|    Apr 21 Sat, 2018 11:34 am
FLASH NEWS

റോഡരികിലെ അനധികൃത പാര്‍ക്കിങ് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു

Published : 21st March 2017 | Posted By: fsq

 

കണ്ണൂര്‍:  നഗരത്തിലെയും പരിസരങ്ങളിലെയും റോഡിനോടു ചേര്‍ന്നുള്ള വാഹന പാര്‍ക്കിങും റോഡരികിലെ കെട്ടിടനിര്‍മാണ പ്രവര്‍ത്തനവും വാഹനങ്ങള്‍ക്കും കാല്‍നട യാത്രയ്ക്കും ദുരിതമാവുന്നു.
കണ്ണൂര്‍ നഗരത്തിലെ ദേശീയ പാതയോരത്തും മറ്റു പ്രധാന റോഡരികിലുമുള്ള അനധികൃത വാഹന പാര്‍ക്കിങാണ് യാത്രക്കാര്‍ക്ക് ഭീതിയുണ്ടാക്കുന്നത്. കെട്ടിടങ്ങളുടെ നടപ്പാത മുതല്‍ റോഡിന്റെ നല്ലൊരു ഭാഗംവരെ ഇറക്കിയാണ് മിക്കയിടങ്ങളിലും ടാക്‌സി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. റോഡിനോട് തൊട്ടടുത്താണ് കെട്ടിടങ്ങളുള്ളത്. അതിനാല്‍ റോഡില്‍ കയറ്റിയുള്ള വാഹന പാര്‍ക്കിങ് കൂടിയായതോടെ കാല്‍നടയാത്രക്കാര്‍ക്ക് പോവാന്‍ പോലും വഴിയില്ലാത്ത അവസ്ഥയാണ്. സ്‌കൂള്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ ഏറെ കഷ്ടപ്പെട്ടാണ് ഇതുവഴി പോവുന്നത്.
ഏതു സമയത്തും അപകടം പതിയിരിക്കും വിധമാണ് വാഹനങ്ങളുടെ പോക്ക്. ലോറി, ടെംപോ അടക്കമുള്ള വലിയ വാഹനങ്ങളും റോഡിനോട് ചേര്‍ന്നാണ് നിര്‍ത്തിയിടുന്നത്. കാല്‍ടെക്‌സ് ഭാഗങ്ങളിലും പഴയ ബസ് സ്റ്റാന്‍്, പുതിയ ബസ്സ്റ്റാന്‍ഡ് പരിസരങ്ങളിലും ഇത്തരത്തിലാണ് പാര്‍ക്കിങ്. ഓട്ടോകള്‍ക്കും മിക്കയിടങ്ങളിലും പ്രത്യേക പാര്‍ക്കിങ് സംവിധാനമില്ല.
രാവിലെയും വൈകീട്ടുമുള്ള തിരക്കില്‍ ഇതുവഴി നടന്നുപോവാന്‍ പോലും കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ടാക്‌സി പാര്‍ക്കിങിനിടെ, അത്യാവശ്യത്തിന് ഇവിടെയെത്തുന്ന വാഹനങ്ങള്‍കൂടി നിര്‍ത്തിയിട്ടാല്‍ പൂര്‍ണമായും യാത്ര തടസ്സപ്പെടും.
നടപ്പാത കൈയേറിയുള്ള കച്ചവടവും ചിലയിടങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. റോഡരികിലുള്ള കെട്ടിട നിര്‍മാണ പ്രവൃത്തികളാണ് മറ്റൊരു പ്രധാന പ്രശ്‌നം. നിര്‍മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന സാധന-സാമഗ്രികളും ഇവ കൊണ്ടുവരുന്ന വലിയ വാഹനങ്ങളും ഉപകരണങ്ങളും തൊഴിലാളികളുമെല്ലാം റോഡിലും അരികിലുമായി നിറഞ്ഞുനില്‍ക്കുന്നു. പലപ്പോഴും ഇത് കുരുക്കിനും ഇടയാക്കുന്നുണ്ട്.
സിമന്റിന്റെയും എം സാന്റിന്റേയും മറ്റു നിര്‍മാണ വസ്തുളുടെയും പൊടിശല്യം കാരണം ഇതുവഴി നടന്നുപോവാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡരികിലെ നിര്‍മാണ പ്രവൃത്തികള്‍ രാത്രികാലങ്ങളില്‍ മാത്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടുത്ത ചൂടില്‍ പൊടിപലടങ്ങള്‍ കാരണം നഗരം മലിനമാവുകയാണ്.
നട്ടുച്ചനേരത്തുള്ള റോഡ് അറ്റക്കുറ്റപ്പണി വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതം വിതയ്ക്കുന്നുണ്ട്. റോഡരികിലെ വൈദ്യുതി ട്രാന്‍സ്‌ഫോമറുകളും അപകട ഭീഷണി പരത്തുന്നു.
നഗരത്തിലെ മിക്കയിടങ്ങളിലും നടപ്പാതയിലെ ഓവുചാലുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് നഗരത്തിലെ യാത്ര സൗകര്യപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss