|    Jan 19 Thu, 2017 8:35 pm
FLASH NEWS

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കു വിനയാവുന്നു

Published : 26th September 2016 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി (പാലക്കാട്): റേഷന്‍ കാര്‍ഡുകളില്‍ വന്ന തെറ്റുകളുടെ പേരില്‍ മതന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അപേക്ഷകരെ ബലിയാടാക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം ആയിരം രൂപ വീതം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ സ്‌കോളര്‍ഷിപ്പുകളാണ് തടഞ്ഞു വയ്ക്കുന്നത്.
സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡിന്റെ കോപ്പിയും ആധാറിന്റെ കോപ്പിയും വരുമാന സര്‍ട്ടിഫിക്കറ്റും നല്‍കണം. ഈ അപേക്ഷയിലുളള പേരുകളുടേയോ വീട്ടുപേരിന്റേയോ സ്ഥലപ്പേരിന്റെയോ ഏതെങ്കിലും അക്ഷരങ്ങള്‍ റേഷന്‍കാര്‍ഡില്‍ തെറ്റായി വന്നിട്ടുണ്ടെങ്കില്‍ അറിയിപ്പുകളൊന്നും കൂടാതെതന്നെ അപേക്ഷ തടഞ്ഞുവയ്ക്കുകയാണ്. റേഷന്‍കാര്‍ഡ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥരുടെ അലസതയും അനാസ്ഥയും കൊണ്ട് സംഭവിച്ച  സാങ്കേതിക പിഴവുകള്‍ക്ക് പാവപ്പെട്ട വിദ്യാര്‍ഥികള്‍ ബലിയാടായിക്കൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലയില്‍ മാത്രം നൂറിലധികം പേര്‍ക്ക് ഇത്തരത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാതെ വന്നിട്ടുണ്ട്. റേഷന്‍ കാര്‍ഡിലെ തെറ്റിന്റെ പേരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തവരും നിരവധിയാണ്.
ജനന സര്‍ട്ടിഫിക്കറ്റുകളിലും ആധാര്‍, എന്‍പിആര്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലും ഇല്ലാത്ത തെറ്റുകളാണ് റേഷന്‍കാര്‍ഡുകളില്‍ കടന്നുകൂടിയിട്ടുള്ളത്. ജനന സര്‍ട്ടിഫിക്കറ്റിനും ആധാര്‍, എന്‍പിആര്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും അടിസ്ഥാന രേഖകള്‍ ആവശ്യമുള്ളപ്പോള്‍ കുട്ടികളുടെ പേര് ചേര്‍ക്കുന്ന റേഷന്‍ കാര്‍ഡില്‍ ആറ് വയസ്സിന് താഴെയുള്ളവര്‍ക്ക് യാതൊരു രേഖയും ആവശ്യമില്ല. റേഷന്‍കാര്‍ഡ് പുതുക്കുന്ന സമയത്ത് നിലവിലുള്ള കുടുംബനാഥനോ കുടുംബനാഥയോ സ്വന്തം ഉത്തരവാദിത്തത്തില്‍ കോളം പൂരിപ്പിച്ച് നല്‍കിയാല്‍ മതി. ആറ് വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ നിയമപരമായ അടിസ്ഥാന രേഖകള്‍ ആവശ്യമുള്ളൂ.
കുട്ടികളുടെ വയസ്സ്, ലിംഗ വ്യത്യാസം, മാതാപിതാക്കളുടേയും കുട്ടികളുടേയും പേരുകളില്‍ വരുന്ന വ്യത്യാസം തുടങ്ങിയ നിരവധി തെറ്റുകളാണ് ഒരോ തവണയും റേഷന്‍കാര്‍ഡ് പുതുക്കുമ്പോള്‍ അതിനകത്ത് കടന്നുകൂടുന്നത്.
മുമ്പൊക്കെ റേഷന്‍കാര്‍ഡുകള്‍ക്കുള്ള അപേക്ഷ കടലാസിലാണ് നല്‍കിയിരുന്നത്. അന്ന് തെറ്റ് സംഭവിക്കുന്നതിന് സാധ്യത ഏറെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയവര്‍ക്ക് പോലും തെറ്റുകളടങ്ങിയ റേഷന്‍ കാര്‍ഡാണ് ലഭിച്ചിട്ടുള്ളത്. അവ തിരുത്താന്‍ അപേക്ഷ നല്‍കിയിട്ടും തിരുത്തിക്കൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടുമില്ല.
നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠനച്ചെലവുകള്‍ക്കുള്ള ഏക ആശ്രയമാണ് ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍. അതിനാല്‍ റേഷന്‍കാര്‍ഡില്‍ വന്നിട്ടുള്ള തെറ്റ് തിരുത്തി നല്‍കാനാവശ്യമായ അടിയന്തര നിര്‍ദേശം സിവില്‍ സപ്ലൈസിന് നല്‍കാന്‍ മുഖ്യമന്ത്രിയോ മനുഷ്യാവകാശ- ബാലാവകാശ കമ്മീഷനോ ഇടപെടണമെന്നാണ്  വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക