|    Feb 20 Mon, 2017 3:25 am
FLASH NEWS

റോക്ക് ഗാര്‍ഡന്‍ തുറന്നതോടെ മലമ്പുഴയില്‍ സന്ദര്‍ശക പ്രവാഹം

Published : 17th November 2016 | Posted By: SMR

മലമ്പുഴ: സംസ്ഥാനത്തിന്റെ വൃന്ദാവനമായ മലമ്പുഴയില്‍ ആറു പതിറ്റാണ്ടിനു ശേഷം തുറന്ന സാഡില്‍ഡാം കാണാന്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നു. വിനോദ സഞ്ചാരികള്‍ക്ക് ഉദ്യാന നഗരിയുടെ ആസ്വാദത്തിനപ്പുറം കാനന ഭംഗിയും അണക്കെട്ടിന്റെ തനതായ വശ്യ സൗന്ദര്യവുമാസ്വദിക്കാന്‍ വേണ്ടിയാണ് ഉദ്യാനത്തിനകത്തെ സാഡില്‍ഡാമും ഗവര്‍ണര്‍ സ്ട്രീറ്റും സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തത്.  ഡാമിന്റെ വൃഷ്ടി പ്രദേശത്തുള്ള വലുതും ചെറുതുമായ നിരവധി തുരുത്തുകളും ഉദയ അസ്തമയ സൂര്യന്റെ നയന മനോഹരമായ കാഴ്ചകള്‍ക്കപ്പുറം കാട്ടാനകളുടെ വിഹാര കേന്ദ്രമായ സമീപത്തെ കാടിന്റെ ദൃശ്യ ചാരുതയും ഇപ്പോള്‍  സാഡില്‍ഡാമിന്റെ അണക്കെട്ടില്‍ നിന്നും  സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാവും. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവും അതീവ സുരക്ഷാ മേഖലയുമായതിനാലാണ് അറുപത് വര്‍ഷത്തോളമായി സാഡില്‍ ഡാമിലേക്ക് സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം  ടൂറിസം വകുപ്പ് നിഷേധിച്ചിരുന്നത്. എന്നാല്‍ നിലവില്‍ വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിനു ഭംഗം വരാത്തവിധത്തിലാണ് സാഡില്‍ ഡാമിലേക്കുള്ള പ്രവേശനം  സജ്ജീകരിച്ചിട്ടുള്ളത്. വനമേഖലയെ പൂര്‍ണമായും കമ്പിവേലി കെട്ടി  സംരക്ഷിച്ചിട്ടുണ്ടെങ്കിലും ദാഹജലത്തിനായി കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ക്ക് ഡാമിലെത്താ ന്‍ പ്രത്യേകം വഴിയുമൊരുക്കിയിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ അണക്കെട്ടില്‍ നിന്നും തുടങ്ങി അഞ്ചു കിലോമീറ്ററോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നതാണ് സാഡില്‍ഡാം.പടയോട്ടം എന്ന സിനിമയുടെ ഷൂട്ടിങിനു ശേഷം സാഡില്‍ഡാം പരിസരത്തേക്ക് സന്ദര്‍ശകര്‍ക്കും വാഹനങ്ങള്‍ക്കും അനുമതിയില്ലായിരുന്നു. സമീപത്തെ ഗവര്‍ണര്‍ സ്ട്രീറ്റും പത്തു വര്‍ഷത്തോളമായി അറ്റകുറ്റപ്പണികളുടെ പേരില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഗവര്‍ണര്‍ സ്ട്രീറ്റിനെ പരിസ്ഥിതി സൗഹാര്‍ദമേഖലയാക്കി മാറ്റിയത്. പ്രകൃതിയുടെ തനതായ രീതിയിലുള്ള കരവിരുതിനു കോട്ടം വരാത്ത തരത്തിലുള്ള  നിരവധി ശില്‍പങ്ങളും സന്ദര്‍ശകരുടെ ആസ്വാദനത്തിനായി മുളകള്‍ കൊണ്ടു നിര്‍മിച്ചിട്ടുള്ള ഇരിപ്പിടങ്ങളും ഗവര്‍ണര്‍ സ്ട്രീറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്. നാല് ഹൈമാസ്റ്റ് വിളക്കുകള്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ സ്ട്രീറ്റു മുതല്‍ സാഡില്‍ ഡാം വരെയുള്ള പ്രദേശം വൈദ്യുതാലങ്കാര വിളക്കുകളാല്‍ അലങ്കരിച്ചിട്ടുണ്ടെന്നതിനാല്‍ സന്ധ്യ മയങ്ങുന്നതോടെ സന്ദര്‍ശകര്‍ക്ക്  ആസ്വാദന ഭംഗിയും  ഏറും. ടൂറിസം പോലിസിന്റെ പട്രോളിങിനു പുറമെ അതീവ സുരക്ഷാമേഖലയായ പ്രദേശത്ത് നിരവധി സുരക്ഷാ ജീവനക്കാരെയും സന്ദര്‍ശകരുടെ സുരക്ഷയ്ക്കായി ജലസേചനവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഉദ്യാനത്തിലേക്ക് റോക്ക് ഗാര്‍ഡനു മുന്നിലൂടെ പ്രവേശിക്കാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കുന്നുണ്ട്. ഇതിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ധ്രുതഗതിയില്‍ പുരോഗമിച്ചു വരുന്നു. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ശിലോദ്യാനമായ മലമ്പുഴയിലെ റോക്ക് ഗാര്‍ഡന്‍ കണ്ടശേഷം സന്ദര്‍ശകര്‍ക്ക്  ഉദ്യാനത്തിനകത്തേക്ക് പ്രവേശിക്കാനായി സമീപത്തുള്ള കൗണ്ടറില്‍ നിന്നും ടിക്കറ്റ് ലഭിക്കുന്നതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക