|    Apr 25 Wed, 2018 10:47 am
FLASH NEWS

റോഡിന്റെ ശോച്യാവസ്ഥ: യാത്രക്കാര്‍ ദുരിതത്തില്‍

Published : 22nd October 2015 | Posted By: SMR

സ്വന്തം പ്രതിനിധി

പട്ടാമ്പി: റോഡ് തകര്‍ച്ചയും വെള്ളക്കെട്ടും അനധികൃത പാര്‍ക്കിങുകളും യഥേഷ്ടം നടമാടുന്ന പട്ടാമ്പി നഗരത്തിലെത്തുന്ന യാത്രക്കാര്‍ ദുരിതത്തില്‍. കാല്‍നട യാത്രക്കാരും ഇരു ചക്ര വാഹനക്കാരുമാണ് ഏറെ ക്ലേശം അനുഭവിക്കുന്നത്. വര്‍ഷകാലങ്ങളില്‍ മഴ വെള്ളവും അല്ലാത്തപ്പോള്‍ പഞ്ചായത്ത് സ്ഥാപിച്ച പഴയ പൈപ്പുകള്‍ പൊട്ടി വെള്ളം നിരത്തിലൂടെ ഒഴുകുന്ന തും ജനങ്ങള്‍ക്ക് ഒരുപോലെ ബുദ്ധിമുട്ടാവുന്നു.
20അടി ഉണ്ടായിരുന്ന റോഡ് 70 കളിലെ അവസാനം വീതി കൂടിയപ്പോള്‍ പൈപ്പ് ലൈന്‍ മാറ്റാത്തതാണ് നടുറോഡില്‍ വെള്ളക്കുഴല്‍ വരാന്‍ കാരണമായത്. പട്ടാമ്പി ബസ് സ്റ്റാന്റിന് മുന്നില്‍ നിന്നാരംഭിക്കുന്ന വെള്ളക്കെട്ടുകളും കുഴികളും ഇടയിക്കിടെ അടക്കാറുണ്ടെങ്കിലും പ്രയോജനപ്പെടാറില്ല.
പെരിന്തല്‍മണ്ണ-തൃശ്ശൂര്‍, പാലക്കാട്-ഗുരുവായൂര്‍ സംസ്ഥാന പാതകള്‍ക്ക് പുറമെ പള്ളിപ്പുറം-ചെര്‍പ്പുളശ്ശേരി തുടങ്ങിയ ചെറു റോഡുകളും സംഗമിക്കുന്നതുകൊണ്ട് വാഹന പെരുപ്പവും റോഡും പൈപ്പും തകരുന്നതിന് വേഗത കൂട്ടുന്നു. മാര്‍ക്കറ്റ് റോഡിലെ വെള്ളക്കെട്ടിനരികിലൂടെയാണ് നഗരസഭ-ബ്ലോക്ക്-താലൂക്ക് വിഭാഗങ്ങളിലെ അധികാരികള്‍ മുഴുവന്‍ സഞ്ചരിക്കുന്നതെങ്കിലും മലിനജല നിര്‍മാര്‍ജന കാര്യത്തില്‍ അവരും കൈമലര്‍ത്തുകയാണ്. റെയില്‍വേ മേല്‍പ്പാലത്തില്‍ കൂടി ഒലിച്ചിറങ്ങുന്ന തീവണ്ടികളിലെ കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം കൂടി യാത്രക്കാര്‍ക്ക് വെല്ലുവിളിയാവുന്നു.
പട്ടാമ്പിയിലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യം സംസ്‌കരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ല. പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാ ന്റുണ്ടെങ്കിലും പ്രവര്‍ത്തനം നിലച്ച മട്ടാണ്. പട്ടാമ്പി എസ്ബി ടി ക്കടുത്ത് നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങളില്‍ നിന്നുള്ള മലിനജലം ഭാരതപ്പുഴവരെ ഒഴുകുന്നതും യാത്രക്കാര്‍ക്ക് കടുത്ത ഭീഷണിയാണ്. പോലിസ് സ്റ്റേഷന് മുന്നിലുള്ള കീഴായുര്‍ റോഡ് ജങ്ഷനിലെ വെള്ളക്കെട്ടിലും പെരിന്തല്‍മണ്ണ റോഡിലെ ജ്വല്ലറിക്കടുത്തുള്ള കുഴിയിലും ദിവസേന ഇരുചക്ര വാഹനങ്ങളടക്കമുള്ള യാത്രക്കാര്‍ അപകടത്തില്‍പെടുമ്പോഴും പരിഹാര നടപടികളില്ല. ഇവ പരിഹരിക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നെങ്കില്‍ എന്ന പ്രതീക്ഷയിലാണ് പട്ടാമ്പിയിലെത്തുന്ന യാത്രക്കാര്‍. മാസങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡ് മഞ്ഞളുങ്ങല്‍ മുതല്‍ പട്ടാമ്പി പിന്നിടുംവരെ തകര്‍ന്ന് തരിപ്പണമായിട്ടും എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ജനകീയ രോഷം ശക്തമാണ്. നഗരത്തിലെ അനധികൃത കെട്ടിട നിര്‍മാണങ്ങളും പാര്‍ക്കിങുകളും യഥേഷ്ടം വര്‍ധിക്കുമ്പോഴും നടപടി സ്വീകരിക്കേണ്ടവര്‍ ഉറക്കം നടിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss