|    Mar 23 Fri, 2018 5:07 am

റോഡുകളെല്ലാം ഇടവഴികളാക്കി കോര്‍പറേഷന്റെ മാസ്റ്റര്‍ പ്ലാന്‍

Published : 12th August 2017 | Posted By: fsq

 

തൃശൂര്‍: നഗരത്തിലെ ഗതാഗതം സുഗമമാക്കാന്‍ തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനിലെ റോഡ് വികസന നിര്‍ദ്ദേശങ്ങളെല്ലാം റോഡുകളുടെ വീതികുറച്ച് അട്ടിമറിച്ചു. വീതിയേറിയ റോഡുകള്‍ക്കായി നാടാകെ ആവശ്യമുയരുമ്പോള്‍ 45 വര്‍ഷംമുമ്പ് കൗണ്‍സില്‍ അംഗീകരിച്ചതും എതിര്‍പ്പുകളില്ലാത്തതുമായ റോഡ് വികസന നിര്‍ദ്ദേശങ്ങള്‍പോലും ഉപേക്ഷിക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനം. മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, സി.പി.എം കൗണ്‍സിലര്‍ അനൂപ് ഡേവീസ് കാട കോണ്‍ഗ്രസ് പ്രതിപക്ഷനേതാവ് അഡ്വ.എം കെ മുകുന്ദന്‍, എ പ്രസാദ് എന്നിവര്‍ ജൂലായ് 24നും 25നും യോഗം ചേര്‍ന്നാണ് വികസന അട്ടിമറി നടത്തിയത്. ബി.ജെ.പി പ്രതിനിധിയെ യോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. തീരുമാനം ഇനി കൗണ്‍സില്‍ അംഗീകരിക്കേണ്ടതുണ്ട്. സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് ഏകകണ്ഠതീരുമനം എടുത്ത സാഹചര്യത്തില്‍ കൗണ്‍സിലും തീരുമാനം അംഗീകരിക്കാനാനിടയുണ്ട്.വിദഗ്ദസമിതിയെ നിയോഗിച്ച് ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് മാസ്റ്റര്‍പ്ലാന്‍ പരിഷ്‌ക്കരിക്കുമെന്നായിരുന്നു ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിയുടെ പ്രഖ്യാപനമെങ്കിലും അതൊന്നും പാലിക്കാതെ അഞ്ച് കൗണ്‍സിലര്‍മാരും നഗരസഭയിലെ ഉദ്യോഗസ്ഥരും മാത്രം ചേര്‍ന്ന് ചര്‍ച്ച നടത്തി. ഒരു വിധ തത്വദീഷയും സാങ്കേതിക പിന്‍ബലവുമില്ലാതെ മാസ്റ്റര്‍പ്ലാനിലെ റോഡ് വികസന നിര്‍ദ്ദേശങ്ങളാകെ അട്ടിമറിക്കുകയായിരുന്നു. 45 വര്‍ഷമായി നിലനില്‍ക്കുന്ന ഡി.ടി.പി സ്‌കീം അനുസരിച്ചുള്ള റിങ്ങ് റോഡ് പദ്ധതി നിര്‍ദ്ദേശങ്ങള്‍പോലും നിയമവിരുദ്ധമായി അട്ടിമറിച്ചിട്ടുണ്ട്.ചീഫ് ടൗണ്‍പ്ലാനര്‍ക്ക് വേണ്ടി സീനിയര്‍ ടൗണ്‍പ്ലാനര്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ 2012ല്‍ ഒരു വിധ ചര്‍ച്ചയുമില്ലാതെ ഐ.പി.പോള്‍ അധ്യക്ഷനായ കൗണ്‍സില്‍ ഏകകണ്ഠമായും തുടര്‍ന്ന് സര്‍ക്കാരും അംഗീകരിച്ചതാണ്. വ്യാപകമായി പരാതികള്‍ ഉയര്‍ന്നപ്പോള്‍ പദ്ധതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ കൗണ്‍സിലിനെ അനുമതി നല്‍കുകയായിരുന്നു.അറുന്നൂറോളം പരാതികളാണ് തുടര്‍ന്ന് ലഭിച്ചത്. വിദഗ്ദ സമിതിയെ നിയോഗിച്ച് പരാതികള്‍ പരിശോധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് പകരം മേയര്‍ ഐ പി പോളിന്റെ നേതൃത്വത്തില്‍ മേഖലാതലത്തില്‍ കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്ന് റോഡുകളുടെയെല്ലാം വീതി കൂട്ടാനുള്ള നിര്‍ദ്ദേശങ്ങള്‍ കുറക്കുകയും പാടങ്ങള്‍ മുഴുവന്‍ നികത്താവുന്നവിധം സമ്മിശ്ര സോണ്‍ ആക്കുകയുമായിരുന്നു. ഭൂമാഫിയയുടെ സമ്മര്‍ദ്ദത്തില്‍ മാസ്റ്റര്‍പ്ലാന്‍ അട്ടിമറിച്ചതായി ആരോപണവും അന്ന് ഉയര്‍ന്നിരുന്നു. മാത്രമല്ല ആ നിര്‍ദ്ദേശങ്ങള്‍ ചീഫ് ടൗണ്‍പ്ലാനറും യു.ഡി.എഫ് സര്‍ക്കാരും തള്ളികളഞ്ഞ് കോര്‍പ്പറേഷന് തിരുച്ചയച്ചതാണ്. രാജന്‍ പല്ലന്‍ മേയറായപ്പോള്‍ നടത്തിയ സന്മര്‍ദ്ദത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണമന്ത്രി മഞ്ഞിളാംകുഴി അലി കിലയില്‍ ചീഫ് ടൗണ്‍ പ്ലാനറും കോര്‍പ്പറേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തി ചീഫ് ടൗണ്‍പ്ലാനര്‍ക്ക് കൂടി സ്വീകാര്യമായ നിലയില്‍ മാറ്റങ്ങള്‍ വരുത്തി തീര്‍പ്പുണ്ടാക്കിയതാണ്. അതിന് കൗണ്‍സില്‍ അംഗീകാരത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രിലില്‍ കോര്‍പ്പറേഷന്‍ തിരിച്ചയച്ചതാണ്. എന്നാല്‍ വികസനോമുഖമായ സമഗ്രമാറ്റം എല്‍.ഡി.എഫ് കൗണ്‍സില്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നരവര്‍ഷമായി ഒരു നടപടിയും ഉണ്ടായില്ല. മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ കാലാവധിയും കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നേതാക്കള്‍ മാത്രം ചര്‍ച്ച നടത്തി റോഡുകളുടെ കാര്യത്തില്‍ മാത്രം തിരക്കിട്ട് തീരുമാനമെടുക്കുകയായിരുന്നു.രാജന്‍ പല്ലന്റെ കാലത്ത് പരിഷ്‌കരിച്ച മാസ്റ്റര്‍ പ്ലാനിങ്ങ് പകരം നേതാക്കള്‍ അടിസ്ഥാനമാക്കിയത് ഐ.പി.പോളിന്റെ കാലത്ത് അട്ടിമറിച്ചതും സര്‍ക്കാരും സി.ടി.പി.ടും തള്ളികളഞ്ഞതുമായ പദ്ധതിയായിരുന്നു ഐ.പി.പോളിന്റെ കാലത്ത് പരിഷ്‌കരിച്ച് അംഗീകരിച്ച് പാസാക്കിയ റോഡുകളുടെ വീതിപോലും കുറച്ചുകൊണ്ടായിരുന്നു പുതിയ തീരുമാനം. 72ല്‍ കൗണ്‍സില്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാനിനനുസൃതമായി 73-74 കാലത്ത് തയ്യാറാക്കിയ സര്‍ക്കാര്‍ അംഗീകരിച്ച് വിവിധ ഡി.ടി.പി സ്‌കീമുകളില്‍ നിര്‍ദ്ദേശിച്ച റോഡ് വീതി പോലും നിയമവിരുദ്ധമായി വെട്ടി കുറച്ചുകൊണ്ടാണ് പുതിയ തീരുമാനം.ശക്തന്‍നഗര്‍-പടിഞ്ഞാറെകോട്ട പാട്ടുരായ്ക്കല്‍-കിഴക്കേകോട്ട-ശക്തന്‍നഗര്‍ ബന്ധിപ്പിക്കുന്ന റിങ്ങ് റോഡിന് 25 മീറ്റര്‍ വീതിയായിരുന്ന 72ലെ അംഗീകൃത മാസ്റ്റര്‍പ്ലാനിലും ഡി.ടി.പി സ്‌കീമിലും. അത് 32 മീറ്ററായി വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു 2012ലെ പുതുക്കിയ മാസ്റ്റര്‍പ്ലാന്‍. ഐ. പി.പോള്‍  അത് 22 മീറ്ററാക്കി കുറച്ചു. പല്ലന്‍ മന്ത്രിതല ചര്‍ച്ചയില്‍ അത് 27 മീറ്ററാക്കി. അതേസമയം 21 മീറ്ററാക്കി കുറച്ചുകൊണ്ടാണ്  പുതിയ തീരുമാനം. 45 വര്‍ഷമായി ഇത് അംഗീകരിച്ചതനുസരിച്ച് മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന റിങ്ങ് റോഡ് എന്തിനാണ് 21 മീറ്ററാക്കിയതെന്ന് വ്യക്തമല്ല. മാസ്റ്റര്‍പ്ലാനില്‍ നിര്‍ദ്ദേശിച്ച 116 റോഡ് വികസന നിര്‍ദ്ദേശങ്ങളിലും സമാനമായ അട്ടിമറികളുണ്ട്. കോണ്‍ഗ്രസ്-സി.പി.എം നേതാക്കള്‍ അംഗീകരിച്ച പരിഷ്‌കരിച്ച മാസ്റ്റര്‍പ്ലാനര്‍ സ്വാഭാവികമായും കൗണ്‍സിലും അംഗീകരിച്ചേക്കും. ചീഫ് ടൗണ്‍പ്ലാനില്‍ യു.ഡി.എഫ് സര്‍ക്കാരും ഒരിക്കല്‍ നിരാകരിച്ച നിര്‍ദ്ദേശങ്ങള്‍ അതിലും മോശമായ അവസ്ഥയിലാക്കിയത് സര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന് വ്യക്തമാല്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss