|    Jul 16 Mon, 2018 2:27 pm
FLASH NEWS

റേഷന്‍കാര്‍ഡിലെ അപാകത: പ്രത്യേക യോഗം ചേര്‍ന്നു

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: പുതിയതായി വിതരണം ചെയ്ത റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍, പരാതികള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി നഗരസഭാ പരിധിയിലെ താലൂക്ക് സപ്ലൈ ഓഫിസര്‍, റേഷനിങ് ഓഫിസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ യോഗം മേയറുടെ അധ്യക്ഷതയില്‍ നഗരസഭയില്‍ ചേര്‍ന്നു. നിലവില്‍ വിതരണം ചെയ്ത റേഷന്‍ കാര്‍ഡില്‍ ഒട്ടേറെ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്നും അര്‍ഹതപ്പെട്ടവര്‍ ഒഴിവായി പോയിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കണമെന്നും മേയര്‍ യോഗത്തെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 നടപ്പില്‍വരുന്നതിന്റെ ഭാഗമായി റേഷന്‍കാര്‍ഡ് ഉടമകളില്‍ നിന്നു ശേഖരിച്ച് ക്രോഡീകരിച്ച് തയ്യാറാക്കിയ പട്ടികയില്‍ പരിശോധന നടത്തിയിരുന്നെങ്കിലും നിലവില്‍ ഒട്ടേറെ അനര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡ് ലഭിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഇതു പരിഹരിക്കുന്നതിന് കേരളസര്‍ക്കാര്‍ പ്രത്യേക ശ്രമം നടത്തിവരികയാണെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍, റേഷനിങ് ഓഫിസര്‍മാരും അഭിപ്രായപ്പെട്ടു. കൃത്യമായ വിവരങ്ങള്‍ നല്‍കാതിരുന്നതും ബോധപൂര്‍വം വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതുമാണ് ഇത്തരത്തില്‍ ഒരവസ്ഥ സംജാതമായിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍മാര്‍, വിദേശത്ത് ജോലി ചെയ്യുന്നവര്‍, 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഭവനമുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍, ഇന്‍കം ടാക്‌സ് അടയ്ക്കുന്നവര്‍, 25,000 രൂപയ്ക്ക് മേല്‍ പ്രതിമാസ വരുമാനമുള്ളവര്‍ ഇവരെല്ലാം മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ലാത്തവരാണ്. മഞ്ഞ കാര്‍ഡിന് 28 കിലോ അരി, ഏഴ് കിലോ ഗോതമ്പ് (സൗജന്യം), അരലിറ്റര്‍ മണ്ണെണ്ണയ്ക്ക് വില നല്‍കണം. പിങ്ക് കാര്‍ഡിന് നാലു കിലോ അരി, ഒരു കിലോ ഗോതമ്പ് (സൗജന്യം), അരലിറ്റര്‍ മണ്ണെണ്ണയ്ക്ക് വില നല്‍കണം. നീല കാര്‍ഡിന് ആളൊന്നിന് രണ്ടു രൂപ നിരക്കില്‍ രണ്ടു കിലോ അരിയും 15 രൂപ നിരക്കില്‍ ഒരു കിലോ ആട്ട, അര ലിറ്റര്‍ മണ്ണെണ്ണ, വെള്ള കാര്‍ഡിന് ലഭ്യതയനുസരിച്ച് അരിയും ഗോതമ്പും ചേര്‍ത്ത് അഞ്ചു കിലോ നിരക്കിലാണ് സാധനങ്ങള്‍ നല്‍കുന്നത്. വീടില്ലാത്തവര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍, ഓട്, ഓല, ഷീറ്റ് എന്നീ മേല്‍ക്കൂരകളുള്ള വീട്ടില്‍ താമസിക്കുന്നവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, കൂലിപ്പണിക്കാര്‍, ചുമട്ടുതൊഴിലാളികള്‍ ഇവരെല്ലാം അര്‍ഹതപ്രകാരം മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിക്കേണ്ടവരാണ്. കാന്‍സര്‍ രോഗികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, മറ്റ് മാരകരോഗങ്ങള്‍ക്ക് വിധേയരായവര്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പരിഗണനാ പട്ടികയില്‍ വരുന്നവരാണ്. യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ അപാകത പരിഹരിച്ച് റേഷന്‍കാര്‍ഡ് കുറ്റമറ്റരീതിയില്‍ ആക്കുന്നതിന് കേരളസര്‍ക്കാര്‍ നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി അര്‍ഹത ലഭിക്കാതെ പോയവര്‍ക്ക് ബന്ധപ്പെട്ട റേഷനിങ് ഓഫിസര്‍ക്കോ, താലൂക്ക് സപ്ലൈ ഓഫിസര്‍ക്കോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപ്രകാരം അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരെ കണ്ടെത്തണമെങ്കില്‍ അനര്‍ഹരെ ഒഴിവാക്കേണ്ടതുണ്ട്. നഗരപരിധിയിലെ ഏതെങ്കിലും പ്രദേശങ്ങളില്‍ അനര്‍ഹരായിട്ടുള്ളവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത വിവരം അറിയാവുന്ന പൊതുജനങ്ങള്‍ക്ക് അവരുടെ പരാതി താലൂക്ക് സപ്ലൈ ഓഫിസര്‍ക്കോ, റേഷനിങ് ഓഫിസര്‍ക്കോ സമര്‍പ്പിക്കാവുന്നതാണ്. പേര് വിവരം രഹസ്യമായി സൂക്ഷിക്കുന്നതാണ്. കേരള സര്‍ക്കാര്‍ നടത്തുന്ന സുതാര്യമായ റേഷന്‍ കാര്‍ഡ് വിതരണ സംവിധാനത്തോട് എല്ലാ നഗരവാസികളും സഹകരിക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു. യോഗത്തില്‍ നഗരസഭ അഡീഷനല്‍ സെക്രട്ടറി കെ ഹരികുമാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍, റേഷനിങ് ഓഫിസര്‍ നോ ര്‍ത്ത്, സൗത്ത്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍, പ്രൊജക്റ്റ് ഓഫിസര്‍ തിരുവനന്തപുരം നഗരസഭ എന്നിവരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss