|    Oct 23 Tue, 2018 7:25 am
FLASH NEWS

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 15ന് തുടങ്ങും

Published : 27th September 2017 | Posted By: fsq

 

കല്‍പ്പറ്റ: മഴക്കാലത്ത് തകര്‍ന്ന പ്രധാന പിഡബ്ല്യുഡി റോഡുകളുടെ കുഴിയടയ്ക്കല്‍ ഉള്‍പ്പടെയുള്ള അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 15ന് ആരംഭിക്കാന്‍ കലക്ടറേറ്റില്‍ എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. റോഡുകളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കുന്നതിന് നടന്ന ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി കല്‍പ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങള്‍ക്ക് രണ്ടര കോടി രൂപ വീതവും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ഒന്നര കോടിയും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ സാങ്കേതികാനുമതി ലഭിക്കേണ്ട അവസാന ദിവസം ഇന്നാണ്. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കി മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഒക്ടോബര്‍ മധ്യത്തില്‍ തുടങ്ങാനാവുമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ജില്ലയിലെ താറുമാറായ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഈ തുക തികയില്ലെന്നും കൂടുതല്‍ തുകയ്ക്കുള്ള കൃത്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാനും യോഗം നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ വിവിധ ഘട്ടത്തിലാണെന്ന് എല്‍എസ്ജിഡിയുടെ ചുമതലയുള്ള എന്‍ജിനീയര്‍മാര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ മാത്രം 85 ജോലികളുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും 55 എണ്ണം ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടെന്നും 12 എണ്ണത്തിന് മാത്രമാണ് പ്രതികരണം ഉണ്ടായിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. ജിഎസ്ടിയും സാമഗ്രികള്‍ ലഭിക്കാത്തതും റോഡ് പണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അതിന് അടിയന്തര പരിഹാരം വേണമെന്നും സി കെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. പല കരാറുകാറും ജോലികള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവരാത്ത സാഹചര്യമാണെന്ന് മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു അഭിപ്രായപ്പെട്ടു. 2016-17, 17-18 കാലയളവിലേക്ക് ബജറ്റ് നിര്‍ദേശത്തില്‍ വന്നതും കിഫ്ബി പണം ലഭ്യമാക്കേണ്ടതുമായ പിഡബ്ല്യുഡി ജോലികളുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ അതിന്റെ പകര്‍പ്പ് എംഎല്‍എമാര്‍ക്ക് കൂടി ലഭ്യമാക്കണമെന്നു യോഗത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇതുവഴി എംഎല്‍എമാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ പണത്തിനായി സമ്മര്‍ദം ചെലുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ക്വാറികളുടെ പ്രയോജനം ഇവിടത്തുകാര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ക്വാറികള്‍ക്ക് പുതുതായി അനുമതി നല്‍കാന്‍ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അതു പാലിക്കുന്ന മുറയ്ക്ക് അനുകൂല തീരുമാനമെടുക്കുമെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് കരാറുകാരുടെയും ജില്ലയിലെ ക്വാറി ഉടമകളുടെയും ജനപ്രതിനിധികളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം ഒക്ടോബര്‍ 5ന് വിളിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ഈ യോഗത്തില്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്യും. ജില്ലയിലെ ക്വാറികളില്‍ നിന്നുള്ള സാമഗ്രികള്‍ ഇവിടത്തുകാര്‍ക്ക് ലഭ്യമാവാത്ത സാഹചര്യവും സാമഗ്രികളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രശ്‌നങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്യും. ദേശീയപാതയില്‍ അറ്റകുറ്റപ്പണികള്‍ക്ക് അഞ്ച് റീച്ചുകളിലായി 24 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൈനാട്ടി മുതല്‍ സുല്‍ത്താന്‍ ബത്തേരി അതിര്‍ത്തി വരെയുള്ള പാച്ച്‌വര്‍ക്ക് അടുത്തമാസം തുടങ്ങുമെന്ന് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേശീയപാതയ്ക്ക് ഇരുവശവുമുള്ള കാട് വെട്ടുന്നതിന് കൈനാട്ടി മുതല്‍ മുത്തങ്ങ വരെ ഏഴുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ലക്കിടി മുതല്‍ കാട് വെട്ടുന്നതിന് രണ്ടര ലക്ഷം രൂപ അനുവദിച്ചതായും ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. റോഡ് സേഫ്റ്റി ഫണ്ടില്‍ ജില്ലയ്ക്ക് 50 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സൂചനാ ബോര്‍ഡുകള്‍, സിഗ്നല്‍ ലൈറ്റുകള്‍ തുടങ്ങിയവ ആവശ്യമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആര്‍ടിഒ്ക്ക് വിവരം നല്‍കണമെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss