|    Jan 24 Tue, 2017 2:55 pm
FLASH NEWS

റേഡിയോ ജോക്കികളുടെ കാലം

Published : 14th February 2016 | Posted By: swapna en

സരിത മാഹിന്‍
ഒരു കാലമുണ്ടായിരുന്നു. ആകാശവാണിയുടെ പ്രഭാതപ്രക്ഷേപണത്തോടെ ഒരു വീടുണര്‍ന്നിരുന്ന കാലം. പരിപാടിയുടെ സമയക്രമമനുസരിച്ച് വീട്ടുപണികള്‍ ക്രമീകരിച്ചിരുന്ന വീട്ടമ്മമാരുടെയും പ്രഭാതകര്‍മങ്ങള്‍ നിശ്ചയിച്ചിരുന്ന പിതാക്കന്‍മാരുടെയും മക്കളുടെയും സുവര്‍ണകാലം. ഇന്ന് ആ സുന്ദരകാലത്തിന്റെ ഗൃഹാതുരസ്മരണയില്‍ നാം വീണ്ടും ഒരു റേഡിയോദിനം കൂടി ആഘോഷിക്കുകയാണ്. ഒപ്പം ഇന്ന് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന സ്വകാര്യ എഫ്എം ചാനലുകള്‍ എങ്ങനെയാണ് കേരളത്തിലെ ശ്രോതാക്കളുടെ മനം കവര്‍ന്നത്?
സര്‍ക്കാര്‍ അധീനതയിലുള്ള ആകാശവാണി എന്ന ഓള്‍ ഇന്ത്യ റേഡിയോയിലൂടെയാണ് പരമ്പരാഗതമായി കഥകളും കവിതകളും സിനിമാഗാനങ്ങളും നാടകവും ചലച്ചിത്ര ശബ്ദരേഖയും ചിത്രീകരണങ്ങളും വാര്‍ത്തയുമെല്ലാം നാം കേട്ടിരുന്നത്. അതില്‍ തന്നെ വിവിധ്ഭാരതിയാണ് കേരളത്തിലെ ശ്രോതാക്കള്‍ക്ക് ഹിന്ദി പാട്ടുകള്‍ സുപരിചിതമാക്കിയത്. സൈഗാളിനെയും തലത്തിനെയും റഫിയെയും കിഷോറിനെയും മന്നാഡെയെയും ലതാജിയെയുമൊക്കെ ഹൃദയത്തിലേക്കാവാഹിക്കാന്‍ കേരളക്കരയെ പ്രാപ്തരാക്കിയത് വിവിധ്ഭാരതിയാണ്.
ടെലിവിഷന്‍ ചാനലായ ദൂരദര്‍ശന്‍ വന്നതോടെ റേഡിയോയുടെ പകിട്ട് മങ്ങിത്തുടങ്ങി. എന്നാല്‍, സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ കൂണുപോലെ മുളച്ചുവന്നതോടെ ആകാശവാണിയുടെ പരിപാടി കേള്‍ക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒരു മുറിയുടെ സ്വകാര്യതയിലിരുന്നു സൈഗാളിനെ ആസ്വദിച്ചിരുന്നതുപോലെ ആകാശവാണി പരിപാടികള്‍ ആസ്വദിച്ചിരുന്നവര്‍ പൊടുന്നനെ ഒരു ഡിസ്‌കൊതെക്കയിലെത്തിയതുപോലെയായി.
എന്നാല്‍, ചടുലമായ സംസാരവും തട്ടുപൊളിപ്പന്‍ ഗാനങ്ങളുമായി സ്വകാര്യ എഫ്എം ചാനലുകളും ടെലിവിഷന്‍ ചാനലുകളും കേരളത്തിലെ ശ്രോതാക്കളെ കീഴ്‌പ്പെടുത്തിയെന്നു പറയാം. എങ്കിലും വിവിധ്ഭാരതി കേള്‍ക്കുന്നവര്‍ ഇന്നും വിരളമല്ല. എന്തായിരിക്കും വിവിധ്ഭാരതിയെ ഇത്രയും പ്രിയപ്പെട്ടതാക്കുന്നത്? കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍, ഗായകര്‍, ഗാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവഗാഹം തന്നെയാണ് പ്രധാനം. പിന്നെ അക്ഷരസ്ഫുടത, മോഡുലേഷന്‍, ഡിക്ഷന്‍, സര്‍വപ്രധാനമായ ശബ്ദസൗകുമാര്യം എന്നിവയും വിവിധ്ഭാരതിയെ പ്രിയപ്പെട്ടതാക്കുന്നു. അമീന്‍ സയാനിയുടെ ബിനാകാ ഗീത് മാല ആസ്വദിച്ചവര്‍ക്കറിയാം പോയകാലത്തിന്റെ സംഗീതസൗന്ദര്യം. റേഡിയോ സിലോണിനോടൊപ്പം പിടിച്ചുനില്‍ക്കാനായ ഓള്‍ ഇന്ത്യ റേഡിയോ 1957ല്‍ ആരംഭിച്ച വിവിധ്ഭാരതി ഇന്നും വൈവിധ്യങ്ങള്‍ കൊണ്ടും ഗൃഹാതുരതകൊണ്ടും ശ്രോതാവിന്റെ മനസ്സു നിറയ്ക്കുന്നു.

എന്തുകൊണ്ടാണ്
ഇത്രവേഗത്തില്‍ സംഭാഷണം?
‘സ്വകാര്യ എഫ്എമ്മുകള്‍ വന്നതോടെ സാംസ്‌കാരികമായ ഒരു മാറ്റമുണ്ടായി. സ്വകാര്യ എഫ്എമ്മുകള്‍ക്ക് എയര്‍ടൈം എന്നാല്‍, വേഗം എന്നാണര്‍ഥം. കേള്‍വിക്കാരും വേഗതയിഷ്ടപ്പെടുന്നവരായി മാറി. എന്തും എത്രയുംവേഗം വേണം എന്ന നമ്മുടെ മനോഭാവമാണ് ഒരുപക്ഷേ, നമ്മുടെ വീടുകളിലെ റേഡിയോയില്‍ പാരമ്പര്യ റേഡിയോ ചാനലിനേക്കാള്‍ സ്വകാര്യ എഫ്എം ചാനലുകള്‍ക്ക് ട്യൂണ്‍ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ആരുടെയും ദുഃഖം നിറഞ്ഞ കഥകള്‍ കേള്‍ക്കാന്‍ തല്‍ക്കാലം താല്‍പര്യമില്ലെന്ന അവസ്ഥ. വല്ലപ്പോഴും വണ്ടിയില്‍ പോവുമ്പോള്‍ എഫ്എം വയ്ക്കുന്നതു തന്നെ പാട്ടുകേള്‍ക്കാനാണ്. ആ സമയം പാട്ടുതന്നെ കേള്‍ക്കണം. അല്ലാതെ ആര്‍ജെ (റേഡിയോ ജോക്കി) വായില്‍ തോന്നിയതു പറയുന്നത് കേള്‍ക്കാന്‍ ട്രാഫിക് ജാമില്‍പ്പെട്ടു കിടക്കുന്ന ഒരു ശ്രോതാവിന് താല്‍പര്യമുണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് പറയാനുള്ളത് എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് അവിടെ അടുത്ത പാട്ട് നല്‍കും’- റെഡ് എഫ്എമ്മില്‍ ജോക്കിയായിരുന്ന ലക്ഷ്മി പറയുന്നു. ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണ്. ഒരു സെക്കന്‍ഡില്‍ പറയാനുള്ളത് പറയണം. ബാക്കി 30 സെക്കന്‍ഡും പരസ്യമായിരിക്കും പോവുക. അതാണ് സ്ഥാപനത്തിന്റെ വരുമാനം. അതുകൊണ്ടാണ് ഇത്രയും വേഗത്തില്‍ സ്വകാര്യ എഫ്എമ്മുകളില്‍ ആര്‍ജെകള്‍ സംസാരിക്കുന്നതെന്നാണ് ലക്ഷ്മിയുടെ ഭാഷ്യം.

റേഡിയോഭാഷ മാറുന്നു
വേഗം കൂടുംതോറുമുള്ള വെല്ലുവിളികള്‍ കടുത്തതാണ്. മിക്ക പ്രോഗ്രാമുകളും മുന്‍കൂട്ടി റിക്കാഡ് ചെയ്ത് സ്‌പോട്ട് എഡിറ്റ് ചെയ്യുന്നതായിരിക്കും. എങ്കിലും ഉപയോഗിക്കുന്ന ഭാഷയുടെ കാര്യത്തില്‍ ആകാശവാണിയുടേതുപോലെ കാര്‍ക്കശ്യം കുറവായിരിക്കും. സ്വകാര്യ എഫ്എമ്മുകളുടെ വരവോടെയാണ് റേഡിയോഭാഷ കുറച്ചുകൂടി ജനകീയമായതെന്നു പറയാം.
തൃശൂരിലെ ജോസേട്ടന്റെ ‘ഒരുജാതി ന്യൂസ്’ എന്ന പ്രോഗ്രാം കേട്ടു നോക്കൂ. തനി തൃശൂര്‍ ചുവയോടെ ഒരാള്‍ അന്നത്തെ പ്രധാനവാര്‍ത്തകള്‍ പറയുന്നു. ഒപ്പം അയാളുടെ കമന്റും. സ്വകാര്യ എഫ്എമ്മുകളില്‍ വാര്‍ത്താവായനയില്ലെങ്കിലും അന്നത്തെ പ്രധാനവാര്‍ത്തകള്‍  ഹാസ്യത്തിന്റെ മേമ്പൊടിയോടെ               ജോസേട്ടന്‍ പറഞ്ഞുപോവുന്നു.         വെള്ളരിക്കാപ്പട്ടണത്തിലെ ബിഗ്            ബിയും മുരുകനും പറയാതെ പറയുന്നതും വാര്‍ത്തകള്‍ തന്നെ. ഇവിടെ ഹാസ്യം മാത്രമല്ല, ഓരോ പ്രദേശത്തുകാര്‍ക്കും തങ്ങളുടെ അതേ ഭാഷ സംസാരിക്കുന്ന, തങ്ങളുടെ അതേപോലെ ചിന്തിക്കുന്ന, പറയുന്ന ആര്‍ജെകളോട് താദാത്മ്യം പ്രാപിക്കാനാവുന്നു. ഇവിടെ അവതാരകനും ശ്രോതാവും ഒരേതലത്തില്‍ ആശയവിനിമയം ചെയ്യുന്നു എന്നതു          തന്നെയാണ് പ്രത്യേകത. ഒരു നാടിന്റെ തനതായ നാട്ടുഭാഷയാണ് സ്വകാര്യ          എഫ്എം സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നത്. സ്വകാര്യ എഫ്എം ചാനലുകളുടെ ഭാഷ കൂടുതല്‍ ചെറുപ്പമാണ്. നാട്ടിലെ യുവാക്കളുപയോഗിക്കുന്ന വാക്കുകളും പദങ്ങളുമുപയോഗിച്ചാണ് ശ്രോതാക്കളെ കൈയിലെടുക്കുന്നത്. അങ്ങനെയാണ് ഈ എഫ്എം സ്റ്റേഷനുകള്‍ പ്രിയപ്പെട്ടതാവുന്നത്. ഒരു സുഹൃത്ത് പറഞ്ഞത് ഇപ്പോള്‍ ഓര്‍മ വരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ എഫ്എം റേഡിയോയിലെ ജോക്കിയെ തിരഞ്ഞെടുക്കുന്നതാണ് അവസരം. അതിനു നിയോഗിക്കപ്പെട്ട കമ്പനിയുടെ പ്രതിനിധി         കോഴിക്കോട്ടെ പാളയത്തെ പച്ചക്കറി മാര്‍ക്കറ്റിലെത്തും. അവിടെ ഏറ്റവും നന്നായി വിലപേശുകയും വിളിച്ചുപറയുകയും ചെയ്യുന്നയാള്‍ക്ക് തന്റെ കാര്‍ഡ് നല്‍കിയിട്ട് താല്‍പര്യമുണ്ടെങ്കില്‍ ഓഫിസിലെത്താന്‍ പറയും. വളരെ ചടുലമായി സംസാരിക്കാന്‍ യോഗ്യനായ ആള്‍ അയാ    ളാണെന്നാണ് കമ്പനിയുടെ ഭാഷ്യം.           നാടിനെയും നാട്ടുകാരെയും അറിയുന്ന            വന്‍ എന്ന അധികയോഗ്യതയുമായി.
കാണാമറയത്തെ ഒരാള്‍
കാണാമറയത്തിരുന്നു ഒരാള്‍ നമ്മോട് സംസാരിക്കുന്നു. ആ ശബ്ദം നമ്മളിലുണ്ടാക്കുന്ന ആനന്ദം അനിര്‍വചനീയമാണ്. ചില ശബ്ദങ്ങള്‍ ഹൃദയത്തെ പിടിച്ചുണര്‍ത്തും. ഒരു റേഡിയോ ജോക്കി ചെയ്യുന്നതും അതാണ്. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ തക്ക മാസ്മരികശക്തിയുണ്ടാവും ഒരു ബ്രോഡ്കാസ്റ്ററുടെ ശബ്ദത്തില്‍. ശബ്ദത്തിനനുസരിച്ച് ഓരോ ശ്രോതാവും തങ്ങളുടെ മനസ്സില്‍ അവതാരകരുടെ രൂപം വരച്ചുചേര്‍ത്തിട്ടുണ്ടാവും. പിന്നീട് അവതാരകരെ നേരിട്ട് കാണേണ്ടിവരുമ്പോള്‍ ഒരുപക്ഷേ അവരെ അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കാന്‍ ശ്രോതാവിനു കഴിയാറില്ല. അത്തരം അനുഭവങ്ങള്‍ പല റേഡിയോ അവതാരകര്‍ക്കും ഉണ്ടായിട്ടുണ്ട്. അവതാരകന്‍ ഒരിക്കലും മുന്നിലേക്കു  വരുന്നില്ല. ഈ അനോയിമിറ്റിയാണ്             റേഡിയോയുടെ പ്രത്യേകത.
മോണിങ് ബാന്‍ഡ്, ഈവനിങ് ബാന്‍ഡ് എന്നിവയാണ് റേഡിയോയുടെ പ്രക്ഷേപണ സമയങ്ങള്‍. ഈ രണ്ടു സമയവും പ്രൈം ടൈമാണ്. അതായത്, ശ്രോതാക്കള്‍ ഏറ്റവും കൂടുതലുള്ള സമയം. മോണിങ് ബാന്‍ഡ് രാവിലെ ഓഫിസിലേക്ക് പോവുന്നവരെയും ഈവനിങ് ബാന്‍ഡ് ഓഫിസ് വിട്ടുവരുന്നവരെയും ലക്ഷ്യമിടുന്നു. അതുപോലെയായിരിക്കും അവതരണവും. യാത്രക്കാര്‍ക്കു വേണ്ട മുന്നറിയിപ്പുകള്‍ നല്‍കുക, ഗതാഗതക്കുരുക്കുകളും നിയന്ത്രണവുമുണ്ടെങ്കില്‍ അവയെക്കുറിച്ച് അറിയിപ്പുകള്‍ നല്‍കുക തുടങ്ങിയ കാര്യമാണ് പങ്കുവയ്ക്കുന്നത്.

വീട്ടമ്മമാരുടെ സമയം
ഉച്ചയ്ക്കുള്ള സമയം വീട്ടമ്മമാരുടേതാണ്. പാചകം, ഹൗസ്‌കീപ്പിങ്, പാരന്റിങ് തുടങ്ങിയ വിഷയങ്ങളായിരിക്കും പ്രധാനമായും പങ്കുവയ്ക്കാനുള്ളത്. ഈ സമയമെല്ലാം അവതാരകരുടെ ശബ്ദമോഡുലേഷന്‍ സാധാരണരീതിയിലായിരിക്കും. എന്നാല്‍, രാത്രി 10മണി കഴിയുന്നതോടെ പ്രിയപ്പെട്ടൊരാള്‍ നമ്മുടെ കാതുകളില്‍ പ്രിയപ്പെട്ടതെന്തോ മന്ത്രിക്കുന്നതുപോലെയാണ് അവതരണം. ശബ്ദം താഴ്ത്തി, സ്വനതന്ത്രികളെ കൃത്യമായി നിയന്ത്രിച്ച്, പ്രണയത്തിന്റെ മോമ്പൊടി ചാലിച്ച് പറയുമ്പോള്‍ അത് നമ്മോടു മാത്രമായി പറയുന്നതുപോലെയൊരു ശ്രവ്യാനുഭൂതിയാണ് ശ്രോതാവിനു നല്‍കുന്നത്. അവതാരകരോട് പ്രണയം തോന്നിയില്ലെങ്കിലാണ് അദ്ഭുതപ്പെടേണ്ടത്. ലേറ്റ് നൈറ്റ് പ്രോഗ്രാം ചെയ്തിരുന്ന അവതാരകനോട് പ്രണയം തോന്നി വിവാഹം കഴിച്ച സംഭവവും കോഴിക്കോട്ട് ഉണ്ടായിട്ടുണ്ട്.

അതിഭാവുകത്വമാണ് റേഡിയോയുടെ മറ്റൊരു പ്രത്യേകത. ബാലേട്ടനും ആശചേച്ചിയും ശ്രോതാക്കള്‍ക്ക് മറക്കാന്‍ പറ്റാത്ത അവതാരകരാണ്. പാട്ടുപാടിയും ഫിലോസഫി പറഞ്ഞ് പരസ്പരം കളിയാക്കിയും വീട്ടുവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും ബാലേട്ടനും ആശചേച്ചിയും വീട്ടിലെ അംഗങ്ങളാവുന്നു. ആദ്യമായി ആ പരിപാടി കേള്‍ക്കുമ്പോള്‍ വളരെ അരോചകമായി തോന്നുമെങ്കിലും ഒന്നു രണ്ടു തവണ കേട്ടാല്‍ ആരും വീണുപോവുന്ന അവതരണശൈലിയാണ് ഇവരുടേത്. കേരളത്തിനു പുറത്തുള്ളവര്‍ പോലും തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍, ജോലി കിട്ടിയത്, വിവാഹം കഴിച്ചത്, പ്രിയപ്പെട്ടവരുടെ വിയോഗം തുടങ്ങി നിരവധി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. തങ്ങളുടെ വീട്ടിലുണ്ടായ കാര്യങ്ങള്‍ പറയുന്നതുപോലെ പറയുമ്പോള്‍ ശ്രോതാവിനത് ആശ്വാസവും ആനന്ദവുമാണ്.
ഗതകാല റേഡിയോ കാലത്തില്‍ നിന്നും ഭാഷയിലും അവതരണത്തിലും ഇന്നത്തെ റേഡിയോ ഒരുപാട് മുന്നോട്ടു വന്നിട്ടുണ്ട്. മാറ്റൊലി, അലകള്‍ പോലുള്ള കമ്മ്യൂണിറ്റി റേഡിയോകള്‍ സാമൂഹിക പരിവര്‍ത്തനത്തില്‍ ഭാഗഭാക്കാവുന്നു. 2007ല്‍ പ്രക്ഷേപണം ആരംഭിച്ച റേഡിയോ മാംഗോ എന്ന ആദ്യത്തെ സ്വകാര്യ എഫ്എം ചാനല്‍ മുതല്‍ പിന്നീട് ആരംഭിച്ച ആറോളം സ്വകാര്യ എഫ്എം റേഡിയോ ചാനലുകള്‍ കേരളത്തില്‍ കേള്‍വിയുടെ വിപ്ലവം സൃഷ്ടിക്കുകയാണ്.  ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 208 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക