|    Oct 18 Thu, 2018 11:34 am
FLASH NEWS

റോഡുകള്‍ക്ക് പ്രത്യേക നമ്പറിട്ടുകൊണ്ട് ട്രാഫിക് പോലിസ് നടപ്പാക്കിയ പരീക്ഷണം വിജയകരമായില്ല

Published : 19th September 2017 | Posted By: fsq

 

തൃശൂര്‍: തൃശൂരിലെ റോഡുകള്‍ക്ക് പ്രത്യേക നമ്പറിട്ടു കൊണ്ട് ട്രാഫിക് പോലീസ് നടപ്പാക്കിയ പരീക്ഷണം വിജയകരമായില്ല. വേണ്ടത്ര പ്രചാരണവും ദീര്‍ഘവീക്ഷണവും ഇല്ലാതെ പോയതാണ് പദ്ധതിക്ക് തിരിച്ചടിയായതെന്നാണാക്ഷേപം. പ്രമുഖ നഗരങ്ങളില്‍ റോഡുകള്‍ എളുപ്പം തിരിച്ചറിയാനുള്ള നമ്പര്‍ സംവിധാനം ട്രാഫിക് പോലിസിന്റെ നേതൃത്വത്തിലാണ് തൃശൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. വടക്കുന്നാഥ ക്ഷേത്രത്തിനു ചുറ്റുമായി നിലകൊള്ളുന്ന നഗരമെന്നതും സ്വരാജ് റൗണ്ടില്‍ നിന്നു വിവിധയിടങ്ങളിലേക്ക് പ്രവേശനം നേടാമെന്നും പരിഗണിച്ചാണ് ഇത്തരമൊരു സംവിധാനം ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി നടപ്പാക്കിയത്. പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും മലപ്പുറത്തേക്കും കൊച്ചിയിലേക്കും തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും കടന്നുപോകുന്നവര്‍ മിക്കവരും തൃശൂര്‍ സ്വരാജ് റൗണ്ടിലൂടേയാണ് വിവിധ മേഖലകളിലേക്ക് പ്രവേശിക്കുക. എന്നാല്‍ ഇത്തരം യാത്രക്കാര്‍ക്ക് സഹായകരമാകുന്ന ദിശാ സൂചികകള്‍ ഏറെ കുറവാണെന്നതാണ് തൃശൂരിന്റെ വലിയ പോരായ്മ. ഇതിനാലാണ് നഗരത്തിലെ പ്രധാന റോഡുകള്‍ക്ക് ഒന്നുമുതല്‍ 16 വരെയുള്ള നമ്പറുകള്‍ ട്രാഫിക് പോലിസ് നല്‍കിയത്. തൃശൂര്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ ഒരു വര്‍ഷമാകുമ്പോഴേക്കും പദ്ധതി ഏവരും മറന്ന മട്ടാണ്. തൃശൂര്‍ക്കാര്‍ക്ക് പോലും ഇങ്ങനെ ഓരോ റോഡിനും പ്രത്യേക നമ്പരുണ്ടെന്നത് അറിയാത്ത സാഹചര്യമാണ്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി രാത്രിയും പകലും വാഹനയാത്രക്കാര്‍ക്ക് കാണാനാകുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകളും സ്വരാജ് റൗണ്ടില്‍ നിന്നു വിവിധയിടങ്ങളിലേക്കുള്ള റൂട്ട് മാപ്പും റോഡ് നമ്പറുകള്‍ക്കൊപ്പം സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം വെച്ചിരുന്നു. എന്നാല്‍ അത്തരമൊരു നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയാതെ പോയതാണ് പദ്ധതി അനാഥമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഓരോ റോഡിന്റേയും നമ്പര്‍ എഴുതിയ ചെറിയ ബോര്‍ഡുകള്‍ മാത്രമാണ് പദ്ധതിയുടെ ബാക്കി പത്രമായി നിലകൊള്ളുന്നത്. ടാക്‌സിക്കാര്‍ക്കോ ഓട്ടോക്കാര്‍ക്കോ ടൂറിസം വകുപ്പിനോ ഇത്തരം നമ്പറുകള്‍ അറിയില്ലെന്നതാണ് സത്യം. ഗുരുവായൂരിലേക്കും ശബരിമലയിലേക്കും വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ക്കും തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ക്കും ഏറെ ആശ്രയമാകുമായിരുന്ന സംവിധാനം അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലായ്മ മൂലമാണ് തകിടം മറിഞ്ഞതെന്നാണാക്ഷേപം. നേരത്തെ ദേശീയ ഗെയിംസിനോടനുബന്ധിച്ചും ഇത്തരം ദിശാസൂചികകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ഒന്നിലധികം തവണ വടക്കുന്നാഥനെ വലംവെച്ച ശേഷമേ കടന്നുപോകാനുള്ള വഴികള്‍ കണ്ടെത്താനാകൂ എന്ന ദുരവസ്ഥയാണ് യാത്രക്കാര്‍ക്കുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss