|    Nov 18 Sat, 2017 11:52 am

റേഷന്‍ മുന്‍ഗണന പട്ടിക; അവസാന ദിവസങ്ങളില്‍ പരാതി പ്രളയം

Published : 6th November 2016 | Posted By: SMR

ആലപ്പുഴ: ജില്ലയില്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അവസാന ദിവസങ്ങളില്‍ പരാതിപ്രളയം. പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകള്‍ ലക്ഷത്തോടടുക്കുകയാണ്. രണ്ടു ദിവസത്തിന് മുമ്പ് അരലക്ഷമുണ്ടായിരുന്ന അപേക്ഷകര്‍ വെള്ളിയാഴ്ച 86,000 കവിഞ്ഞിരുന്നു. പരാതി നല്‍കാനുള്ള അവസാന ദിനമായ ഇന്നലെയും നൂറുകണക്കിനാളുകളാണ് വിവിധ ഓഫിസുകളില്‍ പരാതിയുമായി എത്തിയത്. പരാതി നല്‍കിയവര്‍ക്കുള്ള അദാലത്തു കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ നടന്നു വരികയാണ്. ഡിസംബര്‍ അഞ്ചുവരെ അദാലത്ത് തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫിസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മുന്‍കൂട്ടി നല്‍കിയിട്ടുള്ള തിയ്യതിയുടെ അടിസ്ഥാനത്തില്‍ അപേക്ഷകര്‍ അതതു കേന്ദ്രങ്ങളിലെ ഹിയറിങ്ങുകളില്‍ പങ്കെടുക്കണം. ഹിയറിങ്ങിനു തിയ്യതി അനുവദിച്ചിട്ടില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യം പിന്നീടു ലഭിക്കും. ഹിയറിങുകളില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകാത്തവര്‍ക്കു ജില്ലാ കലക്ടര്‍ക്കു പരാതി സമര്‍പ്പാനും നേരില്‍ കണ്ട് പരാതി പരിഹരിക്കാനും അവസരമുണ്ട്. ഹിയറിങ് കഴിഞ്ഞിട്ടും പരാതികളുള്ളവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണം. താലൂക്ക്തല അപ്പീല്‍ പരാതികള്‍ പരിഗണിക്കാന്‍ ജില്ലാ സപ്ലൈ ഓഫിസില്‍ പ്രത്യേകം കൗണ്ടര്‍ തുറന്നു. ആറു താലൂക്കിനായി ആറു കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നു ജില്ലാ സപ്ലൈ ഓഫിസര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 30വരെയായിരുന്നു പരാതി നല്‍കാന്‍ നേരത്തെ നിശ്ചയിച്ച സമയ പരിധി. പരാതിക്കാരുടെ എണ്ണം കൂടിയതിനാല്‍ അഞ്ച് വരെ നീട്ടുകയായിരുന്നു.  താലൂക്ക് സപ്‌ളൈ ഓഫീസിലാണ് ആദ്യം പരാതി നല്‍കാന്‍ നിശ്ചയിച്ചത്. എന്നാല്‍ ജന ബാഹുല്യം കാരണം പഞ്ചായത്തിലും നഗരസഭയിലും പരാതി നല്‍കാന്‍ സൌകര്യമൊരുക്കി. ഹിയറിങ് താലൂക്ക് സപ്ലൈ ഓഫിസില്‍ നടത്താനാണ് തീരുമാനിച്ചത്. ജനത്തിരക്ക്  കാരണം പഞ്ചായത്ത്, നഗരസഭാ ഓഫിസുകളില്‍ നടത്തി തീര്‍പ്പുകല്‍പിക്കാന്‍ അവസരം നല്‍കുകയായിരുന്നു.അതത് പഞ്ചായത്ത്, നഗരസഭാ ഓഫിസുകളിലാണ് ഹിയറിങിന് ഹാജരാവേണ്ടത്. പഞ്ചായത്ത് സെക്രട്ടറി, റേഷനിങ് ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരാതി പരിശോധിക്കുന്നത്. അപേക്ഷയോടൊപ്പം ഹാജരാക്കാന്‍ കഴിയാതിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിചാരണ സമയത്ത് സമര്‍പ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക