|    Feb 22 Wed, 2017 8:54 pm
FLASH NEWS

റേഷന്‍, നോട്ട്, പെന്‍ഷന്‍; ജനം ക്യൂവില്‍ തുടരുകയാണ്

Published : 25th November 2016 | Posted By: SMR

ഇരിട്ടി: കഴിഞ്ഞ രണ്ടുമാസത്തിലേറെയായി പ്രായവ്യത്യാസമില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. ആദ്യം റേഷന്‍ കാര്‍ഡിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ സമര്‍പ്പിക്കാനുള്ള ഓട്ടമായിരുന്നു എങ്കില്‍ പിന്നീട് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് പഴയനോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള തിരക്കായി. ഇതിനായി പ്രായ വ്യത്യാസമില്ലാതെ നാട്ടുകാര്‍ അനുഭവിച്ച പ്രയാസം ചില്ലറയല്ല. ആസാധുനോട്ട് മാറി പുതിയ നോട്ട് നേടാന്‍ മണിക്കൂറുകളോളമാണ് ബാങ്കുകള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്നത്. വല്ലപ്പോഴും പണം നിറയ്ക്കുന്ന എടിഎമ്മിന് മുന്നിലെ നില്‍പ്പും മറ്റൊരു  ദുരിതമാണ് സമ്മാനിക്കുന്നത്. നോട്ടിന് പിന്നാലെ ഇപ്പോള്‍ സാമൂഹിക പെന്‍ഷന്‍ നിലനിര്‍ത്താനുള്ള പെടാപ്പാടിലാണ് ജനങ്ങള്‍.സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പെന്‍ഷന്‍ നിലനിര്‍ത്താന്‍ പുതിയ സത്യവാങ് മൂലം ഹാജരാക്കണമെന്ന നിര്‍ദേശമാണ് പുതിയൊരു അലച്ചലിന് വഴിവച്ചത്. പെന്‍ഷന്‍ നേരിട്ട് വീട്ടില്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ സര്‍വീസ് പെന്‍ഷനോ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനോ കൈപ്പറ്റുന്നില്ലെന്നും വരുമാന നികുതി ഒടുക്കുന്നില്ലെന്നും സത്യവാങ് മൂലം നല്‍കണം. സ്വന്തമായോ കുടുംബത്തിനോ രണ്ടേക്കറില്‍ കൂടുതല്‍ ഭൂമിയില്ലെന്നുള്ളതും ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തിയ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലമാണ് നല്‍കേണ്ടത്. എല്ലാ വിധവ പെന്‍ഷന്‍ ഗുണഭോക്താക്കളും തുടര്‍പെന്‍ഷന്‍ ലഭിക്കാനായി പുനര്‍ വിവാഹിതയല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലമാണ് പഞ്ചായത്ത് ഓഫിസില്‍ നല്‍കേണ്ടത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നവരും മറ്റ് പെന്‍ഷനുകളൊന്നും വാങ്ങുന്നില്ലെന്നും രണ്ടേക്കറില്‍ കൂടുതല്‍ ഭൂമിയില്ലെന്ന സത്യവാങ്മൂലം നല്‍കണം. ഇതോടൊപ്പം പെന്‍ഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ഹാജരാക്കണം. മണിയോര്‍ഡര്‍, ബാങ്ക് അക്കൗണ്ട് മുഖാന്തരം പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പ്രസ്തുത വിവരങ്ങള്‍ അക്ഷയ സെന്റര്‍ മുഖാന്തരം കൈമാറണം. ഇതിനെല്ലാം പഞ്ചായത്ത്, വില്ലേജ്, കൃഷിഭവന്‍ ഓഫിസുകളില്‍ വന്‍ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ആഴ്ചയില്‍ ആറുദിവസവും ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പോവേണ്ടിവരുന്നതിനാല്‍ കൂലിപ്പണിക്ക് പോവുന്നവരാണ് ഏറെ കഷ്ടപ്പെടുന്നത്. ഇതോടൊപ്പം റേഷന്‍ മുന്‍ഗണനാ ലിസ്റ്റിനെക്കുറിച്ച് പരാതി നല്‍കിയവരുടെ പഞ്ചായത്ത് തല ഹിയറിങും ജില്ലാതല ഹിയറിങും നടന്നുവരികയാണ്. ഇതിനും തെളിവുകള്‍ ഹാജരാക്കാനായി ധാരാളം സര്‍ട്ടിഫിക്കറ്റുകളാണ് ആവശ്യപ്പെടുന്നത്. ഇതൊക്കെ കഴിയുമ്പോള്‍ ഇനി ഏതിനാണാവോ ഓടേണ്ടിവരികയെന്ന ആശങ്കയിലാണ് ജനങ്ങളിപ്പോള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക