|    Oct 18 Thu, 2018 10:25 am
FLASH NEWS
Home   >  Sports  >  Football  >  

റൊണാള്‍ഡോ എത്തി റയല്‍ ജയിച്ചു; ലിവര്‍പൂളിന് സമനില

Published : 14th September 2017 | Posted By: ev sports


മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഒറ്റയാന്റെ മടങ്ങിവരവോടെ റയലിന്റെ ശനിദശയും മാറി. റൊണാള്‍ഡോ ഇരട്ട ഗോളുകളോടെ തിളങ്ങിയ മല്‍സരത്തില്‍ അപ്പോയലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മുക്കിയത്.  മൂന്ന് തവണ റൊണാള്‍ഡോ പന്ത് വലയിലെത്തിച്ചെങ്കിലും ഒരു തവണ റഫറി ഓഫ്‌സൈഡ് വിളിച്ചു.
12ാം മിനിറ്റില്‍ ഗാരത് ബെയ്‌ലിന്റെ അസിസ്റ്റില്‍ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത് റൊണാള്‍ഡോയാണ്. എന്നാല്‍ ഒന്നാം പകുതിയില്‍ ഒരു ഗോളോടെ സംതൃപ്തിപ്പെടേണ്ടി വന്ന റയലിന് വേണ്ടി 55ാം മിനിറ്റില്‍ റൊണാള്‍ഡോ വീണ്ടും വലകുലുക്കി. റഫറിയുടെ പിഴവില്‍ ലഭിച്ച പെനല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോ ലീഡുയര്‍ത്തിയത്. 61ാം മിനിറ്റില്‍ മാഴ്‌സലോയുടെ പാസിനെ ബെയ്ല്‍ ഹെഡ് ചെയ്ത നല്‍കിപ്പോള്‍ സിസര്‍കട്ടിലൂടെ റാമോസ് വലയിലെത്തിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്ന് ഗോള്‍ ജയത്തോടെ ചാംപ്യന്‍സ് ലീഗിന്റെ തുടക്കം റയല്‍ ഗംഭീരമാക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിന്നും ഫോം ഇന്നലെയും തുടര്‍ന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഫെയ്‌നോര്‍ഡിനെ മുക്കിയാണ് സിറ്റി വിജയം ആഘോഷിച്ചത്. ഇരട്ട ഗോളുകള്‍ നേടിയ സ്‌റ്റോണിസിനൊപ്പം (2, 63)അഗ്വൂറോ (10) ജീസസ് (25) എന്നിവരും ലക്ഷ്യം കണ്ടെത്തിയതോടെ തകര്‍പ്പന്‍ ജയം സിറ്റിക്കൊപ്പം നില്‍ക്കുകയായിരുന്നു.
അതേ സമയം ലിവര്‍പൂളിന്റെ കഷ്ടകാലം തീരുന്നില്ല. ജര്‍ഗന്‍ ക്ലോപിന്റെ ശിക്ഷ്യഗണങ്ങള്‍ക്ക് സെവിയ്യയോട് 2-2 സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫിര്‍മിനോ (21), സാലഹ് (37) എന്നിവര്‍ ലിവര്‍പൂളിന് വേണ്ടി വലകുലുക്കിയപ്പോള്‍ ബെന്‍ യെഡര്‍ (5), കോറിയ (72) എന്നിവര്‍ സെവിയ്യക്ക് വേണ്ടിയും ലക്ഷ്യം കണ്ടു. 42ാം മിനിറ്റില്‍ ഫിര്‍മിനോ പെനല്‍റ്റി പാഴാക്കിയതാണ് ലിവര്‍പൂളിന് തിരിച്ചടി നല്‍കിയത്.
മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ടോട്ടനം ഡോര്‍ട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സണ്‍ ഹിയൂങ് മിന്‍ (4), ഹാരി കെയ്ന്‍ (15, 60) എന്നിവര്‍ ടോട്ടനത്തിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ഡോര്‍ട്ട്മുണ്ടിന്റെ ആശ്വാസഗോള്‍ നേടിയത് യമോലിങ്കോയാണ് (11).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss