|    Jan 17 Tue, 2017 10:54 pm
FLASH NEWS

റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1,206 കോടി

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന-ജില്ലാ റോഡുകള്‍ വീതികൂട്ടി ബിഎം ആന്റ് ബിസി സാങ്കേതികവിദ്യയില്‍ നവീകരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1206 കോടി രൂപ വകയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 5000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജില്‍ റോഡ്, പാലം, ഫ്‌ളൈ ഓവറുകള്‍/അണ്ടര്‍ പാസേജുകള്‍, ബൈപാസുകള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍ എന്നിവയ്ക്കും അനുവാദം നല്‍കിയിട്ടുണ്ട്.
1475 കോടി രൂപ ചെലവില്‍ 68 പാലങ്ങള്‍, 180 കോടി ചെലവില്‍ 8 ഫ്‌ളൈ ഓവറുകള്‍, 40 കോടി ചെലവില്‍ 4 അണ്ടര്‍ പാസേജുകള്‍, 385 കോടി രൂപ ചെലവില്‍ 17 ബൈപാസുകള്‍, 2800 കോടി രൂപയുടെ 137 റോഡുകള്‍, 295 കോടി രൂപയുടെ 14 റെയില്‍വേ മേല്‍പ്പാലങ്ങള്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍. ലോകബാങ്ക് സഹായത്തോടെ നടക്കുന്ന കെഎസ്ടിപി രണ്ടാംഘട്ട പദ്ധതിക്ക് 523 കോടി, ജില്ലകളിലെ പ്രധാന റോഡുകള്‍ക്ക് 90 കോടി, നബാര്‍ഡ് പ്രവൃത്തികള്‍ക്ക് 295 കോടി, സംസ്ഥാന റോഡ് വികസന പദ്ധതി 82 കോടി വകയിരുത്തി.
കൊച്ചി മെട്രോ, വിഴിഞ്ഞം ഹാര്‍ബര്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ, ഹില്‍ ഹൈവേ, മൊബിലിറ്റി ഹബ്, സബര്‍ബന്‍ റെയില്‍ കോറിഡോര്‍, നിലവിലുള്ള വന്‍കിട പാര്‍ക്കുകളുടെ നിര്‍മാണം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് പ്രൊജക്ട്‌സ് എന്ന ശീര്‍ഷകത്തില്‍ വകയിരുത്തിയിട്ടുള്ള 2,536 കോടി രൂപ ഉപയോഗപ്പെടുത്തും.
അതേസമയം, റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1,206 കോടി രൂപ വകയിരുത്തിയപ്പോള്‍ ഈയിനത്തില്‍ 1,535.46 കോടി രൂപ കുടിശ്ശികയുണ്ട്. നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ക്ക് 4,500 കോടി രൂപയാണ് അടങ്കല്‍ തുക. നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുവാദം നല്‍കുന്നതില്‍ ഉണ്ടായിട്ടുള്ള അയവേറിയ സമീപനമാണ് ബാധ്യത പെരുകാന്‍ ഇടയാക്കിയതെന്ന് ബജറ്റില്‍ വിമര്‍ശിക്കുന്നുണ്ട്. നടപ്പുവര്‍ഷത്തിലും അടുത്തവര്‍ഷവും സ്ഥിതിവിശേഷം അതീവഗുരുതരമാവുമെന്നും ഇരട്ട ഇടപെടല്‍ തന്ത്രം അനിവാര്യമാണെന്നും ബജറ്റില്‍ പറയുന്നു.
പുതിയ പ്രവൃത്തികള്‍ക്ക് അനുവാദം നല്‍കുമ്പോള്‍ ചട്ടങ്ങ ള്‍ കര്‍ശനമായി പാലിക്കുമെന്നും പ്രത്യേക നിക്ഷേപ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കുന്ന റോഡുകളും പാലങ്ങളും മെയിന്റനന്‍സ് ഉറപ്പുവരുത്തുന്ന രീതിയില്‍ കരാര്‍ നല്‍കുമെന്നും ബജറ്റില്‍ പറയുന്നു. റവന്യൂ ചെലവ് കുറച്ച് കൂടുതല്‍ പണം പൊതുമരാമത്ത് പണികളുടെയും മറ്റും ബില്ലുകള്‍ മാറുന്നതിന് ലഭ്യമാക്കാന്‍ ധനവകുപ്പിന് കഴിയണമെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക