|    Feb 24 Fri, 2017 7:23 am

റോഡ് നിര്‍മാണങ്ങള്‍ക്കെതിരേ വ്യാപക പരാതി: ക്രമക്കേട്; കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: കെഎസ്ടിപിയുടെ റോഡ് നിര്‍മാണം സംബന്ധിച്ച് വ്യാപകപരാതികള്‍. സംസ്ഥാനത്ത് 3 വര്‍ഷത്തിനിടെ നടന്ന എല്ലാ കെഎസ്ടിപി പ്രൊജക്ടുകളും അന്വേഷിക്കാന്‍ പഡബ്ല്യുഡി വിജിലന്‍സിന് നിര്‍ദേശം. സംസ്ഥാനത്തെ അഞ്ച് റോഡുകളുടെ നിര്‍മാണ, പുനരുദ്ധാരണ പ്രവൃത്തിയിലുണ്ടായ ക്രമക്കേട് സംബന്ധിച്ച പ്രാഥമികാന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് എന്‍ജിനീയറും കെഎസ്ടിപി ഫുള്‍ടൈം പ്രൊജക്ട് ഡയറക്ടറുമായ പി ജി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുദ്യോഗസ്ഥര്‍ക്കെതിരേ നടപടികള്‍ ഉണ്ടാവും. സ്ഥലവാസികളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ പിഡബ്ല്യുഡി വകുപ്പിന്റെ ഉത്തരവു പ്രകാരം പിഡബ്ല്യുഡി വിജിലന്‍സ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറാണ് പ്രാഥമികാന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചത്. പൊന്‍കുന്നം- തൊടുപുഴ റോഡ് പുനരുദ്ധാരണം, ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ റോഡിലെ തിരുവല്ല ബൈപാസ് നിര്‍മാണം, തിരുവല്ല-മുഴുവങ്ങാട്-രാമന്‍ചിറ ബൈപാസ് നിര്‍മാണം, ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ റോഡ് നിര്‍മാണം എന്നിവയിലാണ് പ്രാഥമികാന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്. പൊന്‍കുന്നം- തൊടുപുഴ റോഡ് പുനരുദ്ധാരണത്തിന് 1850 ക്യൂബിക് മീറ്റര്‍ പാറ പൊട്ടിക്കാനാണ് എസ്റ്റിമേറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.
എന്നാല്‍, 88,000 ക്യുബിക് മീറ്റര്‍ പാറയാണ് ഇതുവരെ പൊട്ടിച്ചത്. ഇത് ഡിപിആറില്‍ നിന്നും 50 മടങ്ങ് കൂടുതലാണ്. ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ റോഡിലെ തിരുവല്ല ബൈപാസ് നിര്‍മാണത്തിനുള്ള പ്രാഥമിക എസ്റ്റിമേറ്റ് തുക 35 കോടിയായിരുന്നു. എന്നാല്‍, പണി പൂര്‍ത്തിയായപ്പോള്‍ ഇത് 70 കോടിയായി. ഇതും ഡിപിആറിലെ അശാസ്ത്രീയത മൂലമാണ്. തിരുവല്ല-മുഴുവങ്ങാട്-രാമന്‍ചിറ ബൈപാസ് അലൈന്‍മെന്റിന്റെ മധ്യഭാഗത്ത് എസ് ആകൃതിയിലുള്ള വളവുണ്ട്. ഇതും ഡിപിആറിലെ ക്രമക്കേടാണെന്നും പ്രാഥമികാന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.
ഈ പ്രൊജക്ടുകളൊക്കെയും പിഡബ്ല്യുഡി വിജിലന്‍സ് വകുപ്പും പോലിസ് ആന്റി കറപ്ഷന്‍ ബ്യൂറോയും വിശദമായി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കും.
ക്രമക്കേടുകള്‍ ആവര്‍ത്തിക്കുന്നതിലൂടെ കെഎസ്ടിപിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. കരാറുകാരന് അന്യായമായ ലാഭവും സര്‍ക്കാരിന് അന്യായമായ നഷ്ടവും വരുത്തുന്നതായും മന്ത്രി കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ഏജന്‍സികള്‍ എന്ന നിലയ്ക്കാണ് ഇത്തരം കണ്‍സള്‍ട്ടന്‍സികള്‍ പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍, കെഎസ്ടിപി പദ്ധതികളുടെ ഭൂരിഭാഗത്തിലും ഡിപിആര്‍ വളരെ അശ്രദ്ധയോടും അശാസ്ത്രീയതയോടെയുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനാല്‍ ഇവ അംഗീകരിച്ച് പണി പൂര്‍ത്തിയാക്കുമ്പോള്‍ വന്‍തോതിലുള്ള വ്യതിയാനങ്ങള്‍ സംഭവിക്കുകയും എസ്റ്റിമേറ്റ് തുക രണ്ടിരട്ടിയിലധികം വര്‍ധിക്കുകയും ചെയ്യുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക