|    Jun 24 Sun, 2018 3:26 am
FLASH NEWS

റേഷന്‍ മുന്‍ഗണനാ പട്ടിക; പരാതിക്കാര്‍ നെട്ടോട്ടത്തില്‍

Published : 26th October 2016 | Posted By: SMR

കണ്ണൂര്‍: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് മുന്‍ഗണന പട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ ജനം നെട്ടോട്ടത്തില്‍. ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടികയില്‍ നിറയെ ക്രമക്കേടുകളാണ്. അര്‍ഹതപ്പെട്ട പലരും പട്ടികയില്‍നിന്ന് പുറത്തായതായാണ് ഗുണഭോക്താക്കളില്‍ പലരെയും വെട്ടിലാക്കിയിരിക്കുന്നത്. കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി താലൂക്ക് പരിധികളില്‍ പരാതിക്കാര്‍ ഏറെയാണ്. തലശ്ശേരി 63,975, തളിപ്പറമ്പ് 46,163, കണ്ണൂര്‍ 41,945 എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തില്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ  എണ്ണം. അന്ത്യോദയ അന്നയോജന വിഭാഗം കരട് പട്ടികയില്‍ തലശ്ശേരി 15,334, തളിപ്പറമ്പ 12, 285, കണ്ണൂര്‍ 73,20 എന്നിങ്ങനെയും. ജില്ലയില്‍ 1,52,083 കാര്‍ഡുകളാണ് കരട് പട്ടികപ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. പട്ടികയുമായി ബന്ധപ്പെട്ട് ഇന്നലെയും താലൂക്ക് ഓഫിസുകളില്‍ നിരവധി പരാതികള്‍ ലഭിച്ചു. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുള്‍പ്പെട്ട നാലംഗ സമിതിയാണ് പരാതികള്‍ പരിശോധിക്കുന്നത്. ഇവര്‍ പരാതികള്‍ ഹിയറിങില്‍ നേരിട്ട് കേള്‍ക്കും. ഇവരുടെ തീര്‍പ്പ് ബോധ്യപ്പെട്ടില്ലെങ്കില്‍ പരാതിക്കാരന് ഏഴു ദിവസത്തിനകം ജില്ലാ കലക്ടര്‍ ചെയര്‍മാനായ അപ്പീല്‍ കമ്മിറ്റിക്ക് പരാതി സമര്‍പ്പിക്കാം. അപ്പീലുകള്‍ ഡിസംബര്‍ രണ്ടിനകം തീര്‍പ്പാക്കി 2017 ജനുവരി ഒന്നിന് അന്തിമപട്ടിക പ്രസിദ്ധീകരിക്കാനാണ് പദ്ധതി. അതേസമയം, റേഷന്‍ മുന്‍ഗണനാ പട്ടികയുമായി ബന്ധപ്പെട്ട പരാതി നല്‍കുന്നതിന് പഞ്ചായത്ത്-വില്ലേജ്-നഗരസഭാ ഓഫിസുകളില്‍ സൗകര്യമൊരുക്കിയതായി വകുപ്പുമന്ത്രിയും താലൂക്ക് സപ്ലൈ ഓഫിസ് അധികൃതരും പറയുന്നുണ്ടെങ്കിലും പലയിടത്തും മതിയായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാവാതെ പരാതിക്കാര്‍ വലയുകയാണ്. നിരവധിപേര്‍ അപേക്ഷ നല്‍കാനായി അതിരാവിലെ തളിപ്പറമ്പ്, കണ്ണൂര്‍, ഇരിട്ടി, തലശ്ശേരി താലൂക്ക് സപ്ലൈ ഓഫിസുകളില്‍ പോയി മടങ്ങുകയായിരുന്നു. പഞ്ചായത്ത്, വില്ലേജ്, നഗരസഭാ ഓഫിസുകളില്‍ ജീവനക്കാരും ഗുണഭോക്താക്കളും വാക്കേറ്റം വരെ ഉണ്ടായി. താലൂക്ക്-ജില്ലാ സപ്ലൈ ഓഫിസര്‍മാരുമായും ജില്ലാ കലക്ടര്‍, മന്ത്രിയുമായും ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ബന്ധപ്പെട്ടപ്പോള്‍ പരാതികള്‍ സ്വീകരിക്കാനാവശ്യമായ നടപടിയെടുത്തുവെന്ന മറുപടിയാണു ലഭിച്ചത്. എന്നാ ല്‍ ഉത്തരവ് വരാതെ പരാതികള്‍ സ്വീകരിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞതോടെ ജനം ബഹളംവയ്ക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് 12ഓടെ ഉത്തരവ് വന്നതോടെ പഞ്ചായത്തുകളിലും നഗരസഭകളിലും അപേക്ഷ സ്വീകരിച്ചു തുടങ്ങിയെങ്കിലും വില്ലേജ് ഓഫിസുകളില്‍ ഉത്തരവ് വരാത്തതിനാല്‍ സ്വീകരിച്ചില്ല. സബ്‌സിഡി റേഷനുള്ള പുതിയ പട്ടികയിലില്ലാത്തവരില്‍ മിക്കവരും കൂട്ടത്തോടെ അപേക്ഷ സമര്‍പ്പിക്കാനെത്തിയത് അധികൃതരെയും ഓഫിസ് പ്രവര്‍ത്തനങ്ങളെയും വലച്ചു. ഇരിക്കൂര്‍ പഞ്ചായത്തില്‍ മാത്രം 1771 ഗുണഭോക്താക്കളാണ് ബിപിഎല്‍ പട്ടികയില്‍നിന്ന് ഒറ്റയടിക്ക് പുറത്തായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss