|    Nov 14 Wed, 2018 1:32 am
FLASH NEWS

റോഡരികില്‍ അറവുമാലിന്യം തള്ളിയവരെ പിടികൂടി

Published : 31st August 2018 | Posted By: kasim kzm

ഇരിട്ടി: അറവുമാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ശ്രമം നാട്ടുകാരും പോലിസും വനംവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് തടഞ്ഞു. രണ്ടു പിക്കപ്പ് വാഹനങ്ങളില്‍ എത്തിച്ച ആഴ്ചകളോളം പഴക്കമുള്ള ദുര്‍ഗന്ധം വമിക്കുന്ന അറവുമാലിന്യങ്ങള്‍ അധികൃതര്‍ തിരിച്ചയച്ചു. ഉളിക്കല്‍ പഞ്ചായത്തിലെ ആനറമലയിലേക്ക് മലപ്പുറത്തുനിന്നാണ് മാലിന്യങ്ങളെത്തിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് രണ്ടു പിക്കപ്പ് വാഹനങ്ങളില്‍ നിറയെ അറവുമാലിന്യങ്ങള്‍ കൊണ്ടുവന്നത്.
വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വന്‍ കുഴിയെടുത്ത് അതില്‍ നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം. റബര്‍ തോട്ടങ്ങളിലൂടെ കുത്തനെയുള്ള കയറ്റം കയറി പോവുന്നതിനിടെ ഒരു വാഹനത്തിന്റെ ആക്‌സില്‍ ഒടിഞ്ഞതോടെയാണ് ലക്ഷ്യം പാളിയത്. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് വാഹനം മാറ്റാന്‍ നീക്കം നടക്കുന്നതിനിടെ നാട്ടുകാര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തുകയും ഉളിക്കല്‍ പോലിസില്‍ അറിയിക്കുകയുമായിരുന്നു. വാഹനം മാറ്റാനുള്ള ശ്രമം നടത്തുന്നതിനിടെ ഇതില്‍ നിന്നുമുള്ള ചാക്കില്‍ കെട്ടിയ അറവുമാലിന്യങ്ങള്‍ പുറത്തെടുത്തിട്ടത് പരിസരത്തെ മുഴുവന്‍ ദുര്‍ഗന്ധപൂരിതമാക്കി.
ഇതിലെ മാലിന്യത്തില്‍ ഏറെയും നിക്ഷേപിച്ചത് ഇതുവഴി ഒഴുകുന്ന ശുദ്ധജല സ്രോതസ്സിലായിരുന്നു. സ്ഥലത്തെത്തിയ ഉളിക്കല്‍ എസ്‌ഐ രാജീവ് കുമാര്‍, എഎസ്‌ഐ നാസിര്‍ പൊയിലന്‍, സീനിയര്‍ സിപിഒ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസും വനം വകുപ്പ്, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യവകുപ്പ് അധികൃതരെല്ലാം സ്ഥലത്തെത്തി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നു വനാതിര്‍ത്തിയോട് ചേര്‍ന്ന് ഭൂമിയുള്ള മമ്മദ് എന്ന വ്യക്തിയാണ് ഇതിനു പിന്നിലെന്നു വ്യക്തമായി.
വനാതിര്‍ത്തി വേര്‍തിരിക്കുന്ന ജണ്ടയോട് ചേര്‍ന്ന് രണ്ടു വന്‍ കുഴികളെടുത്തതായും കണ്ടെത്തി. മേഖലയിലെ ജനങ്ങള്‍ മുഴുവന്‍ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന നീരുറവയുടെ ഉല്‍ഭവസ്ഥാനവും ആനറ സുബ്രഹ്്മണ്യ സ്വാമി ക്ഷേത്രവും ഇതിനു സമീപത്താണ്. ഇതിനെയൊക്കെ മലിനമാക്കുന്ന നിലയിലുള്ള മാലിന്യ നിക്ഷേപം അനുവദിക്കാനാവില്ലെന്നും നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് ഇവരുമായി നടത്തിയ ചര്‍ച്ചയില്‍ വാഹനം തിരിച്ചുവിടാനും ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യമായതിനാല്‍ കോഴിക്കോട് സെ ന്‍ട്രല്‍ മാര്‍ക്കറ്റ് വരെ ഓരോ സ്റ്റേഷനിലും വിവരം നല്‍കി പോലിസ് സഹായം നല്‍കാനും തീരുമാനിച്ചു. അതിനുശേഷം വാഹനം കഴുകി വൃത്തിയാക്കിയശേഷം ഉളിക്കല്‍ സ്റ്റേഷനില്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കി. അതുവരെ ഇവരുടെ വാഹനത്തിന്റെ ആര്‍സി ബുക്ക് പോലിസ് കസ്റ്റഡിയിലെടുത്തു. ഇത്തരത്തില്‍ 40ഓളം ലോഡ് മാലിന്യങ്ങള്‍ ഇവിടെയെത്തിച്ച് നിക്ഷേപിക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നാണ് അധികൃതര്‍ക്കു ലഭിച്ച വിവരം. കുടിവെള്ള സ്രോതസ്സിനോടും വനാതിര്‍ത്തിയോടും ചേര്‍ന്ന്— മാലിന്യനിക്ഷേപം നടത്താന്‍ ശ്രമിച്ച സ്വകാര്യ വ്യക്തിക്കെതിരേ നടപടിയെടുക്കുമെന്ന് ഉളിക്കല്‍ പഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ്, ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍ പ്രകാശ് എന്നിവര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss