|    Feb 21 Tue, 2017 4:26 am
FLASH NEWS

റേഷന്‍ പ്രതിസന്ധി: പ്രതിപക്ഷം സഭ വിട്ടു

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: റേഷന്‍ വിതരണപ്രതിസന്ധിയില്‍ ഭക്ഷ്യമന്ത്രി രാഷ്ട്രീയം കലര്‍ത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. നാലുജില്ലകളിലെ റേഷന്‍വിതരണം താളംതെറ്റിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ മറുപടി നല്‍കുമ്പോഴായിരുന്നു പ്രതിപക്ഷം അപ്രതീക്ഷിതമായി വാക്കൗട്ട് നടത്തിയത്.
റേഷന്‍ കാര്‍ഡ് തയ്യാറാക്കുന്നതിലും ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിലും വീഴ്ചവരുത്തിയ മുന്‍സര്‍ക്കാരിനെതിരേ ഭക്ഷ്യമന്ത്രി അതിരൂക്ഷമായി വിമര്‍ശിച്ചു. റേഷന്‍ വിതരണമേഖലയിലും ഇപ്പോഴുണ്ടായിരിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി മുന്‍ യുഡിഎഫ് സര്‍ക്കാരാണെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ ആരോപണം. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വാക്കൗട്ട് നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള അരി ഈമാസം 14 മുതല്‍ റേഷന്‍കടകളിലൂടെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. ഇതനുസരിച്ചുള്ള അരിയുടെ അലോട്ട്‌മെന്റ് അനുവദിക്കുകയും അത് കടകളിലേക്ക് മാറ്റാനുമുള്ള നടപടികള്‍ നടന്നുവരികയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകമായി മണ്ണെണ്ണവിഹിതം അനുവദിക്കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാതിരുന്നതിന് കേരളത്തിന് കിട്ടിയ ആദ്യശിക്ഷയാണ് ലഭിച്ചുകൊണ്ടിരുന്ന അധികധാന്യവിഹിതം ഓണത്തിന് തൊട്ടുമുമ്പ് വെട്ടിക്കുറച്ചതെന്ന് ഭക്ഷ്യമന്ത്രി വിശദീകരിച്ചു.
തുടര്‍ന്ന് എപിഎല്ലുകാര്‍ക്കുള്ള സബ്‌സിഡി അരിവിഹിതത്തിലും ഇക്കഴിഞ്ഞ ഓക്ടോബര്‍ ഏഴുമുതല്‍ കുറവുവരുത്തി. ഇതെത്തുടര്‍ന്ന് 8.30 രൂപ നിരക്കില്‍ ലഭിച്ചിരുന്ന അരി 22 രൂപ കൊടുത്ത് വാങ്ങേണ്ടിവന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം കേന്ദ്രം അത് പുനസ്ഥാപിച്ചു. ഇതനുസരിച്ചുള്ള അരി വീണ്ടെടുക്കാനുള്ള കാലതാമസം കാരണമാണ് വടക്കന്‍ കേരളത്തിലെ റേഷന്‍ വിതരണം നിലച്ചത്. എന്നാല്‍, ഇത് പരിഹരിക്കാനായി.
ഇന്നലെ മുതല്‍ അരിവിതരണം തുടങ്ങിയിട്ടുണ്ട്. വയനാട് ജില്ലയ്ക്ക് പ്രത്യേകമായി തന്നെ അരി വിതരണം ചെയ്യും. ബിപിഎല്ലുകാരുടെയും അന്ത്യോദയ അന്നയോജന വിഭാഗത്തിന്റെയും ഒക്ടോബര്‍ മാസത്തിലെ റേഷന്‍വിതരണം കൃത്യസമയത്തുതന്നെ പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു. ഭക്ഷ്യസുരക്ഷാനിയമം നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. മൂന്നുവര്‍ഷം സമയമുണ്ടായിരുന്നിട്ടും മുന്‍സര്‍ക്കാര്‍ അത് നടപ്പാക്കിയില്ല. കേരളത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രത്തില്‍നിന്ന് സര്‍ക്കാര്‍ കണക്കുപറഞ്ഞ് വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക