|    Jul 25 Tue, 2017 8:39 pm
FLASH NEWS

റോഡിന് ഇരുവശവും വാഹന പാര്‍ക്കിങ്; അപകടങ്ങള്‍ പതിവാകുന്നു

Published : 1st October 2016 | Posted By: Abbasali tf

ആര്യനാട്: ആര്യനാട് പോലിസ് സ്‌റ്റേഷന്റെ മുന്‍വശത്ത് റോഡിലെ കൊടുംവളവില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്. അപകടങ്ങള്‍ പതിവായതോടെ വാഹനങ്ങള്‍ ഇവിടെ നിന്നു മാറ്റണമെന്ന് നാട്ടുകാര്‍. അപകടത്തില്‍പ്പെട്ടതും വിവിധ കേസുകളില്‍ തൊണ്ടിയായി സ്‌റ്റേഷനുകളില്‍ സൂക്ഷിക്കുന്നതുമായ വാഹനങ്ങളാണു റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ചെറിയ വാഹനങ്ങള്‍ സ്‌റ്റേഷന്‍ വളപ്പ് പൂര്‍ണമായും കൈയടക്കിയതോടെ, ടിപ്പര്‍ ലോറി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ നിരനിരയായി സ്‌റ്റേഷന് മുന്‍വശമുള്ള ആനന്ദേശ്വരം റോഡിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. റോഡിലെ കൊടുംവളവില്‍ ഇരുവശത്തുമാണ് പാര്‍ക്കിങ്. കാരിയോട് കൊക്കോട്ട റോഡിലെ പാലം പുതുക്കിപ്പണിയുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തേക്കുള്ള വാഹനങ്ങളും ആര്യനാട് നിന്നു പോലിസ് സ്‌റ്റേഷന് മുന്നിലൂടെയുള്ള ആനന്ദേശ്വരം റോഡ് വഴിയാണു സഞ്ചരിക്കുന്നത്.  മെഡിക്കല്‍ ലാബിലേക്കും മറ്റുമായി വരുന്ന വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യുന്നതോടെ ഇവിടം വാഹനം നിറയും. ഇതോടെ റോഡിലെ വളവില്‍ വാഹനാപകടങ്ങളും പതിവാണ്. കഴിഞ്ഞ കര്‍ക്കിടക വാവ് സമയത്ത് ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ ബലിതര്‍പ്പണങ്ങള്‍ക്കെത്തുന്ന ആയിരക്കണക്കിനു ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം വാഹനങ്ങള്‍ മാറ്റിയിടണമെന്ന് പോലിസ് ഉദ്യോഗസ്ഥരോട് ക്ഷേത്രം ഭരാവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുകൂല സമീപനം സ്വീകരിക്കാന്‍ പോലിസ് തയ്യാറായില്ല. നിലവില്‍ ആര്യനാട് ഗ്രാമപ്പഞ്ചായത്ത് വിവിധ ആവശ്യങ്ങള്‍ക്കായി വാങ്ങിയ ഭൂമി സ്‌റ്റേഷന് അധികം അകലെയല്ലാതെ പലയിടത്തുമുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ആരംഭിക്കാത്ത ഈ സ്ഥലത്തേക്ക് പോലിസ്, വാഹന യാര്‍ഡ് സ്ഥാപിച്ച് അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ അടിയന്തരമായി മാറ്റണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക