|    Feb 28 Tue, 2017 6:21 am
FLASH NEWS

റേഷന്‍ പ്രതിസന്ധി: പരസ്പരം പഴിചാരി ഭരണ-പ്രതിപക്ഷങ്ങള്‍

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിലെ അപാകതകളെച്ചൊല്ലി പ്രതിസന്ധി ഉടലെടുക്കുന്നു. വിശദമായ വിവരങ്ങള്‍ ശ്രദ്ധയോടെ പൂരിപ്പിച്ചു നല്‍കുകയും പിന്നീട് തിരുത്തല്‍ വരുത്തുകയും ചെയ്ത റേഷന്‍ കാര്‍ഡുകളില്‍ വീണ്ടും തെറ്റുകള്‍ ഇടംപിടിച്ചതാണ് ജനങ്ങളെ വലച്ചിരിക്കുന്നത്. തെറ്റു തിരുത്തുന്നതിനായി വീണ്ടും ജനങ്ങള്‍ സമയം പാഴാക്കേണ്ട സ്ഥിതി ഉടലെടുത്തിരിക്കെ പരസ്പരം പഴിചാരി കൈകഴുകുകയാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍.
റേഷന്‍ കാര്‍ഡിലെ അപാകതകളെച്ചൊല്ലി ഇന്നലെ നിയമസഭയില്‍ ഇരുപക്ഷവും പരസ്പരം പോരടിച്ചു. റേഷന്‍ കാര്‍ഡിലെ തെറ്റു തിരുത്തുന്നതിനു ഗുണഭോക്താക്കള്‍ തിക്കിത്തിരക്കിയ സംഭവം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവെയാണ് ഇരുപക്ഷവും ഏറ്റുമുട്ടിയത്. റേഷന്‍ കാര്‍ഡില്‍ കടന്നുകൂടിയ തെറ്റുകള്‍ തിരുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന പ്രതിപക്ഷ ആരോപണത്തെ, മുന്‍ സര്‍ക്കാരിന്റെ കാലത്തെ വീഴ്ചയാണ് പുതിയ സാഹചര്യത്തിന് ഇടയാക്കിയതെന്നു പറഞ്ഞാണ് ഭരണപക്ഷം പ്രതിരോധിച്ചത്.
മുന്‍ സര്‍ക്കാരിന്റെ വീഴ്ച തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടെന്ന് അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കിയ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ റേഷന്‍ കാര്‍ഡുകള്‍ പുതുക്കാന്‍ തയ്യാറായില്ല. ആ ചുമതല പിന്നീട് വന്ന സര്‍ക്കാരിന്റെ ചുമലിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍, മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിരുന്നതായും കാര്‍ഡിലെ തെറ്റു തിരുത്തി നല്‍കുന്നതില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളിലെ പാളിച്ചയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 2012ല്‍ പുതുക്കേണ്ട റേഷന്‍ കാര്‍ഡ് പുതുക്കാന്‍ മുന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഭക്ഷ്യമന്ത്രി വിശദീകരിച്ചു. താലൂക്ക് അടിസ്ഥാനത്തില്‍ റാങ്കിങ് നടത്തിയുള്ള മുന്‍ഗണനാ പട്ടികയാണ് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, അതു ഫലപ്രദമല്ലെന്നു കണ്ട് എല്‍ഡിഎഫ് സര്‍ക്കാരാണ് സംസ്ഥാനതല റാങ്കിങ് നടത്തി ഇപ്പോള്‍ പട്ടിക തയ്യാറാക്കിയത്.
അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കാന്‍ ആറു മാസത്തെ സമയം കൂടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം എപിഎല്‍ വിഭാഗക്കാര്‍ക്ക് കിലോക്ക് 8.30 രൂപ നിരക്കില്‍ അരി തരാമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 15,000ഓളം പേര്‍ സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് ഒഴിവാകാമെന്ന് സ്വമേധയാ സമ്മതിച്ചിട്ടുണ്ട്.
കുടുംബാംഗങ്ങള്‍ സ്വയം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതിനാലാകാം പട്ടികയില്‍ അപാകതകള്‍ കടന്നുകൂടിയത്. ഇതുവരെ 1,47,947 പേരുടെ പരാതി ലഭിച്ചതില്‍ 7,375 എണ്ണം തീര്‍പ്പാക്കി.  പരാതികളില്‍ കര്‍ശന പരിശോധന നടത്തി അര്‍ഹരായ എല്ലാവര്‍ക്കും സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പട്ടിക പ്രസിദ്ധീകരിച്ച് അഞ്ചു ദിവസം കഴിഞ്ഞിട്ടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായതെന്നും അതാണ് തിരക്കിനു കാരണമെന്നും അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. പഞ്ചായത്തിലും വില്ലേജിലും തെറ്റു തിരുത്തല്‍ അപേക്ഷ സ്വീകരിക്കുമെന്നു പറഞ്ഞിട്ടും ജനങ്ങള്‍ ഓഫിസിലെത്തിയപ്പോള്‍ അവര്‍ കൈമലര്‍ത്തുകയായിരുന്നെന്നും അനൂപ് ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day