|    Aug 20 Sun, 2017 2:09 am
FLASH NEWS
Home   >  Editpage  >  Editorial  >  

റേഷന്‍ വിതരണരംഗത്തെ പ്രതിസന്ധി നീക്കണം

Published : 21st October 2016 | Posted By: SMR

സംസ്ഥാനത്തെ 50 ലക്ഷത്തിലേറെ എപിഎല്‍ വിഭാഗം കാര്‍ഡുടമകള്‍ക്കുള്ള അരിവിതരണം പ്രതിസന്ധിയിലാണ്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സംസ്ഥാനത്തെ ഭരണകര്‍ത്താക്കള്‍ കാണിച്ച അനാസ്ഥയുടെയും അവഗണനയുടെയും തുടര്‍ച്ചയായാണ് ഇത്തരമൊരു സാഹചര്യം നേരിടുന്നത്.
2009ല്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2013 സപ്തംബര്‍ 10ന് രാഷ്ട്രപതി ഒപ്പുവച്ചതോടെയാണ് നിയമം നടപ്പായത്. മറ്റു സംസ്ഥാനങ്ങളൊക്കെ നിയമം നടപ്പാക്കിയെങ്കിലും കേരളം അനാസ്ഥ കാണിച്ചു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനകം നിയമം നടപ്പാക്കണമെന്ന് കേന്ദ്രം അന്ത്യശാസന നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല.
രാജ്യത്തു സാര്‍വത്രിക ഭക്ഷ്യ റേഷനിങ് സംവിധാനം ആവിഷ്‌കരിക്കുമ്പോള്‍ എല്ലാവര്‍ക്കും ചില ഭക്ഷ്യധാന്യങ്ങളെങ്കിലും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുകയെന്നതായിരുന്നു ലക്ഷ്യം. ഭക്ഷ്യക്ഷാമം നിലനിന്ന കാലങ്ങളില്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഫലപ്രദമായി തടയുന്നതിന് റേഷന്‍സംവിധാനം വലിയ പങ്കാണ് വഹിച്ചത്. ഉദാരവല്‍ക്കരണ നടപടികള്‍ക്ക് നരസിംഹ റാവു സര്‍ക്കാര്‍ തുടക്കംകുറിച്ചതോടെ പൊതുവിതരണ സമ്പ്രദായം അവഗണിക്കപ്പെട്ടു. ദാരിദ്ര്യരേഖ കണക്കാക്കി അതിന് താഴെയുള്ളവര്‍ക്കു മാത്രം റേഷന്‍ എന്ന പുതിയ നിര്‍ദേശമുയര്‍ന്നു. ഈ നീക്കത്തിന്റെ തുടര്‍ച്ചയായാണ് ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ക്കും കുറഞ്ഞ അളവില്‍ സബ്‌സിഡിയോടെ റേഷന്‍ നല്‍കാനുള്ള തീരുമാനമായത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കുമായി ബിപിഎല്‍, എപിഎല്‍ എന്നിങ്ങനെ കാര്‍ഡ് രണ്ടുതരമാക്കി. കേരളത്തില്‍ നിലവിലുള്ള 83.18 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 14.8 ലക്ഷം ബിപിഎല്ലും 62.53 ലക്ഷം എപിഎല്ലുമാണ്.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാവുന്നതോടെ എപിഎല്‍, ബിപിഎല്‍ കാര്‍ഡുകള്‍ക്ക് പകരം മുന്‍ഗണനയുള്ളതും ഇല്ലാത്തതുമായ കാര്‍ഡുകള്‍ നിലവില്‍വരും. നിയമം നടപ്പാവുന്നതോടെ കേരളത്തില്‍ നിലവില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യ വിഹിതം വളരെ കുറയും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന 1.54 കോടി ആളുകള്‍ക്ക് മാത്രമേ ഇനി റേഷന്‍ ലഭിക്കൂ. 1.79 കോടി ജനങ്ങള്‍ക്ക് റേഷന്‍ ആനുകൂല്യം നഷ്ടമാവുമെന്നാണ് കണക്ക്. അഡ്‌ഹോക് വിഹിതമായി മാസം 30,000 ടണ്‍ അരിയും ഗോതമ്പും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ അലോട്ട്‌മെന്റ് നിര്‍ത്തിയതാണ് ഇപ്പോള്‍ എപിഎല്‍ വിഭാഗത്തിനുള്ള അതിവിതരണം തടസ്സപ്പെടുത്തിയത്. ധാന്യവിഹിതം വര്‍ധിപ്പിച്ചാല്‍ മാത്രമേ എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് സംസ്ഥാനത്ത് നിലവിലുള്ള റേഷന്‍സംവിധാനം തുടരാനാകൂ.
പൊതുവിതരണ സംവിധാനത്തിന്റെ മൊത്തം ഘടന പൊളിച്ചെഴുതുന്നതാണ് ഭക്ഷ്യസുരക്ഷാ നിയമം. അതിന്റെ നേട്ടങ്ങളും നന്മകളും എല്ലാവര്‍ക്കും ലഭിക്കേണ്ടതുണ്ട്. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനും പൊതുവിതരണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള അടിയന്തര നടപടി ഭരണാധികാരികള്‍ സ്വീകരിക്കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക