|    Jul 19 Thu, 2018 5:26 pm
FLASH NEWS

റോഡ് തകര്‍ച്ച: സ്വകാര്യ ബസ്സുകള്‍ ഇന്ന് പണിമുടക്കും

Published : 15th September 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍-കുന്നംകുളം സംസ്ഥാന പാതയില്‍ അറ്റകുറ്റപ്പണി നീണ്ടു പോകുന്നു. കുന്നംകുളം റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ ഇന്ന് പണിമുടക്കും. റോഡ് പൂര്‍ണമായും തകര്‍ന്ന മുതുവറ പെട്രോള്‍ പമ്പ് മുതല്‍ മുതുവറ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ടാറിങ്ങിന് പകരം കോണ്‍ക്രീറ്റ് ബ്രിക്‌സ് തിങ്കളാഴ്ച വിരിച്ച് തുടങ്ങാനായിരുന്നു നേരത്തെ അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടെണ്ടര്‍ സംവിധാനത്തിലെ സാങ്കേതിക പ്രശന്ങ്ങള്‍ മൂലമാണ് അറ്റകുറ്റപ്പണി വൈകുന്നത്. സംസ്ഥാനപാതയില്‍ അറ്റകുറ്റപ്പണി നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് തൃശൂര്‍കുന്നംകുളം റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ വെള്ളിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തു. തൃശൂര്‍ -കുന്നംകുളം, തൃശൂര്‍-ഗുരുവായൂര്‍, തൃശൂര്‍-ചാവക്കാട് റൂട്ടിലെ ബസ് തൊഴിലാളികളാണ് പണിമുടക്കുന്നത്. ബി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. അതേസമയം അറ്റകുറ്റപ്പണിയാരംഭിക്കുന്നതിന്റെ മുന്നോടിയായി ഗതാഗതക്രമീകരണം നടപ്പിലാക്കുന്നതിനായി കഴിഞ്ഞ ശനിയാഴ്ച പേരാമംഗലം പോലിസ് സ്‌റ്റേഷനില്‍ ചേരാനിരുന്ന യോഗവും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചിരുന്നു. പുഴയ്ക്കല്‍ ജംഗ്ഷന്‍ മുതല്‍ മുതുവറ ജംഗ്ഷന്‍ വരെ റോഡിലെ ടാറിങ്ങ് തകര്‍ന്ന് ദിനംപ്രതി യാത്രാക്കുരുക്ക് മുറുകി വരികയാണ്. ഗതാഗത കുരുക്ക് മൂലം പല ദിവസങ്ങളിലും ചെറു വാഹനങ്ങള്‍ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. പുഴയ്ക്കല്‍ ശോഭാസിറ്റിക്ക് മുന്നിലുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ശോഭാസിറ്റിക്ക് സമീപം പോലിസ് ട്രാഫിക് ഡിവൈഡറുകള്‍ സ്ഥാപിക്കും. ശോഭാസിറ്റിക്ക് മുന്നിലെ ഇടുങ്ങിയ റോഡില്‍ നിന്ന് നേരിട്ട് വാഹനങ്ങള്‍ വലത്തോട്ടേക്ക് തിരിയുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ട്രാഫിക് ഡിവൈഡര്‍ സ്ഥാപിക്കുന്നത്. പുഴയ്ക്കല്‍ ബസ് സ്‌റ്റോപ്പിന് സമീപമുള്ള വീതികൂടിയ ഭാഗത്ത് ശോഭാസിറ്റിയിലേക്കുള്ള വാഹനങ്ങള്‍ തിരിഞ്ഞ് പോകാന്‍ സൗകര്യമൊരുക്കും. ഇതിന് പുറമേ കുന്നംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് തടസങ്ങള്‍ കൂടാതെ പോകുന്നതിനായി പ്രത്യേക ലൈന്‍ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്താനുമാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതിനു പുറമേ ലുലു ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സംവിധാന ക്രമീകരണത്തിലെ പോരായ്മകളും പരിഹരിക്കും. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂരിലേക്ക് സിഗ്‌നലില്‍ കുടുങ്ങി കിടക്കാതെ നേരിട്ട് പോകുന്നതിനായി പുഴയ്ക്കല്‍ ജംഗ്ഷനിലെ സിഗ്‌നല്‍ ലൈറ്റ് സംവിധാനം പുനഃക്രമീകരിക്കാനുമാണ് പദ്ധതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss