|    Apr 25 Tue, 2017 1:57 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

റോട്ട ലേലത്തിലൂടെ 15 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

Published : 21st November 2016 | Posted By: SMR

ദോഹ: റീച്ച് ഔട്ട് ടു ഏഷ്യയുടെ ഗാലാ ഡിന്നറില്‍ നടന്ന ചാരിറ്റി ലേലത്തില്‍ 15 ദശലക്ഷത്തിലേറെ ഡോളര്‍ സമാഹരിച്ചു. അല്‍ ശഖബ് ഇന്‍ഡോര്‍ അറീനയില്‍ നടന്ന പത്താമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ലേലം സംഘടിപ്പിച്ചത്. കൃത്യമായി എത്ര തുകയാണ് ലഭ്യമായതെന്ന് റോട്ട പിന്നീട് പരസ്യപ്പെടുത്തും. പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, ശെയ്ഖ മോസ ബിന്‍ത് നാസര്‍, സൗദി അറേബ്യയിലെ അല്‍വലീദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സഊദ് രാജകുമാരന്‍, റോട്ട ചെയര്‍പേഴ്‌സണ്‍ ശെയ്ഖ മയാസ ബിന്‍ത് ഹമദ് ആല്‍ഥാനി തുടങ്ങിയവര്‍  സംബന്ധിച്ചു.
ഏഷ്യയിലേയും മധ്യപൂര്‍വമേഖലയിലേയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക ഉപയോഗപ്പെടുത്തുക. ‘ടീം അപ് ടുഡേ, ഷേപ്പ് അപ് ടുമാറോ’ എന്ന പ്രമേയത്തിലാണ് ഗാലാ ഡിന്നര്‍ നടന്നത്. റോട്ടയുടെ ഈ വര്‍ഷത്തെ ലൈഫ് െൈടം അച്ചീവ്‌മെന്റ് പുരസ്‌കാരം ഫലസ്തീന്‍ അധ്യാപകന്‍ അഹമ്മദ് സവാഫിരിക്ക് ശെയ്ഖ മയാസ ബിന്‍ത് ഹമദ് ആല്‍ഥാനി സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.
ഖത്തരി നാചുറല്‍ ജീവന്‍ പേള്‍ നെക്‌ലേസ്, ഹെര്‍മീസ് പണപ്പെട്ടി, 2017 മോഡല്‍ ബിഎംഡബ്ല്യു എം 330 ജാഹ്‌രി ലിമിറ്റഡ് എഡിഷന്‍ കാര്‍, ലൂയിസ് മോയ്‌നെറ്റ് മെക്കനോഗ്രാഫ് ലിമിറ്റഡ് എഡിഷന്‍ വാച്ച് തുടങ്ങി നിരവധി അപൂര്‍വ വസ്തുക്കളാണ് ലേലത്തില്‍ വെച്ചത്.
റോട്ടയുടെ നിലവിലേയും ഭാവിയിലേയും വിവിധ രാജ്യങ്ങളില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുകയാണ് ലേലത്തിലൂടെ സമാഹരിച്ചത്. ബംഗ്ലാദേശ്, ഇന്തോനീസ്യ, യമന്‍, ജോര്‍ദാനിലെയും ലബ്‌നാനിലേയും സിറിയന്‍ അഭയാര്‍ഥികള്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഗാലാ ഡിന്നറിലെ ലേലത്തില്‍ സമാഹരിച്ച തുക ലബ്‌നാനിലെ സിറിയന്‍ അഭയാര്‍ഥികള്‍, നേപ്പാള്‍, വെസ്റ്റ് ബാങ്ക്, തുണീസ്യ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ എന്നിവയ്ക്കായാണ് ചെലവഴിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day