|    Mar 26 Sun, 2017 4:45 pm
FLASH NEWS

റേഷന്‍ കാര്‍ഡ് പുതുക്കല്‍: കരട് പട്ടിക ഇന്നു പ്രസിദ്ധീകരിക്കും

Published : 20th October 2016 | Posted By: SMR

കോട്ടയം: ജില്ലയില്‍ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള കരട് മുന്‍ഗണനാ പട്ടിക ഇന്ന് രാവിലെ 10ന് എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും റേഷന്‍ കടകളിലും പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച് കാര്‍ഡുടമകള്‍ക്കുള്ള ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ കലക്ടര്‍ സി എ ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നാല് വിഭാഗത്തിലാണ് കാര്‍ഡുടമകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പട്ടികയില്‍ ചേര്‍ക്കാന്‍ വിട്ടുപോയിട്ടുള്ള അര്‍ഹത ചേര്‍ക്കുന്നതിന് അപേക്ഷകര്‍ക്ക് അവസരം നല്‍കുന്നതാണ്. തങ്ങളേക്കാള്‍ അര്‍ഹത കുറഞ്ഞവരെ ആനുകൂല്യം ലഭിക്കുന്നവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പരാതിപ്പെടാവുന്നതാണ്. ലിസ്റ്റിലുള്ള പരാതികള്‍ പരിഹരിക്കാന്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പരാതികള്‍ ചൂണ്ടിക്കാണിച്ചുള്ള അപേക്ഷ ഈ മാസം 31നകം അതത് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കാണ് നല്‍കേണ്ടത്. ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറി  ചെയര്‍മാനും റേഷനിങ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറും വില്ലേജ് ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, പട്ടിക വര്‍ഗമേഖലയില്‍ പട്ടിക വര്‍ഗ വികസന ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള പഞ്ചായത്തുതല പരിശോധനാ കമ്മിറ്റി പരാതികളിന്മേല്‍ അന്വേഷണം നടത്തി നവംബര്‍ 15നകം തീരുമാനമെടുക്കും. ഈ തീരുമാനം സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം ജില്ലാതലത്തില്‍ കലക്ടര്‍ ചെയര്‍മാനായുള്ള അപ്പീല്‍ കമ്മിറ്റിക്കു നല്‍കണം. ഡിസംബര്‍ രണ്ടിനകം അപ്പീല്‍ കമ്മിറ്റി തീരുമാനമെടുത്ത് 15ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 2017 ജനുവരി ഒന്നിന് ഔദ്യോഗിക പട്ടിക പ്രസിദ്ധീകരിക്കുമെന്നും ജനുവരി അവസാനത്തോടെ റേഷന്‍ കാര്‍ഡ് തയ്യാറാക്കി വിതരണത്തിന് സജ്ജമാക്കുമെന്നും കലക്ടര്‍ പറഞ്ഞു.ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എഡിസി (ജനറല്‍) പി എസ് ഷിനോ, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, മുനിസിപ്പാലിറ്റി, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക