിപേര്‍ സ്ഥലത്തെത്തിയിരുന്നു. നിര്‍മാണത്തിലെ പാളിച്ചയും അഴിമതിയുമാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കോടികള്‍ മുടക്കി നിര്‍മിച്ച റോഡ് തകര്‍ന്നത് നിര്‍മാണത്തിലെ വീഴ്ചയാണെന്നതിനാല്‍ മുന്‍ വകുപ്പ് മന്ത്രിക്കും കരാറുകാരനുമെതിരേ കേസെടുക്കണമെന്നും റോഡിനായി ചെലവഴിച്ച തുക ഇവരില്‍നിന്നും ഈടാക്കാന്‍ നടപടിയെടുക്കണമെന്നും മുന്‍ എംഎല്‍എ എ എം യൂസഫ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക