|    Oct 16 Tue, 2018 12:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഡുകളെക്കുറിച്ചുള്ള പരാതികള്‍ക്കു പുതിയ സംവിധാനം

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: റോഡുകളെപ്പറ്റി പൊതുജനങ്ങള്‍ക്കുള്ള പരാതികളും നിര്‍ദേശങ്ങളും നേരിട്ടു കേട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, വകുപ്പിലെ പരിഷ്‌കരിച്ച പരാതി പരിഹാര സംവിധാനം ഉദ്ഘാടനം ചെയ്തു. മഞ്ചേരി മണ്ഡലത്തിലെ ആമയൂരിലെ വെള്ളക്കെട്ട് സംബന്ധിച്ച പരാതി പറഞ്ഞ അബ്ദുല്ലയുടെ ഫോണ്‍ കോളാണ് മന്ത്രി ആദ്യം കേട്ട് വിശദാംശങ്ങള്‍ ശേഖരിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. തുടര്‍ന്ന് ഒരു മണിക്കൂറിലേറെ അദ്ദേഹം വിവിധ ജില്ലകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിച്ച് പരാതികള്‍ കേട്ടു.  കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്റ്റിന്റെ വെള്ളയമ്പലത്തെ ഓഫിസിലാണ് എല്ലാ പ്രവൃത്തിദിനങ്ങളിലും 18004257771 എന്ന നമ്പറിലൂടെ ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നത്. ഇതിനായി രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെ രണ്ടു ഷിഫ്റ്റുകളിലായി ജീവനക്കാരുണ്ടാകും. ജനങ്ങളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും നേരിട്ടു കേള്‍ക്കാന്‍ എല്ലാ മാസവും ആദ്യ ബുധനാഴ്ച വൈകീട്ട് മൂന്നര മുതല്‍ നാലര വരെ പൊതുമരാമത്ത് മന്ത്രി തന്നെ കോളുകള്‍ സ്വീകരിക്കാന്‍ ഈ ഓഫിസിലുണ്ടാകും. ആരും പരാതി പറയാതെ തന്നെ കാര്യങ്ങള്‍ കൃത്യമായി നടക്കാനുള്ള വ്യവസ്ഥ സൃഷ്ടിക്കുന്ന സമീപനവുമായാണ് വകുപ്പ് മുന്നോട്ടുപോവുന്നതെന്നു പരാതി പരിഹാര സെല്‍ ഉദ്ഘാടനം ചെയ്ത് ജി സുധാകരന്‍ പറഞ്ഞു. ലഭ്യമായ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അലംഭാവം ഉണ്ടാകാതെ കാര്യങ്ങള്‍ കൃത്യമായി നടത്താനാണ് ശ്രമം. മഴ മാറിയാല്‍ റോഡുകളുടെ അറ്റകുറ്റപ്പണി സംസ്ഥാനമാകെ നടത്തും. മഴക്കാലത്ത് റോഡ് പണിഞ്ഞാല്‍ അതു തകരുമെന്നതിനാലാണ് ഇക്കാലത്തുള്ള അറ്റകുറ്റപ്പണി കുറയുന്നത്. അറ്റകുറ്റപ്പണിക്ക് 300 കോടി രൂപ 140 മണ്ഡലങ്ങളിലുമായി അനുവദിച്ചിട്ടുണ്ട്. പറഞ്ഞ സമയത്തേക്കാള്‍ നേരത്തെയാണു പല നിര്‍മാണങ്ങളും ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത്. ഏനാത്ത് പാലം ഉള്‍പ്പെടെ ഉദാഹരണമാണ്. 200ല്‍പരം പാലങ്ങളും റോഡുകളും ഒരു വര്‍ഷത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്തു. നിലവില്‍ വകുപ്പില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശക്തിപ്പെടുത്തും. കെഎസ്ടിപിയുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെഎസ്ടിപി പ്രൊജക്റ്റ് ഡയറക്ടര്‍ അജിത് പാട്ടീല്‍  അധ്യക്ഷത വഹിച്ചു. ബിജു പ്രഭാകര്‍, വി വി ബിനു, ഡാര്‍ലിന്‍ സി ഡിക്രൂസ് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss