|    Jun 29 Thu, 2017 2:42 pm
FLASH NEWS

റേഷനരിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ക്രൂരത കാട്ടുന്നു: കെ സുരേന്ദ്രന്‍

Published : 29th November 2016 | Posted By: SMR

കണ്ണൂര്‍: എഫ്‌സിഐ ഗോഡൗണുകളില്‍ അരി കെട്ടിക്കിടക്കുമ്പോള്‍ ജനങ്ങള്‍ക്ക് റേഷന്‍ നല്‍കാതെ പിണറായി സര്‍ക്കാര്‍ ക്രൂരമായ സമീപനമാണ് അനുവര്‍ത്തിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. എഫ്‌സിഐ തൊഴിലാളികളുടെ മേല്‍ കുറ്റം ചാര്‍ത്തി ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരാനാണ് അധികൃതരുടെ ശ്രമം. ഗോഡൗണുകളില്‍ ചുമട്ടു തൊഴിലാളികള്‍ ലോഡെടുക്കാന്‍ വിസമ്മതിക്കുന്നതാണ് അരി വിതരണം തടസ്സപ്പെടാന്‍ കാരണമെന്ന പ്രചാരണം തെറ്റാണ്. ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം നേരത്തേ ഉണ്ടായിരുന്ന രീതിയില്‍നിന്നു മാറി എഫ്‌സിഐയില്‍നിന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ നേരിട്ട് അരിയെടുത്ത് മൊത്തവ്യാപാരികള്‍ക്ക് നല്‍കുന്ന രീതിയാണ് ആശയക്കുഴപ്പങ്ങള്‍ക്കു വഴിവച്ചത്. നേരത്തേ മൊത്തവ്യാപാരികള്‍ എഫ്‌സിഐയില്‍നിന്നു നേരിട്ടെടുക്കുമ്പോള്‍ ചുമട്ടുതൊഴിലാളികള്‍ക്ക് നല്‍കാറുണ്ടായിരുന്ന അട്ടിപൈസ സപ്ലൈ ഓഫിസര്‍ നേരിട്ടെടുക്കുന്ന സമ്പ്രദായം വന്നതോടെ ഇല്ലാതായി. ഇക്കാര്യത്തില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്തുവന്നെങ്കിലും  ചര്‍ച്ചയെ തുടര്‍ന്ന് അട്ടിപൈസ ഒഴിവാക്കാന്‍ അവര്‍ സമ്മതിക്കുകയും ചെയ്തു. എഫ്‌സിഐക്കകത്തെ മിനി ഗോഡൗണില്‍നിന്ന് അരി നീക്കുന്നതു സംബന്ധിച്ചാണ് പിന്നീട് തര്‍ക്കമുണ്ടായത്. ഇതു പരിഹരിക്കുകയുണ്ടായില്ല. കഴിഞ്ഞ രണ്ടു മാസമായി ആര്‍ക്കും റേഷനരി ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക