|    Dec 13 Wed, 2017 3:31 am
FLASH NEWS

റോഡിന്റെ ശോച്യാവസ്ഥ; ഇരിക്കൂര്‍-ബ്ലാത്തൂര്‍ റൂട്ടില്‍ ഇന്നു മുതല്‍ ബസ്സോട്ടം നിലയ്ക്കും

Published : 5th October 2016 | Posted By: Abbasali tf

ഇരിക്കൂര്‍:  തകര്‍ന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഇരിക്കൂര്‍-കല്യാട്-ബ്ലാത്തൂര്‍ റൂട്ടില്‍ ഇന്നു മുതല്‍ സ്വകാര്യ ബസ്സുകള്‍ ഓട്ടം നിര്‍ത്തിവയ്ക്കുന്നു. അനിശ്ചിതകാലത്തേക്കാണ് സമരം നടത്താന്‍ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്നു ചാലോട്-ബ്ലാത്തൂര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന 20ഓളം ബസ്സുകളാണ് ഓട്ടം       നിര്‍ത്തുന്നത്. ഇരിക്കൂര്‍ ടൗണ്‍ മുതല്‍ കല്യാട്-ബ്ലാത്തൂര്‍ ടൗണ്‍ വരെയുള്ള ഒമ്പതു കിലോമീറ്റര്‍ റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. റൂട്ടില്‍ സര്‍വീസ് നടത്തുന്ന മിക്ക ബസ്സുകള്‍ക്കും ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തേണ്ടി വരികയാണ്. പലതവണ റോഡിന്റെ അവസ്ഥ അധികൃതരെ അറിയിച്ചിരുന്നു. കൂടാതെ,  പിഡബ്ല്യുഡി ഓഫിസ് ഉപരോധം, മാര്‍ച്ച് ധര്‍ണ എന്നിവയും സംഘടിപ്പിച്ചിരുന്നു. എന്നിട്ടും അധികൃതര്‍ ചെവികൊള്ളാത്തില്‍ പ്രതിഷേധിച്ചാണ് സമരത്തിനിറങ്ങുന്നത്. റോഡ് വികസനത്തിനും വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തുന്നതിനും കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തകര്‍ന്ന ഇരിക്കൂര്‍-സിദ്ദിഖ് നഗര്‍ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ അന്നത്തെ മന്ത്രിയും സ്ഥലത്തെ എംഎല്‍എയുമായ കെ സി ജോസഫിന്റെ കോലം കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. സിബ്ഗ ആര്‍ട്ട്‌സ് കോളജ്, ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ടാവങ്കൂറടക്കം നിരവധി വിദ്യാഭ്യാസകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും സ്ഥിതി ചെയ്യുന്നതും ഈ റോഡരികളിലാണ് ചെമ്പേരി, പയ്യാവൂര്‍, ഏരുവേശി തുടങ്ങി മലയോര മേഖലയില്‍ നിന്ന് നിര്‍ദ്ദിഷ്ട മട്ടന്നൂരിലെ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകൂടിയാണിത്. 10 കോടി രൂപ അനുവദിച്ചിട്ടും പണി തുടങ്ങാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക