|    Aug 18 Fri, 2017 12:43 pm
FLASH NEWS

റോഡിന് അനുമതി നല്‍കിയില്ല: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയെന്ന്

Published : 5th August 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിനെ യോഗത്തിലേക്കെന്ന വ്യാജേന വിളിച്ചുവരുത്തി സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം. സര്‍ക്കാര്‍ സ്‌കൂള്‍ മൈതാനം കയ്യേറി റോഡ് നിര്‍മിക്കാനുള്ള വിഷയവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വികസന സമിതി യോഗത്തിലേക്കെന്ന വ്യാജേനയാണ് പ്രസിഡന്റിനെ വിളിച്ചു വരുത്തിയത്. പുറമെ നിന്നെത്തിയ സിപിഎം സംഘത്തിനെതിരെ ഗ്രൗണ്ട് സംരക്ഷണ സമിതി അംഗങ്ങള്‍ കൂടിയായ ഡിവൈഎഫ്‌ഐയിലെ ഒരുവിഭാഗവും എഐവൈഎഫ്, സിപിഐ പ്രവര്‍ത്തകരും ചേര്‍ന്ന് പ്രസിഡന്റിന് സുരക്ഷയൊരുക്കിയതോടെ സംഘര്‍ഷ സാധ്യത വര്‍ധിച്ചു. സാഹചര്യം മനസിലാക്കി പ്രസിഡന്റും ഒപ്പമുണ്ടായ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടീച്ചറും കാറില്‍ കയറി. ഈസമയത്ത് പുറമെ നിന്നെത്തിയ സിപിഎം പ്രവര്‍ത്തകരും ബ്ലോക്ക് പഞ്ചായത്തംഗമായ ഇ പി കെ സുഭാഷിതനും ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ആക്രമിക്കാനൊരുങ്ങി. ഇതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയാണുണ്ടായത്.  സിപിഎമ്മിന്റെ സംസ്ഥാന നേതാവിന്റെ മകന്‍ വാങ്ങിയ ഭൂമിയിലേക്ക് സ്‌കൂള്‍ മൈതാനത്തിലൂടെ മൂന്ന് മീറ്റര്‍ വഴി വിട്ടുകൊടുക്കണമെന്നായിരുന്നു ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമുള്‍പ്പടെ പുറമെ നിന്നെത്തിയവരുടെയും വാദം. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയാണിതെന്നും അതില്‍ ജില്ലാ പഞ്ചായത്തിന് അവകാശമില്ലെന്നും മറുപടി നല്‍കിയ പ്രസിഡന്റ്, ഭൂമി ആവശ്യമെങ്കില്‍ സര്‍ക്കാരിനോട് അപേക്ഷിക്കാനും നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ മൈതാനത്തിന്റെ സംരക്ഷണഭിത്തി  അനുവാദമില്ലാതെ പൊളിച്ച് ജെസിബി ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ സ്വകാര്യ വ്യക്തി വാങ്ങിയ ഭൂമിയിലേക്ക് കയറ്റിയിരുന്നു. എ ന്നാല്‍ സ്‌കൂള്‍ പിടിഎയും വികസന സമിതിയും ഈ ഭാഗം അടച്ചുകെട്ടി. അടച്ച ഭാഗം തുറന്നുകൊടുക്കാനാവശ്യപ്പെട്ട് സിപിഎം നേതാവിന്റെ മകന്‍ ജില്ലാ പഞ്ചായത്തില്‍ അപേക്ഷിച്ചിരുന്നു. ഇതോടൊപ്പം സ്‌കൂള്‍ മൈതാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐക്കാര്‍ ഉള്‍പ്പെടുന്ന സംരക്ഷണ സമിതിയുടെ പരാതിയും ജില്ലാ പഞ്ചായത്തിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ കെ പി രാധാകൃഷ്ണന്‍ പ്രസിഡന്റിനെ അറിയിച്ചതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക