|    Jan 17 Tue, 2017 3:36 am
FLASH NEWS

റേഷന്‍കാര്‍ഡിന് ഇനിയും ആറുമാസം; കരട് പട്ടിക പ്രസിദ്ധീകരിക്കേണ്ടത് 81 ഇടങ്ങളില്‍

Published : 29th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്കു പുതിയ കാര്‍ഡ് കൈയില്‍ ലഭിക്കണമെങ്കില്‍ ആറുമാസംകൂടി കാത്തിരിക്കേണ്ടിവരും. പുതിയ റേഷന്‍ കാര്‍ഡിന്റെ വിതരണം ആറുമാസത്തിനകം നടത്താനാവുമെന്നു ഭക്ഷ്യ-സിവില്‍ സപ്ലൈസ് ഡയറക്ടര്‍ വി കെ ബാലകൃഷ്ണന്‍ അറിയിച്ചു.
എഎവൈ-ബിപിഎല്‍ മുന്‍ഗണനാ പട്ടിക അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. 81 ഇടങ്ങളിലാണു കരട് പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ കൊടുങ്ങല്ലൂരും കൊച്ചിയിലും പ്രസിദ്ധീകരിച്ചു. മറ്റിടങ്ങളില്‍ക്കൂടി പട്ടിക പ്രസിദ്ധീകരിച്ച് ജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിഞ്ഞശേഷം മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കും. ഒരോ സ്ഥലങ്ങളിലും ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയാണു പട്ടികയില്‍ അന്തിമതീരുമാനമെടുക്കുക. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം ആറുമാസക്കാലയളവു വേണ്ടിവരുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനുശേഷം എത്രയും വേഗം പുതിയ കാര്‍ഡ് വിതരണം ചെയ്യുമെന്നും ഡയറക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കുന്ന പദ്ധതി അടുത്ത കാര്‍ഡ് മാറ്റത്തോടെ മാത്രമേ നടപ്പാക്കാനാവൂ. ഇ-റേഷന്‍കാര്‍ഡ് എന്ന പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. റേഷന്‍കടകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്ന പദ്ധതിക്കു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ തുടക്കമിട്ടിരുന്നു. 20 റേഷന്‍കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനം തൃപ്തികരമാണ്. ഇതിന്റെ തുടര്‍ച്ച സര്‍ക്കാര്‍ തീരുമാനിക്കുന്ന മുറയ്ക്ക് നടക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.
നിലവിലെ റേഷന്‍കാര്‍ഡുകള്‍ക്ക് പകരം എടിഎം കാര്‍ഡ് മാതൃകയിലുള്ളതാണ് ഇ-കാര്‍ഡ്. റേഷന്‍കടകളിലെ ഇ-പോസ്റ്റ് മെഷീനില്‍ കാര്‍ഡിട്ടാല്‍ ഓരോ ഉപഭോക്താവിനും അനുവദിച്ചിട്ടുള്ള സാധനങ്ങളുടെ കൃത്യമായ വിവരം കൃത്യമായി തെളിയും. ആധാറുമായി ലിങ്ക് ചെയ്താണു പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റേഷന്‍കാര്‍ഡുകള്‍ ഇ-കാര്‍ഡുകളാക്കുന്നത്. ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡുകള്‍ നടപ്പാക്കി വിജയിച്ച ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണു കേരളം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇ- റേഷന്‍ കാര്‍ഡുകള്‍ വരുന്നതോടെ മൊത്തക്കച്ചവടക്കാരെ ഒഴിവാക്കാനും സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നത് അവസാനിപ്പിക്കാനുമാവും. ഇലക്‌ട്രോണിക് റേഷന്‍കാര്‍ഡുകള്‍ വരുന്നതോടെ റേഷന്‍ വാങ്ങാത്തവരുടെ കണക്ക് കൃത്യമായി അറിയാനാവുമെന്നാണു ഭക്ഷ്യവകുപ്പിന്റെ പ്രതീക്ഷ.
2008ല്‍ വിതരണം ചെയ്ത റേഷന്‍കാര്‍ഡാണ് ഇപ്പോഴും നിലവിലുള്ളത്. 2012ല്‍ കാലാവധി കഴിഞ്ഞ കാര്‍ഡിനൊപ്പം അധികപേജ് തുന്നിക്കെട്ടുകയാണു ചെയ്തിരിക്കുന്നത്. കാലാവധി അവസാനിച്ച് നാലുവര്‍ഷം പിന്നിട്ടിട്ടും പുതിയ റേഷന്‍കാര്‍ഡ് വിതരണം ചെയ്യാത്തതിനെതിരേ പരാതികള്‍ വ്യാപകമാണ്. റേഷന്‍കാര്‍ഡുകള്‍ തയ്യാറായിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ചുള്ള പട്ടിക വില്ലേജ്, പഞ്ചായത്ത് ഓഫിസുകളില്‍ പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളും പരാതികളും ശേഖരിച്ച ശേഷം പരിശോധന നടത്തുന്ന ജോലികളിലാണ് കാലതാമസം നേരിടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക