|    Feb 28 Tue, 2017 6:40 pm
FLASH NEWS

റേഷന്‍ കാര്‍ഡ് പുതുക്കല്‍: ജില്ലയില്‍ 3,92,101 പേര്‍ പട്ടികയ്ക്ക് പുറത്ത്

Published : 26th October 2016 | Posted By: SMR

കൊല്ലം: റേഷന്‍ കാര്‍ഡിലെ മുന്‍ഗണനാക്രമം നിശ്ചയിച്ച് സര്‍ക്കാര്‍ ഇറക്കിയ പട്ടിക പ്രകാരം ജില്ലയില്‍ 3,92,101 പേര്‍ പുറത്ത്. ഇപ്പോഴത്തെ പട്ടിക പ്രകാരം ജില്ലയില്‍ ആകെയുള്ള 6,90,821  കാര്‍ഡ് ഉടമകളില്‍ 50,753 പേരാണ് എഎവൈ ആനുകൂല്യത്തിന് അര്‍ഹര്‍. മുന്‍ഗണനാ പട്ടികയില്‍ 2,47,968 പേരുണ്ട്. 13,684 പേര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പട്ടികയിലുമുണ്ട്. ബാക്കി 3,92,101 പേരാണ് പട്ടികയ്ക്ക് പുറത്തായത്. അതേസമയം, റേഷന്‍ കാര്‍ഡിലെ മുന്‍ഗണനാക്രമം നിശ്ചയിച്ചതില്‍ അപാകത ഏറെയെന്നു പരാതി ഉയര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ റേഷന്‍ കാര്‍ഡ് ലഭിച്ച ബിപിഎല്‍ പട്ടികയില്‍പ്പെട്ടവര്‍ ഉള്‍പ്പെടെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഇപ്പോള്‍ പുറത്തായിട്ടുണ്ട്. ബിപിഎല്‍ ലിസ്റ്റില്‍ ആയിരുന്നവര്‍ എപിഎല്‍ ലിസ്റ്റില്‍ ആയതോടെ തിരുത്താന്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്.എന്നാല്‍ ഇതെ സമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ സംസ്ഥാന മുന്‍ഗണനാ ലിസ്റ്റില്‍ കടന്നു കൂടിയിട്ടുണ്ട്. വികലാംഗരും മാനസിക ദൗര്‍ബല്യമുള്ള ഗൃഹനാഥന്‍മാര്‍ ഉള്ള കുടുംബങ്ങള്‍ പോലും മുന്‍ഗണനാ ലിസ്റ്റില്‍ നിന്നു പുറത്തായി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതി പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന ചിതറ പഞ്ചായത്തില്‍ അര്‍ഹതയുള്ള നൂറുകണക്കിനു പേരാണു മുന്‍ഗണനാ പട്ടികയില്‍ നിന്നു പുറത്തായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വികലാംഗരും മനോദൗര്‍ബല്യമുള്ളവരും സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്നാണു ബിപിഎല്‍ ലിസ്റ്റില്‍ ആയത്. റേഷന്‍ കടകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റില്‍ ബിപിഎല്‍കാരായവര്‍ എപിഎല്‍ ലിസ്റ്റില്‍ എത്തിയതു കണ്ടെത്തിയതു പ്രതിഷേധത്തിനും ഇടയാക്കി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നു പുറത്തായി. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ ലിസ്റ്റില്‍ സ്ഥാനം പിടിച്ചുവെന്നതാണു സ്ഥിതി. ഉപഭോക്താക്കള്‍ നേരിട്ട് നല്‍കിയ വിവരങ്ങള്‍ പ്രകാരം പട്ടിക തയ്യാറാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ബിപിഎല്‍ കാര്‍ഡുടമകളെ പുറന്തള്ളി എപിഎല്‍ കാര്‍ഡുടമകള്‍ വ്യാപകമായി മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിച്ചു. ഈ മാസം 20നാണ് റേഷന്‍ കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് മുന്‍ഗണന, മുന്‍ഗണന ഇതര കരട് പട്ടിക  പ്രസിദ്ധീകരിച്ചത്. ഇവയെ കുറിച്ചുള്ള ആക്ഷേപങ്ങളും പരാതികളുമായി ഇപ്പോള്‍ സപ്ലൈ ഓഫിസിലേക്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ പ്രളയമാണ്. തിങ്കളാഴ്ച ജില്ലയിലെ മിക്ക സപ്ലൈ ഓഫിസുകളിലും എത്തിയ റേഷന്‍ കാര്‍ഡ് ഉടമകളുടെ തിരക്ക് മൂലം ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റിയിരുന്നു. പരാതിയുമായി മണിക്കൂറുകളോളം കാത്തുനിന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ കുഴഞ്ഞുവീഴുന്ന അവസ്ഥയും ഉണ്ടായിരുന്നു. നേരത്തെ പഞ്ചായത്ത് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും പരാതി സ്വീകരിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നതിനാല്‍ പലരും ഇവിടെ എത്തിയിരുന്നെങ്കിലും ജീവനക്കാരുടെ കുറവും പ്രത്യേക അറിയിപ്പ് ഇല്ല എന്ന കാരണവും പറഞ്ഞു പരാതിയുമായി എത്തിയവരെ തിരച്ചയയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണു താലൂക്ക് സപ്ലൈ ഓഫിസില്‍ പരാതിക്കാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടത്. അനിയന്ത്രിതമായ തിരക്കായതോടെ പരാതികള്‍ അതത് പഞ്ചായത്ത് ഓഫിസുകളില്‍ സ്വീകരിക്കാന്‍ സപ്ലൈ ഓഫിസ് അധികൃതര്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മുതല്‍ അതത് പഞ്ചായത്ത് ഓഫിസുകളില്‍ സപ്ലൈ ഓഫിസ് ജീവനക്കാര്‍ എത്തി പരാതികള്‍ സ്വീകരിച്ചു തുടങ്ങി. രാവിലെ പത്തു മുതല്‍ അഞ്ചു വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.ജില്ലയിലെ ആറ് താലൂക്ക് സപ്ലൈ ഓഫിസുകളിലുമായി അമ്പതിനായിരത്തിന് മുകളില്‍ പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചത്.  കരട് പട്ടികയിന്മേലുള്ള പരാതികള്‍ 31 വരെ സ്വീകരിക്കാനാണ് നേരത്തെയുള്ള തീരുമാനം. എന്നാല്‍ പരാതിക്കാരുടെ എണ്ണം വര്‍ധിച്ചതോടെ പരാതി സ്വീകരിക്കാനുള്ള അവസാന തിയ്യതി അടുത്തമാസം അഞ്ചുവരെ നീട്ടി. അവധി ദിവസങ്ങളിലും താലൂക്ക് ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ഇപ്പോള്‍ ലഭിക്കുന്ന പരാതിയില്‍ ഹിയറിങ് നടത്തി നവംബര്‍ 15ന് മുമ്പ് തീരുമാനം എടുക്കും. എന്നാല്‍ ഇപ്പോള്‍ പരാതി സ്വീകരിക്കുന്ന തിയ്യതി നീട്ടിയതിനാല്‍ ഹിയറിങ്ങിനുള്ള സമയപരിധിയും നീളാന്‍ സാധ്യതയുണ്ട്. ബന്ധപ്പെട്ട റേഷനിങ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറും പഞ്ചായത്ത്,മുനിസിപ്പല്‍ സെക്രട്ടറി, വില്ലേജ് ഓഫിസര്‍, കെഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ അംഗങ്ങളുമായ വെരിഫിക്കേഷന്‍ കമ്മിറ്റിയാണ് പരിശോധന നടത്തുക. ഈ തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ ഏഴുദിവസത്തിനുമുമ്പ് കലക്ടര്‍ ചെയര്‍മാനായ അപ്പീല്‍ കമ്മിറ്റിക്ക് പരാതി നല്‍കാം. 30നകം അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കും.നവംബര്‍ ഒന്നിന് കേരളത്തില്‍ ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പില്‍വരും. ഇതോടെ എപിഎല്‍,ബിപിഎല്‍ പട്ടിക ഇല്ലാതാകും. പകരം മുന്‍ഗണനാ പട്ടികയും മൂന്‍ഗണനാ ഇതര പട്ടികയുമാകും നിലവില്‍ വരുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day