|    Feb 24 Fri, 2017 12:40 am

റോഡ് നിര്‍മാണത്തിലെ അപാകത: പരാതി നല്‍കിയതിന് കള്ളക്കേസില്‍ കുടുക്കിയെന്ന് യുവാവ്

Published : 6th November 2016 | Posted By: SMR

കൊല്ലം: റോഡ് നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് ബാലരാമപുരം സ്വദേശി ഒ വി ശ്രീദത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിലാണ് തന്നെ കേസില്‍ കുടുക്കാനുള്ള ഗൂഢാലോചന നടന്നത്. ശബരിമല ഫണ്ട് ഉപയോഗിച്ചുള്ള തിരുവനന്തപുരം- ചെങ്കോട്ട റോഡ് നിര്‍മാണത്തിന് ഉപയോഗിച്ച സാമഗ്രികള്‍ക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി താന്‍ രണ്ട് വര്‍ഷം മുന്‍പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി വകവയ്ക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡ് ഒരു മാസം തികയും മുമ്പ് തകര്‍ന്നു. തകര്‍ന്ന റോഡിന്റെ ചിത്രം സഹിതം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വീണ്ടും പരാതി നല്‍കി. നിര്‍മാണം നടക്കാത്ത സ്ഥലങ്ങളിലെ ജോലിക്കുള്ള ബില്‍ മാറി നല്‍കുകയും ചെയ്തിരുന്നു. പരാതിയെ തുടര്‍ന്ന് തകര്‍ന്ന ഭാഗത്ത് ഇന്റര്‍ലോക്ക് പാകി മറയ്ക്കാന്‍ ശ്രമിച്ചു. നിലവാരമില്ലാഞ്ഞതിനാല്‍ അതും തകര്‍ന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്തില്‍ പൊതുമരാമത്ത്, ധനകാര്യ മന്ത്രിമാര്‍ക്കും വിജിലന്‍സ് ഡയറക്ടര്‍കും പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് വീണ്ടും റോഡ് പുനര്‍നിര്‍മിക്കാന്‍ എത്തിച്ച സാമഗ്രികളും നിലവാരമില്ലാത്തതായിരുന്നു. ഇതിനെതിരേയും പരാതി നല്‍കിയതറിഞ്ഞ് അസി. എന്‍ജിനീയര്‍ ഫോണില്‍ ബന്ധപ്പെട്ട് പണം വാഗ്ദാനം ചെയ്‌തെങ്കിലും താന്‍ വഴങ്ങിയില്ല.ഇതിന്റെ പ്രതികാരമായി സെപ്തംബര്‍ 26ന് റോഡ് നിര്‍മാണം തടസ്സപ്പെടുത്തി എന്ന കള്ളപരാതി നല്‍കി കേസില്‍ കുടുക്കുകയായിരുന്നു. താന്‍ ബാലരാമപുരം സ്വദേശിയാണെങ്കിലും അരിപ്പയിലെ കുടുംബ വീടിന് മുന്നിലൂടെയാണ് തിരുവനന്തപുരം- ചെങ്കോട്ട റോഡ് കടന്നുപോകുന്നത്. ഈ റോഡിലൂടെ സ്ഥിരമായി സഞ്ചരിക്കുന്നയാളുമാണ്.മന്ത്രിയുടെ ഓഫിസിലിരുന്നാണ് എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ തനിക്കെതിരായ പരാതി തയ്യാറാക്കിയത്. പരാതി ലഭിച്ചയുടന്‍ വസ്തുത അന്വേഷിക്കാതെ മന്ത്രി അദ്ദേഹത്തിന്റെ ലെറ്റര്‍പാഡില്‍ തനിക്കെതിരേ കേസെടുക്കണമെന്ന് പോലിസിനോട് ആവശ്യപ്പെടുകയായിരുന്നു. പോലിസ് അര്‍ധരാത്രി വീട്ടില്‍ കയറി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്‌തെങ്കിലും സത്യം ബോദ്ധ്യപ്പെട്ട കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.മന്ത്രിയുടേത് തികഞ്ഞ അധികാര ദുര്‍വിനിയോഗമാണ്. പുറമെ അഴിമതിക്കെതിരേ പ്രസംഗിച്ച് പുകമറ സൃഷ്ടിച്ച് യഥാര്‍ത്ഥ അഴിമതിക്കാരെ മന്ത്രി സംരക്ഷിക്കുകയാണെന്നും ശ്രീദത്ത് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക