|    Nov 16 Fri, 2018 1:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ സംവിധാനം ഇന്നു മുതല്‍

Published : 4th August 2018 | Posted By: kasim kzm

കൊച്ചി: ഓണ്‍ലൈന്‍ വഴി റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ നല്‍കാനുള്ള സംവിധാനം സംസ്ഥാനമൊട്ടാകെ ഇന്നു മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ റേഷന്‍ കാര്‍ഡിനും തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ നടത്താനും ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു. പൊതുവിതരണരംഗം സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഏതു റേഷന്‍ കാര്‍ഡുടമയ്ക്കും കേരളത്തിലെ ഏതു റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇതിനകം തന്നെ ധാരാളം ആളുകള്‍ ആ സൗകര്യം ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. റേഷന്‍ കാര്‍ഡ് പുതുക്കല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ആരംഭിച്ചത്. 80 ലക്ഷം പേര്‍ക്ക് കാര്‍ഡ് പുതുക്കി നല്‍കി. ഒരിടത്തും റേഷന്‍ കാര്‍ഡില്ലാത്ത 76,000 പേരുടെ അപേക്ഷ കിട്ടി. അവര്‍ക്ക് കാര്‍ഡ് കൊടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാ റേഷന്‍ കടക്കാര്‍ക്കും കൃത്യമായ അളവില്‍ സാധനങ്ങള്‍ നല്‍കുന്നുണ്ട്. ഒന്നര മാസത്തെ സാധനങ്ങള്‍ മുന്‍കൂറായി റേഷന്‍ കടക്കാര്‍ക്ക് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. റേഷന്‍ കടയില്‍ നിന്ന് എത്രമാത്രം സാധനങ്ങള്‍ നല്‍കിയെന്നും ബാക്കി എത്രയുണ്ടെന്നും ഇപ്പോള്‍ കൃത്യമായി അറിയാന്‍ കഴിയും.
വെബ്‌സൈറ്റ് തുറന്നാല്‍ ഒാരോ റേഷന്‍ കടയുടെയും വിവരം ലഭിക്കും. ആരു വാങ്ങി, ആരു വാങ്ങിയില്ല എന്നൊക്കെ അറിയാന്‍ കഴിയും. പഴയപോലെ ഇതൊന്നും രഹസ്യമാക്കിവെക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.നല്ല സേവനം നല്‍കുന്ന റേഷന്‍ കടകളിലേക്ക് ആളുകള്‍ പോകും. അങ്ങനെ വരുമ്പോള്‍ അല്ലാത്തവരും നേര്‍വഴിക്കു വരുമെന്നും മന്ത്രി പറഞ്ഞു. ഡയറക്ട് മാര്‍ക്കറ്റിങ് നിയന്ത്രണം സംബന്ധിച്ച് കേന്ദ്രം ഒരു നിയമം ഇപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ നിയമത്തിന്റെ ചുവടുപിടിച്ചുകൊണ്ട് സംസ്ഥാനത്ത് നിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കിയിട്ടുണ്ട് ഈ മാസം 8ന് ഔദ്യോഗികമായി മുഖ്യമന്ത്രി പുറത്തിറക്കും.
ഉപഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കപ്പെടണം. ഡയറക്ട് മാര്‍ക്കറ്റിങ് രംഗത്ത് കള്ളനാണയങ്ങള്‍ ഒരുപാടുണ്ട്. ഇത്തരക്കാരെ നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. മാര്‍ക്കറ്റിങില്‍ വ്യത്യാസം വന്നിരിക്കുകയാണ്. പഴയ രീതിയല്ല, പുതിയ തന്ത്രങ്ങളാണ് ഇന്ന് മാര്‍ക്കറ്റിങ് മേഖലയില്‍ കാണുന്നത്. ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ ഉല്‍പന്നം എത്തുകയാണ്.
ഒരു ഉല്‍പന്നം കമ്പനി നിര്‍മിക്കുമ്പോള്‍ ഈ ഉല്‍പന്നം മൊത്തമായി സ്റ്റോക്ക് ചെയ്യുന്നവര്‍, ചെറുകിട സ്‌റ്റോക്കിസ്റ്റുകള്‍, മൊത്തവ്യാപാരികള്‍, റീട്ടെയില്‍ വ്യാപാരി എന്നിങ്ങനെ വിവിധ ഘട്ടം കടന്നാണ് ഉപഭോക്താവിന്റെ കൈയില്‍ എത്തുന്നത്. ഒരു ഉല്‍പന്നം അത് ഉല്‍പാദിപ്പിക്കാന്‍ വേണ്ടിവരുന്നതിനേക്കാള്‍ എത്രയോ ഇരട്ടി വിലയിലാണ് ഉപഭോക്താവിന്റെ കൈയില്‍ എത്തുന്നത്. ഉല്‍പാദകരില്‍ നിന്നു നേരെ ഉപഭോക്താവിലേക്ക് എന്നതാണ് ഡയറക്ട് മാര്‍ക്കറ്റിങ്. അതിനിടയില്‍ മറ്റു ഘടകങ്ങളില്ല. എന്നിട്ടും ഇതിനിടയില്‍ ചില കള്ളനാണയങ്ങളുണ്ട്. അത് നിയന്ത്രിക്കുകയെന്നാണ് നിയമവും ചട്ടവും കൊണ്ടുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കമ്പനി എങ്ങനെ പ്രവര്‍ത്തിക്കണം, പരാതിയുണ്ടായാല്‍ എങ്ങനെ പരിഹാരം കാണണം എന്നിവയൊക്കെ നി—യമത്തിലും ചട്ടത്തിലുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss