|    Dec 18 Tue, 2018 1:41 am
FLASH NEWS
Home   >  Todays Paper  >  page 10  >  

റേഷനരി വില കൂടും; കടകള്‍ക്ക് ഏകീകൃത രൂപം

Published : 2nd December 2018 | Posted By: kasim kzm

തിരുവനന്തപുരം: റേഷന്‍ കടകള്‍ ആകര്‍ഷകമാക്കാന്‍ സര്‍ക്കാര്‍ ഏകീകൃതരൂപം കൊണ്ടുവരുന്നു. വ്യാപാരികളുടെ മാസവേതനത്തില്‍ വര്‍ധനവു വരുത്തുകയും ഏകീകൃതരൂപം കൊണ്ടുവരികയും ചെയ്യുന്നതോടെ റേഷനരിയുടെ വിലയിലും ഒരു രൂപയുടെ വര്‍ധനവുണ്ടാവും.
പാക്കേജ് നടപ്പാക്കുന്നതുമൂലം സര്‍ക്കാരിനുണ്ടാവുന്ന അധിക ബാധ്യത കുറയ്ക്കുന്നതിന് അന്ത്യോദയ വിഭാഗം ഒഴികെയുള്ളവരില്‍ നിന്നും അരി, ഗോതമ്പ്, ആട്ട എന്നിവയ്ക്ക് കൈകാര്യ ചെലവ് ഒരു രൂപയില്‍ നിന്നും രണ്ടു രൂപയായി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ കിലോഗ്രാമിന് ഇനി രണ്ടു രൂപയും പൊതുവിഭാഗം സബ്—സിഡി (നീല) കാര്‍ഡുകാര്‍ 4 രൂപയും പൊതുവിഭാഗം വെള്ള കാര്‍ഡുള്ളവര്‍ 10 രൂ. 90 പൈസയും നല്‍കേണ്ടിവരും. ആട്ടയ്ക്ക് 17 രൂപ നല്‍കണം.
റേഷന്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭദ്രത ലഭിക്കുന്നതിന് സപ്ലൈകോ വഴി വില്‍ക്കുന്ന സബ്—സിഡി ഇതര സാധനങ്ങള്‍, ബാങ്കിങ് സേവനങ്ങള്‍, സര്‍ക്കാര്‍ ലോട്ടറി ഏജന്‍സി എന്നിവയും നടപ്പാക്കും. അതേസമയം വെളിച്ചെണ്ണ അടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയില്ലെങ്കില്‍ സബ്‌സിഡിയില്ലാത്ത സാധനങ്ങള്‍ ഏറ്റെടുത്തു വിതരണം ചെയ്യില്ലെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.
സംസ്ഥാനത്തെ 14,435 റേഷന്‍ കടകളുടെ ബോര്‍ഡുകള്‍, ചുവരിന്റെ നിറം, ഷട്ടറുകളുള്‍പ്പെടെയുള്ളവ ഒരേ രൂപത്തിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പദ്ധതി നടപ്പാക്കുന്നതിനു കടകള്‍ക്ക് സര്‍ക്കാര്‍ 2,500 രൂപ നല്‍കും. ചുവപ്പും മഞ്ഞയും നിറത്തിലായിരിക്കും ബോര്‍ഡുകള്‍. ഷട്ടര്‍ വെള്ള നിറത്തിലും മധ്യത്തില്‍ ലോഗോയും ഇടതുവശത്ത് ചുവപ്പ്, മഞ്ഞ നിറത്തിലുള്ള വരയും ഉണ്ട്.
റേഷന്‍ വ്യാപാരികളുടെ മാസവേതനത്തിലും വര്‍ധനവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 45 ക്വിന്റലിനു മുകളില്‍ വില്‍പന നടത്തുന്ന വ്യാപാരിക്ക് 18,000 രൂപയും 45 ക്വിന്റലിനു മുകളിലുള്ള ഓരോ ക്വിന്റലിനും 180 രൂപ നിരക്കില്‍ അധിക കമ്മീഷനും ലഭിക്കും. 45 ക്വിന്റല്‍ വരെ വില്‍പന നടത്തുന്ന കടകള്‍ക്ക് 8,500 രൂപയും വില്‍ക്കുന്ന ഓരോ ക്വിന്റലിനും 220 രൂപ നിരക്കില്‍ അധിക കമ്മീഷനും ലഭിക്കും. അതേസമയം 70 ശതമാനത്തിലധികം വില്‍പന നടത്തണമെന്നും അല്ലെങ്കില്‍ സഹായമായി കിട്ടുന്ന തുകയില്‍ 20 മുതല്‍ 40 ശതമാനം വരെ കുറവുണ്ടാവുമെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss