|    Oct 16 Tue, 2018 3:18 pm
FLASH NEWS
Home   >  Kerala   >  

റേഷന്‍ വിതരണംപുനസ്ഥാപിച്ചു; പുതിയ റേഷന്‍കാര്‍ഡ് മാര്‍ച്ചില്‍ വിതരണം ചെയ്യും

Published : 13th January 2017 | Posted By: mi.ptk

thilothaman-minister

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: റേഷന്‍ വിതരണരംഗത്തെ തടസ്സങ്ങള്‍ നീക്കിയെന്നു ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. സംസ്ഥാനത്ത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ റേഷന്‍ വിതരണത്തില്‍ തടസ്സം നേരിട്ടിരുന്നെന്നും ഇതു പൂര്‍ണമായി പരിഹരിച്ചുകഴിഞ്ഞതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ മാസത്തെ ധാന്യവിഹിതം ഡിസംബര്‍ 31നുള്ളില്‍ തന്നെ വിതരണം നടത്തിയിട്ടുണ്ട്. ഡിസംബര്‍ വിഹിത വിതരണം നാളെയോടുകൂടി പൂര്‍ത്തീകരിക്കും. ഇതോടൊപ്പം ജനുവരി മാസത്തെ വിതരണവും ആരംഭിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്നു ലഭ്യമാവുന്ന ഭക്ഷ്യവിഹിതത്തില്‍ കുറവുവന്നതാണ് റേഷന്‍വിതരണം പ്രതിസന്ധിയിലാവാന്‍ പ്രധാന കാരണം. 16.01 മെട്രിക് ടണ്‍ അരി ലഭിക്കേണ്ടിടത്ത് 14.24 മെട്രിക് ടണ്‍ മാത്രമാണ് ലഭിക്കുന്നത്. ഇത് എല്ലാവര്‍ക്കുമെത്തിക്കുന്നതിന് പര്യാപ്തവുമല്ല. അന്ത്യോദയ-അന്നയോജന വിഭാഗങ്ങള്‍ക്കു പ്രതിമാസം ഒരു കാര്‍ഡിന് 28 കിലോ അരിയും 7 കിലോ ഗോതമ്പും മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് ആളൊന്നിന് 4 കിലോഗ്രാം അരിയും 1 കിലോ ഗോതമ്പും എന്ന ക്രമത്തിലാണു വിതരണം ചെയ്തുവരുന്നത്. മുന്‍ഗണന ഇല്ലാത്ത വിഭാഗക്കാര്‍ക്ക് ആളൊന്നിന് 2 കിലോ അരി വീതവും മുന്‍ഗണനേതരവിഭാഗങ്ങളിലെ നോണ്‍ സബ്‌സിഡി വിഭാഗങ്ങള്‍ക്ക് കാര്‍ഡ് ഒന്നിന് 5 കിലോ വീതവും വിതരണം നടത്താന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. നിലവില്‍ മുന്‍ഗണനാ വിഭാഗങ്ങളുടെ അര്‍ഹത സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനു പ്രവര്‍ത്തിക്കുന്ന കമ്മിറ്റികള്‍ 15 ലക്ഷത്തോളം പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് ഫെബ്രുവരി ഒന്നിന് പുതിയ പട്ടിക തയ്യാറാവും. പുതിയ പട്ടികയില്‍ അനര്‍ഹരുണ്ടെങ്കില്‍ ഒഴിവാക്കുന്നതിനു പഞ്ചായത്ത് കമ്മിറ്റികളാണു ശുപാര്‍ശ നല്‍കേണ്ടത്. ഈ ശുപാര്‍ശകള്‍ അംഗീകരിച്ച് റേഷന്‍ കാര്‍ഡ് വിതരണം മാര്‍ച്ച് മാസത്തില്‍ ആരംഭിക്കും. പുതിയ പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ ഇതുപ്രകാരം ആയിരിക്കും ധാന്യവിതരണം നടക്കുക. റേഷന്‍ വിതരണത്തിനായി ലഭ്യമാക്കുന്ന അരി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്നതു കര്‍ശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. ഓരോ മാസവും കാര്‍ഡ് ഉടമകള്‍ക്കു വിതരണം ചെയ്യുന്ന ധാന്യവിഹിതത്തിന്റെ അളവ് കടകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിന് റേഷന്‍കടക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡ് താലൂക്ക്തലത്തില്‍ പ്രവര്‍ത്തിക്കും. ലിസ്റ്റില്‍ തിരിമറി നടത്തിയെന്നു ബോധ്യമായാല്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിനോ വകുപ്പുതല ഉദ്യോഗസ്ഥനോ പരാതിനല്‍കണം. സംസ്ഥാനത്തിനു ലഭിച്ചിരുന്ന അധികധാന്യവിഹിതം പുനസ്ഥാപിക്കുന്നതിനു കേന്ദ്രസര്‍ക്കാരിനെ സമീപിച്ചുവെങ്കിലും അനുകൂല നടപടിയല്ല സ്വീകരിച്ചിരിക്കുന്നത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിനു പുറമെ മറ്റു കേന്ദ്ര പദ്ധതികളായ അന്നപൂര്‍ണ പദ്ധതിയിലും ക്ഷേമസ്ഥാപനങ്ങള്‍ക്കു ധാന്യം നല്‍കുന്ന പദ്ധതിയിലും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധാന്യത്തില്‍ കുറവുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്യാന്‍ വീണ്ടും ഡല്‍ഹിക്കുപോവുമെന്നും തിലോത്തമന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss