|    Jan 18 Wed, 2017 3:09 am
FLASH NEWS

റൈസ് ബയോപാര്‍ക്ക് ആലത്തൂര്‍ മോഡേണ്‍ റൈസ് മില്ലിനോട് ചേര്‍ന്ന് നടപ്പാക്കുമെന്ന് സൂചന

Published : 10th July 2016 | Posted By: SMR

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: സംസ്ഥാന ബജറ്റില്‍ പാലക്കാടിന് അനുവദിച്ച റൈസ് ബയോപാര്‍ക്ക് ആലത്തൂര്‍ മോഡേണ്‍ റൈസ് മില്ലിനോട് ചേര്‍ന്ന് നടപ്പാക്കുമെന്ന് സൂചന. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ റൈസ് ബയോപാര്‍ക്കായിരിക്കും ഇവിടെ സ്ഥാപിക്കുന്നത്.
സംസ്ഥാനത്തെ ആദ്യത്തെ പൊതു മേഖലയിലെ അരി മില്ലാണ് ആലത്തൂരിലേത്.2008 ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനാണ് മില്ല് ഉദ്ഘാടനം ചെയ്തു. തുടക്കത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച മില്ല് പിന്നീട് അടച്ചു പൂട്ടുകയായിരുന്നു. ഇവിടെ നിന്നും ‘അന്നം’ എന്ന ബ്രാന്‍ഡില്‍ അരിയും വിപണിയിലെത്തിച്ചിരുന്നു.നേരിട്ട് 25 പേര്‍ക്കും പരോക്ഷമായി നൂറോളം പേര്‍ക്കും തൊഴില്‍ ലഭ്യമാവുമായിരുന്ന സ്ഥാപനമാണ് സാങ്കേതിക പ്രശ്‌നങ്ങളും തൊഴിലാളി പ്രശ്‌നങ്ങള്‍ മൂലവും അടച്ചു പൂട്ടിയത്.
ദേശീയപാത സ്വാതി ജങ്ഷനില്‍ സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ ഗോഡൗണിനോട് ചേര്‍ന്നാണ് മില്ല് സ്ഥാപിച്ചിരിക്കുന്നത്. ബയോ റൈസ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലവുമാണിവിടെ. പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉദ്പാദിപ്പിക്കുന്ന സ്ഥലവും കൂടിയാണ് ആലത്തൂര്‍. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലെടുത്ത് ജീവിക്കുന്നവരാണ് ഭൂരിഭാഗം ജനവിഭാഗങ്ങളും.
നെല്ലിന്റെയും അരിയുടെയും വിവിധോദ്ദേശ്യ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന സ്ഥാപനങ്ങളാണ് ബയോറൈസ് പാര്‍ക്കില്‍ സ്ഥാപിക്കുക.എന്നാല്‍ മോഡേണ്‍ റൈസ് മില്ലിന്റെ സ്ഥലം കൂടാതെ തൊട്ടടുത്ത് തന്നെ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന സൗരോര്‍ജ്ജ നെല്ലുണക്കു കേന്ദ്രവും ഇതിനായി ഉപയോഗിക്കേണ്ടി വരും. തമിഴ്‌നാട്ടിലേക്കും കേരളത്തിന്റെ തെക്കന്‍ ജില്ലകളിലേക്കും എളുപ്പം പോവാനുള്ള ദേശീയ പാതയുടെ അരികിലാണ് ഈ സ്ഥാപനമെന്നത് ബയോറൈസ് പാര്‍ക്ക് ഇവിടെ സ്ഥാപിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് ആദ്യത്തെ ബയോ റൈസ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി അടച്ചു പൂട്ടിക്കിടക്കുന്ന മോഡേണ്‍ റൈസ് മില്ലിന്റെ പുനരുദ്ധാരണവും ഇതോടൊപ്പം നടക്കുമെന്ന പ്രതീക്ഷയിലാണ് നെല്ലറയിലെ കര്‍ഷകര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക