|    Nov 21 Wed, 2018 9:09 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഡപകട മരണം: വധശിക്ഷ നല്‍കാനൊരുങ്ങി ബംഗ്ലാദേശ്

Published : 8th August 2018 | Posted By: kasim kzm

ധക്ക: റോഡ് സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയായി ബംഗ്ലാദേശില്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് കര്‍ശന നിലപാടെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. റോഡപകടങ്ങളില്‍ മരണം നടന്നാല്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കാനാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനം.
മരണത്തിനു കാരണമായ അപകടം ബോധപൂര്‍വമാണെന്നു തെളിഞ്ഞാലായിരിക്കും കടുത്ത ശിക്ഷയുണ്ടാവുക എന്നാണ് റിപോര്‍ട്ടുകള്‍. തിങ്കളാഴ്ച ഇതുസംബന്ധിച്ച തീരുമാനമുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളും കോളജ് വിദ്യാര്‍ഥികളും റോഡ് സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ധക്കയില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചുവരുകയാണ്. സമരം പലയിടത്തും അക്രമാസക്തമായിരുന്നു.
ജൂലൈ 29ന് ബസ്സുകളുടെ മരണപ്പാച്ചിലില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതോടെയാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. രാജ്യതലസ്ഥാനത്ത് തടിച്ചുകൂടിയ വിദ്യാര്‍ഥികള്‍ക്കു നേരെ പോലിസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. സമരത്തോട് ആദ്യ ഘട്ടത്തില്‍ നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
പ്രതിഷേധപ്രകടനം കാമറയില്‍ പകര്‍ത്തുകയും അല്‍ ജസീറ ചാനലിനു വേണ്ടി അഭിമുഖം നല്‍കുകയും ചെയ്ത ഫോട്ടോഗ്രാഫറായ ഷഹീദ് ഉല്‍ അലാമിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ അദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു രംഗത്തെത്തിയിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുവെന്ന് ആരോപിച്ചാണ് 63കാരനായ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ അനുഭാവികളായ നിരവധി പേര്‍ ചേര്‍ന്നു വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളെ പോലും പോലിസ് മര്‍ദിച്ചതും സമരത്തിനിടെ പുറത്തുവന്നിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss