|    Oct 20 Fri, 2017 9:00 am
FLASH NEWS

റോഡരികില്‍ കച്ചവടം നടത്തിയ വാഹനത്തിന്റെ ടയര്‍ എസ്‌ഐ കുത്തിക്കീറി;നെല്ലിക്കുഴിയില്‍ സംഘര്‍ഷം

Published : 9th August 2017 | Posted By: fsq

 

കോതമംഗലം: ഗതാഗത തടസ്സം നീക്കാന്‍ എത്തിയ എസ്‌ഐ റോഡരികില്‍ കച്ചവടം നടത്തിയ വാഹനത്തിന്റെ ടയര്‍ കുത്തിക്കീറി. നെല്ലിക്കുഴിയില്‍ സംഘര്‍ഷം, നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവത്തിന്റെ തുടക്കം. നെല്ലിക്കുഴി തൃക്കരിയൂര്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ഒന്നിന്റെ രണ്ട് ടയറുകളാണ് കോതമംഗലം എസ്‌ഐ സി വി ലൈജുമോന്‍ കുത്തിക്കീറിയത്. തിരക്കേറിയ ആലുവ  മൂന്നാര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസും ഇന്നോവ കാറും തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് റോഡ് ഗതാഗതം അല്‍പനേരം തടസ്സപ്പെട്ടിരുന്നു. ഗതാഗത തടസ്സം നീക്കാന്‍ എത്തിയ എസ്‌ഐ റോഡരികില്‍ നിര്‍ത്തിയിട്ട് കച്ചവടം നടത്തിവന്ന വാഹനത്തിനടുത്തേക്ക് വന്നപ്പോള്‍ കച്ചവടം നടത്തിയിരുന്ന വാഹനത്തിലെ ഡ്രൈവര്‍ ഇറങ്ങി ഓടുകയായിരുന്നു. പ്രകോപിതനായ എസ്‌ഐ കത്തിയുമായി ഇറങ്ങി വന്ന് ഓട്ടോറിക്ഷയുടെ മുന്നിലെയും പിന്നിലെയും ടയറുകള്‍ കുത്തിക്കീറുകയായിരുന്നു. ടയര്‍ വാങ്ങിയിട്ട് പോലിസ് സ്‌റ്റേഷനിലെത്തിക്കാന്‍ നിര്‍ദേശിച്ച് എസ് ഐ മടങ്ങിയതോടെ നാട്ടുകാര്‍ സംഘടിച്ച് ആലുവ മുന്നാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. റോഡ് ഉപരോധത്തെ തുടര്‍ന്ന് കോതമംഗലം സിഐ യുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്ത് എത്തുകയും നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ എസ്‌ഐക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കാമെന്ന് സിഐ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. ഇതിനെത്തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക