|    Oct 15 Mon, 2018 8:14 pm
FLASH NEWS

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നില്ല; യാത്ര ചെയ്യാനാവാതെ ഗ്രാമവാസികള്‍

Published : 7th September 2017 | Posted By: fsq

 

വണ്ണപ്പുറം: 15 വര്‍ഷം മുമ്പ് ടാര്‍ ചെയ്തുപോയ അധികൃതര്‍ തിരിഞ്ഞുനോക്കാതായതോടെ മുള്ളരിങ്ങാട്- പട്ടയക്കുടി മേഖലയിലെ ജനങ്ങള്‍ ദുരിതത്തിലായി. ഒരുതരത്തിലും യാത്ര ചെയ്യാനാവാത്തവിധം റോഡ് താറുമാറായിരിക്കുകയാണ്. ദിനംപ്രതി പതിനഞ്ചിലേറെ ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്. റോഡ് തകര്‍ന്നതോടെ മേഖല മുഴുവന്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഇതു വഴിയുള്ള സര്‍വീസും നിലയ്ക്കുന്ന സ്ഥിതി. നൂറുകണക്കിന് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇതോടെ ദുരിതത്തിലായി. ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവാണ്. ഓട്ടോകളടക്കമുള്ള ടാക്‌സികള്‍ ഇതുവഴിയുള്ള സര്‍വീസ് നിര്‍ത്തി. പതിനഞ്ച് വര്‍ഷം മുന്‍പാണ് ഈ റോഡ് ഇതിനു മുന്‍പ് ടാര്‍ ചെയ്തത്. ടാറിങ്ങിനു ശേഷം ഒരിക്കല്‍പോലും റോഡ് റീടാറിങ് നടത്തിയില്ലെന്നു നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പലതവണ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ജനപ്രതിനിധികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുമ്പോള്‍ കുഴിയടയ്ക്കല്‍ ജോലി മാത്രമേ നടത്താറുള്ളൂവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ കുഴിയടയ്ക്കലും നടത്തുന്നില്ല. റോഡിന്റെ നിര്‍മാണ വേളയില്‍ റോഡരികില്‍ ഓടകള്‍ നിര്‍മിക്കാതിരുന്നതാണ് റോഡ് തകരാന്‍ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വര്‍ഷകാലത്ത് മഴവെള്ളം ഒഴുകി റോഡ് തകരുന്നതും പതിവാണ്. റോഡിന് വീതികുറവായതും പലപ്പോഴും ഗതാഗതത്തിനു തടസ്സമാകുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരുന്നുവെങ്കിലും റോഡരികില്‍ വന്‍ മരങ്ങള്‍ നില്‍ക്കുന്നതിനാല്‍ ഇതുവരെ റോഡ് വീതികൂട്ടാന്‍ സാധിച്ചില്ല. അടുത്ത കാലത്ത് റോഡിലേക്ക് വന്‍ മരങ്ങളിലൊന്ന് ഒടിഞ്ഞുവീണ് വൈദ്യുതിപോസ്റ്റുകള്‍ തകരുന്നതിനും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നതിനും കാരണമായിരുന്നു. റോഡ് വീതികൂട്ടി റീടാര്‍ ചെയ്തില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണു നാട്ടുകാരുടെ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss