|    Jan 24 Tue, 2017 10:49 am
FLASH NEWS

റേഷന്‍ മൊത്തവ്യാപാരികളെ പിണക്കാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നു; ഭക്ഷ്യസുരക്ഷ ഇനിയും വൈകും

Published : 2nd October 2016 | Posted By: SMR

ടി പി ജലാല്‍

മഞ്ചേരി: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാനുള്ള നടപടി നീളുന്നു. റേഷന്‍ മൊത്തവ്യാപാരികളെ പിണക്കാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നതാണ് പദ്ധതി വൈകാന്‍ കാരണമാവുന്നതെന്നാണ് പ്രധാന ആരോപണം. പുതിയ നിയമം നടപ്പിലാക്കുന്നതോടെ മൊത്ത വ്യാപാരികളുടെ നിലനില്‍പ് ഭീഷണിയിലാവുന്നതാണത്രെ ഇതിന് കാരണം. ഇടനിലക്കാരില്ലാതെ കാര്‍ഡുടമകള്‍ക്ക് അര്‍ഹമായ ഭക്ഷ്യവിഹിതം നല്‍കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ നിയമം. അതുപ്രകാരം എഫ്‌സിഐ(ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ)യില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യവകുപ്പിന്റെ ഗോഡൗണ്‍ വഴി നേരിട്ട് റേഷന്‍ കടകളിലെത്തിക്കും. എന്നാല്‍, സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സുക്ഷിപ്പ് കേന്ദ്രങ്ങളില്ല. നിയമം വരുന്നതോടെ മൊത്ത വ്യാപാരികള്‍ക്കൊപ്പം സ്വകാര്യ  ഗോഡൗണുകളുടെ ആവശ്യകതയും ഇല്ലാതാവും. ഇത് സര്‍ക്കാരും മൊത്ത വ്യാപാരികളും തമ്മില്‍ ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.  നിയമം നടപ്പാക്കാന്‍ വൈകിയതിനാല്‍ കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ റേഷന്‍വിഹിതം കേന്ദ്രം തടഞ്ഞു വച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി അഡ്‌ഹോക്ക് വിഹിതം വാങ്ങുകയായിരുന്നു. എന്നാല്‍, ഇതേ സ്ഥിതി തുടര്‍ന്നാല്‍ കേന്ദ്രം ശക്തമായ നടപടിയെടുക്കാനുള്ള  സാധ്യതയുണ്ട്.
എന്നാല്‍, പദ്ധതി നടപ്പിലാക്കുമ്പോള്‍ സ്വന്തം ഗോഡൗണ്‍ കണ്ടെത്തുന്നതിന്പുറമേ മൊത്ത വിതരണക്കാരുടെ എതിര്‍പ്പിനേയും അതിജീവിക്കേണ്ടിവരും. ഇതിനിടെ താല്‍ക്കാലിക സൂക്ഷിപ്പു കേന്ദ്രങ്ങള്‍ക്കായി മറ്റു വകുപ്പുകളുമായി ഭക്ഷ്യവകുപ്പ് ശ്രമം നടത്തിയിരുന്നെങ്കിലും വിജയം കാണാത്തതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.  സര്‍ക്കാര്‍ ഭുമിനല്‍കിയാല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര സഹായം ലഭിക്കും. ഇതിനായി  സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും റവന്യൂ വകുപ്പ് തടസ്സം ഉന്നയിക്കുകയാണ്. സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന് കീഴില്‍ 56 ഗോഡൗണുകള്‍ നിലവിലുണ്ടെങ്കിലും ഇതുപയോഗിക്കാനാവില്ലെന്നാണ് വിവരം. അതേസമയം, കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഗോഡൗണുകള്‍ ഉപയോഗിക്കനുള്ള ശ്രമവും നടത്തിയിട്ടില്ല. ഗോവയില്‍ ഇതിനകം നടപ്പാക്കിയ നിയമം  കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ അവസാന ഘട്ടത്തിലാണ്. വര്‍ഷങ്ങളായി മൊത്തവിതരണക്കാരുമായി സര്‍ക്കാര്‍ തുടര്‍ന്നു പോരുന്ന ബാന്ധവം തകര്‍ക്കാന്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും താല്‍പര്യമില്ലാത്തതിനാല്‍ പ്രതിഷേധവുമായി ആരും രംഗത്തുവന്നിട്ടില്ല. ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കെത്തന്നെ നിയമം ഉടന്‍ നടപ്പാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന മാത്രം ബാക്കിയാവുമോയെന്ന ആശങ്കയിലാണ്  ഉപയോക്താക്കള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക