|    May 24 Wed, 2017 2:16 am
FLASH NEWS

റോഡ് കോണ്‍ക്രീറ്റിങിലെ അഴിമതി:വിജിലന്‍സിന് പരാതി നല്‍കി

Published : 26th October 2016 | Posted By: SMR

കല്‍പ്പറ്റ: കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത റോഡ് നിര്‍മാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാലി റാട്ടക്കൊല്ലി വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കി. പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റേറ്റ് ലെവല്‍ ടാക്‌സ് ഫോഴ്‌സ് ഫണ്ടുപയോഗിച്ച് വളരെ അടിയന്തരമായി 1,800 മീറ്റര്‍ റോഡിന്റെ വര്‍ക്ക് പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദേശിച്ച എല്ലാ നിബന്ധനകളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് പണി പൂര്‍ത്തീകരിച്ചത്. ഹൈവേ തുടങ്ങുന്ന കല്‍പ്പറ്റ പിണങ്ങോട് ജങ്ഷനിലും തുര്‍ക്കി ഭാഗത്ത് തിരിയുന്ന ജങ്ഷനിലും ഇന്റര്‍ലോക്ക് ഇടാനും ബാക്കിയുള്ള ഭാഗം ടാറിങ് നടത്താനുമാണ് എസ്റ്റിമേറ്റിലും മറ്റും വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പൊതുഖജനാവിലെ പണം എങ്ങനെയെങ്കിലും കൊള്ളയടിക്കുകയെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി കരാറുകാരനും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തി അനുവദിച്ച ഫണ്ടിന്റെ കാല്‍ഭാഗം പോലും ചെലവഴിക്കാതെ നിര്‍മാണപ്രവൃത്തിയില്‍ വന്‍ അഴിമതി നടത്തിയാണ് ഇപ്പോഴുള്ള റോഡിന്റെ പണി പൂര്‍ത്തീകരിച്ചതെന്നും പരാതിയില്‍ പറയുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍, ടെലിഫോണ്‍ കേബിളുകള്‍ എന്നിവ ഇപ്പോള്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡിനടിയിലൂടെ പോവുന്നുണ്ട്. ഏതെങ്കിലും അറ്റകുറ്റപ്പണി നടത്തേണ്ടതായി വന്നാല്‍ കോണ്‍ക്രീറ്റ് കുത്തിപ്പൊളിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുമ്പോള്‍ സാധാരണ റോഡിനടിയിലൂടെ ജിഎസ്പി മെറ്റീരിയലാണ് ഇടേണ്ടത്. ഇതിന് 300 അടിക്ക് 15,000 രൂപ വരും. എന്നാല്‍, കരാറുകാരന്‍ 1,000 രൂപ മാത്രം വിലയുള്ള ക്വാറി വേസ്റ്റാണ് ഉപയോഗിച്ചിട്ടുള്ളത്. കരാര്‍പ്രകാരം എം സാന്റ് ഉപയോഗിക്കുന്നതിന് പകരം ഫില്‍ട്ടര്‍ ചെയ്യാത്ത ക്വാറി വേസ്റ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രാന്റഡ് സിമന്റിന് പകരം കേട്ടുകേള്‍വി പോലുമില്ലാത്ത കെസിപി എന്ന സിമന്റാണ് ഉപയോഗിച്ചത്. പ്രസ്തുത സിമന്റ് കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ കരാറുകാരന് സൗജന്യമായി നല്‍കിയതാണിതെ ന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് റോഡ് നിര്‍മാണത്തില്‍ അഴിമതി നടത്തി പൊതുഖജനാവിലെ പണം തട്ടിയെടുത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day