|    Oct 17 Wed, 2018 7:31 pm
FLASH NEWS

റോഡുകള്‍ തകര്‍ന്നു : സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു

Published : 15th September 2017 | Posted By: fsq

 

മാനന്തവാടി: ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളായ കല്‍പ്പറ്റ-പടിഞ്ഞാറത്തറ, മാനന്തവാടി-നിരവില്‍പ്പുഴ റോഡുകള്‍ പാടെ തകര്‍ന്നിട്ടും അറ്റകുറ്റപ്പണി നടത്താന്‍ പോലും തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് 20 മുതല്‍ ഈ റൂട്ടുകളിലൂടെയുള്ള സ്വകാര്യ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്നു പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി-നിരവില്‍പ്പുഴ റോഡില്‍ വെള്ളമുണ്ട മുതല്‍ നിരവില്‍പ്പുഴ വരെ 10 കിലോമീറ്റര്‍ ഭാഗമാണ് പൂര്‍ണമായി തകര്‍ന്നിരിക്കുന്നത്. റോഡ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചെന്നു പറയപ്പെടുന്നുണ്ടെങ്കിലും പ്രവൃത്തി ഇതുവരെ തുടങ്ങുകയോ കുഴികള്‍ അടയ്ക്കാനുള്ള നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. റൂട്ടിലൂടെ 20 സ്വകാര്യബസ്സുകളുടെ നൂറിലധികം ട്രിപ്പ് നിരവില്‍പ്പുഴയിലേക്കുണ്ട്. യാത്രക്കാര്‍ കൂടുതലുണ്ടാവുന്ന സ്‌കൂള്‍ സമയങ്ങളില്‍ ബസ്സിന്റെ സ്പ്രിങ്‌സെറ്റ് തകര്‍ന്ന് വഴിയില്‍ കുടുങ്ങുന്നതു നിത്യസംഭവമാണ്. ഇതോടെ ഈ റൂട്ട് ബസ്സുടമകള്‍ക്ക് വന്‍ ബാധ്യതയാവുകയാണ്. പടിഞ്ഞാറത്തറ വഴി കല്‍പ്പറ്റയിലേക്കുള്ള റോഡിന്റെ അവസ്ഥയും തികച്ചും ശോച്യമാണ്. പടിഞ്ഞാറത്തറ മുതല്‍ കല്‍പ്പറ്റ വരെയുള്ള 20 കിലോമീറ്റര്‍ റോഡിന്റെ പല ഭാഗങ്ങളും പൂര്‍ണമായി തകര്‍ന്നു. റോഡില്‍ പലയിടത്തും കിണറിനെ വെല്ലുന്ന കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ റൂട്ടിലും 25 സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ സമരം നടത്തിയതിനെ തുടര്‍ന്ന് ഏതാനും മാസം മുമ്പ് നടത്തിയ പാച്ച്‌വര്‍ക്കുകള്‍ മുഴുവന്‍ തകര്‍ന്നുകഴിഞ്ഞു. രണ്ടു റൂട്ടുകളിലെയും അമ്പതോളം ബസ്സുകള്‍ 20 മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. എം പി മുഹമ്മദ്, എ കെ മുത്തലിബ്, കെ ജാഫര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss