|    Nov 21 Tue, 2017 7:37 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

റേഷന്‍കാര്‍ഡിലെ അപാകത : തെറ്റുകള്‍ തിരുത്തി മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കും- മന്ത്രി

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: പുതുതായി വിതരണം ചെയ്ത റേഷന്‍കാര്‍ഡിലെ മുന്‍ഗണനാ പട്ടികയില്‍ ഒന്നരലക്ഷം അനര്‍ഹരുണ്ടെന്നാണ് കണ്ടെത്തലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരുമായ 43,396 പേര്‍ ഇതുവരെ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചു. മുന്‍ഗണന നിശ്ചയിച്ചതിലെ മാനദണ്ഡം ഉള്‍പ്പെടെയുള്ള പരാതികള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നു ഭക്ഷ്യമന്ത്രി നിയമസഭയെ അറിയിച്ചു. റേഷന്‍കാര്‍ഡ് വിതരണം പൂര്‍ത്തിയായില്ലെന്നും വിതരണം ചെയ്തതില്‍ ഭൂരിഭാഗവും അബദ്ധപഞ്ചാംഗമാണെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തെ 85 ശതമാനം കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് ലഭ്യമാക്കിയതായി ഭക്ഷ്യമന്ത്രി പറഞ്ഞു. അനര്‍ഹരായ പലരും മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് തെറ്റുകള്‍ തിരുത്തി മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കും. അനര്‍ഹര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നോര്‍ക്കയില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ തേടും. കാസര്‍കോട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ ചില താലൂക്കുകളില്‍ തമിഴ്, കന്നട ഭാഷകള്‍ കൂടി റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടതിനാല്‍ ഈ മേഖലയിലെ കാര്‍ഡ് വിതരണത്തില്‍ കാലതാമസം നേരിട്ടിട്ടുണ്ട്. ഇത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.റേഷന്‍ കാര്‍ഡ് വിതരണത്തിലെ വീഴ്ച ജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ അനൂപ് ജേക്കബ് പറഞ്ഞു.  കോടതി കണ്ടിട്ടില്ലാത്ത അന്നമ്മയെ ജഡ്ജിയായും ആകാശത്തു കൂടി പോകുന്ന വിമാനം മാത്രം കണ്ടിട്ടുള്ള പൊന്നപ്പനെ പൈലറ്റാക്കിയുമാണ് പുതിയ റേഷന്‍കാര്‍ഡ് ഇറക്കിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക