|    Jun 23 Fri, 2017 1:52 am
FLASH NEWS

റേഷന്‍ കാര്‍ഡ്; തെറ്റായ വിവരം നല്‍കിയവര്‍ക്ക് എതിരേ കര്‍ശന നടപടി

Published : 22nd November 2016 | Posted By: SMR

കോട്ടയം: പുതിയ റേഷന്‍ കാര്‍ഡ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ച മുന്‍ഗണനാ, എഎവൈ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി തെറ്റായ വിവരം നല്‍കിയവര്‍ക്കെതിരേ തടവും പിഴയും ഉള്‍പ്പടെയുളള കര്‍ശന നടപടികളുണ്ടാകുമെന്ന് കലക്ടര്‍ സി എ ലത മുന്നറിയിപ്പ് നല്‍കി. കൂടാതെ ഇവരുടെ റേഷന്‍കാര്‍ഡുകള്‍ സ്ഥിരമായി റദ്ദ് ചെയ്യുകയും അനധികൃതമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ മാര്‍ക്കറ്റ് വില അവരില്‍ നിന്ന് ഈടാക്കുകയും ചെയ്യും.കുടുംബത്തിലെ ഏതെങ്കിലും അംഗം സംസ്ഥാന കേന്ദ്ര സര്‍വീസിലോ പൊതു മേഖലസഹകരണ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാനോ ആനുകൂല്യം കൈപ്പറ്റാനോ അവകാശം ഉണ്ടായിരിക്കുകയില്ല. എന്നാല്‍ പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ലാസ്റ്റ് ഗ്രേഡ് ജീവനക്കാരേ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടോ, ഫഌറ്റോ സ്വന്തമായവര്‍, അധ്യാപകര്‍, നാലു ചക്രവാഹനമുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായുളളവര്‍, വരുമാന നികുതി അടയ്ക്കുന്നവര്‍, പ്രവാസികളടക്കം 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ, എഎവൈ വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. തെറ്റായ വിവരം നല്‍കി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള കരട് മുന്‍ഗണനാ, എഎവൈ പട്ടികയില്‍ കടന്നുകൂടിയവര്‍ 30നകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള അപേക്ഷ നല്‍കിയാല്‍ ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്നും കലക്ടര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക